Thursday, December 25, 2008

ഇടനാഴികൾ.....

വാചലനായിരുന്നു അഛൻ,എന്നത്തെയും പോലെ...യാത്രയിലുടനീളം..ആശുപത്രിയിലേക്കണെന്നോ ചുമ ഉണ്ടെന്നോ ഓർക്കാതെ ചെയ്തതും ഇനി ബാക്കിയുള്ളതുമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു

വലിയ കെട്ടിട സമുച്ചയമായിരുന്നു അതു..രോഗം കണ്ടുപിടിക്കാൻ നൂറു നൂറു വിഭാഗങ്ങൾ..വലിയ സംവിധാനങ്ങൾ.. ഉള്ളിൽ കയറിയപ്പോൾ ആ കെട്ടിടം മുഴുവനും ഇടനാഴികളുടെ ഒരു സമുച്ചയമാണെന്നു തോന്നിപ്പിചു.. അതിലൊന്നിൽ സി.ടി.സ്കാനിംഗ്‌ അടയാളപ്പെടുത്തിയ ഡോറിന്റെ മുൻപിലെ അനന്തമായ കാത്തിരിപ്പ്‌ അഛനെ തളർത്തിക്കൊണ്ടിരുന്ന്നു.. കയ്യിലേക്കു മുഖം താഴ്ത്തി ഒരു കൊച്ചുകുഞ്ഞിനെ പോലെ അഛനിരുന്നു...ചേട്ടൻ ബില്ലുകളടക്കാനും അപ്പോയ്‌മന്റ്‌ എടുക്കനുമുള്ള തിരക്കിലായി..മുഖത്തു ഇടക്കുവരുന്ന പേടി ഒളിപ്പിച്ചു കൊണ്ട്‌.. ഞാൻ എന്തെക്കൊയോ അഛനോട്‌ പറഞ്ഞുകൊണ്ടിരുന്നു

രോഗികളുടെ തിരക്കിനിടയിലും ആ ഇടനാഴികളിൽ മൂകത കനം വെച്ചു നിന്നിരുന്നു.. ഒരറ്റത്ത്‌ മരണത്തിന്റെ സ്വാതന്ത്ര്യവും മറ്റേ അറ്റത്തു ജീവിത്തിന്റെ കെട്ടുപാടുകളുമായി
രണ്ടു ദിവസത്തിനകം റിപ്പൊർട്ട്‌ കിട്ടുമെന്ന ഉറപ്പും അടുത്ത അപ്പൊയ്‌മന്റുമായി ഞങ്ങൾ ഇറങ്ങി..വിശന്നു തളർന്ന അഛൻ കാന്റീനിലെ കഞ്ഞി ആസ്വദിച്ചു കഴിച്ചു..ചേട്ടൻ ഓഫീസിലേക്കുള്ള ഓട്ടത്തിലായി..കുറച്ചു നാളായി ഓടിക്കൊണ്ടിരിക്കുകയാണു..പുറത്ത്‌ ജോലിയുള്ള ഞങ്ങൾക്കു വേണ്ടിക്കൂടിയും..പരിഭവമില്ലാതെ... രണ്ടു നാൾ കഴിഞ്ഞ്‌ കിട്ടിയ ഫോൺ കോളിന്റെ അറ്റത്ത്‌ ചേട്ടന്റെ കരച്ചിലായിരുന്നു..ഓങ്കോളജി ഡിപ്പർട്ട്‌മന്റിലേക്ക്‌ റഫർ ചെയ്ത അഛന്റെ അടുത്ത്‌ ഒറ്റക്കായതിന്റെ സങ്കടം... ഒന്ന് തോൾ ചേർക്കാൻ പറ്റാതെ ഒരുപാടു ദൂരത്ത്‌ ഞാനും...

അതെ സംശയം ശരിയായിരുന്നു..അവൻ അപ്പോഴെക്കും പിടിമുറുക്കിയിരുന്നു.. ശ്വാസകോശം കാർന്നുകൊണ്ടു ചുമച്ചു തുപ്പുന്നതെല്ലം ചുവപ്പിച്ചു കൊണ്ട്‌...

കർമ്മം കൊണ്ട്‌ ജീവിതം നിറച്ച അഛനു ട്രീറ്റ്‌മന്റ്‌ സമയത്തെ വിശ്രമം പോലും അസഹനീയമായിരുന്നു.. അഛന്റെ ആഗ്രഹം പോലെ അത്‌ നീണ്ടില്ല..മൂന്നു മാസത്തിനകം നാലു കീമോതെറാപ്പിയുടെ ഭാരവുമേറി അഛൻ യാത്രയായി..ഇടനാഴിയുടെ സ്വതന്ത്ര്യത്തിന്റെ അറ്റത്തെക്കു..

ചിതയടങ്ങി..നൊമ്പരങ്ങൾ അടങ്ങുന്നില്ല...ഇനിയുമേറെയുണ്ട്‌ എഴുതാനാകുന്നില്ല..

Tuesday, December 23, 2008

എന്റെ ഗുരുവായൂരപ്പാ...

ഏറെകാലങ്ങൾക്കു മുൻപാണു..
വീട്ടുകാർക്കൊപ്പം ഒരു ഗുരുവായൂർ യാത്ര....
എപ്പൊളത്തെയും പോലെ ജനസമുദ്രം... തിക്കും തിരക്കും..കർശന പരിശോധനകൾ...സെക്യൂരിറ്റിയുടെ പരുഷ ഭാവങ്ങൾ...
ഒഴിവാക്കാനായി എല്ലാവരേയും പറഞ്ഞുവിട്ട്‌ ഒറ്റക്കു പുറത്തുതന്നെ നിന്നു.. വെറുതെ സമയം പൊക്കാൻ ഒന്നു കണ്ണൊടിചപ്പൊൾ പീപ്പികൾ വിൽക്കുന്ന ഒരു കട..പല തരത്തിൽ വർണ്ണത്തിൽ..ചേട്ടന്റെ മകനെ ഓർത്തു കൊണ്ടു കയറിച്ചെന്നു...മനസ്സിൽ പഴയ ഉത്സവക്കാലം...അഛന്റെ വിരൽത്തുമ്പ്‌...അന്തം വിട്ട കാഴ്ചകൾ..
ഒരു കൊച്ചു പയ്യൻ..വിൽപനക്കരൻ..നല്ല പുഞ്ജിരി...
"എന്താ സാർ, ദർശനത്തിനു പോയില്ലേ? കൂടെ വന്നവരൊക്കെ അകത്തു കടന്നല്ലോ?

ഇല്ലപ്പാ..ഈ തിരക്കിൽ അദ്ദേഹത്തെ എങ്ങനെ കാണും? എങ്ങി നെ പ്രാർത്തിക്കും?
ദാ സാർ ഈ പീപ്പി മതിയോ? അല്ലെങ്കിലും ഇടിച്ചവടേ ചെന്നാലും അവിടെ ആരുണ്ട്‌? ഈ തിരക്കും ബഹളവും തുടങ്ങിയ വഴിക്കെ പുള്ളി ഇറങ്ങിപ്പൊയില്ലേ?
പിന്നെ..ഇയാളൊടു പറഞ്ഞല്ലേ പൊയത്‌? വാചകമടിക്കാതെ പീപ്പിടെ വില പറ കുട്ടാ?..

ഇതിനു പത്തു രൂപാ...അല്ലെങ്കിലും സ്വയം ചെയ്യുന്ന കാര്യം തന്നൊടു തന്നെ പറയുന്നതെന്തിനാ സാറേ? ഒരു കാപ്പി കുടിക്കാൻ ഇറങ്ങിപ്പോന്നു..അതിനകത്തിരുന്നു ആചാരങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു കളഞ്ഞു.. പിന്നെ ഇവിടെ ആകുമ്പോൾ കളങ്കമില്ലാത്ത കുഞ്ഞുങ്ങളുടെ സന്തോഷം കാണാല്ലോ...

ഒഹൊ..നീ ആളു കൊള്ളാലൊടാ ചെറുക്കാ..ഇന്നാ രൂപാ... പിന്നെ ഇതു ദക്ഷിണ..നേരിട്ടു കണ്ട സ്തിതിക്കു ഇനി ഭണ്ടാരത്തിൽ ഇടണ്ടല്ലോ?

ഹഹ..സാറും ആളു കൊള്ളാം..പക്ഷേ എനിക്കി ഇതു വേണ്ടാ..പിന്നെ സന്തോഷത്തൊടെ ഈ കടക്കു പുറകിൽ ഒരു വൃദ്ധ ഇരിപ്പുണ്ടു..അവർക്കു കൊടുത്താൽ വേണ്ടില്ല..പട്ടിണിയാണു പാവം...എന്റെ പ്രസാദത്തിനു കാക്കാൻ വയ്യ...

ശരി മൊനെ..ഞാൻ കൊടുത്തൊളാം... അപ്പൊ ഇനി വരുമ്പൊൾ കാണാം...? മൊന്റെ പേരെന്താ?

കണ്ണൻ...പിന്നെ സാർ എന്നെ കാണാൻ ഇവിടെ വന്നിട്ടിനി കാര്യം ഇല്ല...

എന്താ താൻ കച്ചവടം നിർത്താൻ പോവാണൊ?

അല്ല സാർ..എന്നെ കാണാൻ സാർ സ്വയം ഉള്ളിലേക്കു നോക്ക്യാ മതി...

Sunday, December 21, 2008

ആ പിടികിട്ടിയ ഭീകരനെ (മനുഷ്യനെ?) എന്തു ചെയ്യണം?

അദ്ദേഹത്തെ ഇപ്പൊളേക്കും നമ്മുടെ ഭീകര വിരുധ സേന തൊലിയുരിച്ചു പരിശോധിച്ചുകാണും..എന്തായാലും കാണ്ടഹാർ ആവർത്തിക്കാതിരിക്കാനും, ലോകത്തിനു മുൻപിൽ ഇന്ത്യൻ ഫിലോസഫി വ്യക്തമാക്കനും, നമ്മൾ അദ്ദേഹത്തെ ഒരിക്കലും വധശിക്ഷ വിധിക്കരുതു..

കുറ്റക്കാരനെന്നു കണ്ടെത്തിയാൽ നിരുപാധികം വിട്ടയച്ച്‌ പാക്കിസ്താൻ അതിർത്തി കടത്തി വിടുക...ചെയ്ത ഹീനമായ ക്ര്യ്ത്യം ഓർക്കാനും, ഇനി ചെയ്യാതിരിക്കാനും ഒക്കെ ആയി ശിഷ്ടകാലം ഇരിക്കട്ടെ..പാക്കിസ്താനും അവിടത്തെ തീവ്രവാദികളും അനുവദിച്ചെങ്കിൽ....അതല്ലെങ്കിൽ അവർ കൊല്ലട്ടെ...

അപ്പോൾ ഇവിടുത്തെ കൊടികെട്ടിയ മനുഷ്യാവകാശ പ്രവർത്തകർക്കു ജോലി കുറയും..അല്ലേ

Thursday, September 11, 2008

സീതാമ്മ പറഞ്ഞ കഥ..

മുൻ കൂട്ടി പറയാതെ പെട്ടെന്നൊരു സന്ധ്യക്ക്‌ കയറിച്ചെന്നതിന്റെ പരിഭവം സീതാമ്മ ഒട്ടും മറച്ചുവച്ചില്ല.. എല്ലാ അമ്മമ്മമാരുടെയും മുഖമാണു സീതാമ്മ..മനസ്സർപ്പിച്ച ഗുരുവായൂരപ്പന്റെ പ്രസാദത്താൽ കുലീനത നിറഞ്ഞ,പ്രസാദാത്മകത നിറഞ്ഞ മുഖം..

അകാലത്തിൽ വിടപറഞ്ഞ ഭർത്താവിന്റെ ഓർമകളും,ഇടക്കു പിണങ്ങിയെങ്കിലും തിരിച്ചു വന്ന മകന്റെ ആകസ്മിക മരണത്തിന്റെ നീറ്റലുമായി സ്വയം വരിച്ച ഒറ്റപ്പെടലിന്റെ ഇടനാഴിയിൽ അവർ ഒറ്റത്തിരിനാളം പോലെ...

മഴ വാശിയൊടെ പെയ്തു നനച്ചും കുഴച്ചും കിടന്ന മണ്ണിലൂടെ ഒരു കുട്ടിക്കാലം തിരിച്ചുപിടിച്ച ആവേശത്തോടെ ഞാനും എന്റെ ഭാര്യയും നടന്നാ വീട്ടിൽ കയറി.. തടി കൊണ്ടു നിർമിച്ച പഴയ അറയൊക്കെയുള്ള ഒരു കുഞ്ഞു വീടിന്റെ കൊലായിൽ മഴ കണ്ടും ഓർമകളിൽ നനഞ്ഞും ഞാനിരുന്നു...

നാമം ചൊല്ലിക്കൊണ്ടു ഒരു പഴയ കാലത്തിന്റെ ഓർമകളെ പേറിക്കൊണ്ടും എന്റെ അടുത്തിരുന്ന സീതാമ്മയുടെ മണം പഴയ കാലത്തു അലക്കിത്തേച്ച തുണികൾ ഇട്ടുവച്ചിരുന്ന തടിപ്പെട്ടി തുറക്കുംബൊലെ..

പണ്ടുകാലത്തു ഓണക്കലത്ത്‌ വേട്ടുവന്മാർക്കും നായ്ക്കന്മാർക്കും ഒരു പാടു വിളംബി ഒടുവിൽ തനിക്കു കഴിക്കാൻ ബാക്കി വന്ന കഞ്ഞി അപ്പോൾ ഭക്ഷണം ചോദിച്ചു വന്ന ഒരു അപരിചിതനു സന്തോഷപൂർവം കൊടുത്തതും പിന്നീടൊരിക്കൽ ആരെയോ കാണാനായി യാത്ര (കാൽനടയായിട്ടു) പുരപ്പെട്ട തനിക്കു വിശന്നപ്പോൾ അറ്റുത്തുള്ള ഒരു തിരുമേനി ഇല്ലത്തെക്കു വിളിച്ചതും ഒക്കെ വിസ്തരിച്ചു പറഞ്ഞു സീതാമ്മ.ആദ്യമായി താൻ കപ്പയും മുളകും കൂട്ടിയതും ഒക്കെ അതിലുണ്ടായിരുന്നു..വിശക്കുന്നവനു കൊടുത്താൽ നമുക്കു വിശക്കുമ്പോൾ വിളിച്ചു ഈശ്വരൻ തരും എന്ന വിശ്വാസം കൂടി സീതാമ്മ ഞങ്ങൾക്കു തന്നു....

കുട്ടിക്കാലത്തു തന്റെ "പഴുത്ത"കയ്തണ്ട പിടിച്ചല്ലാതെ ഉറങ്ങാത്ത കൊച്ചുമകൻ വളർന്നപ്പൊൾ പാടെ അകന്നു പോയതിന്റെ വേദനയും മഴയായ്‌ പെയ്തു..

ഒരു മഹാനഗരത്തിന്റെ ഓർമാവശിഷ്ടങ്ങൾ തൂത്തുകളഞ്ഞും, മഴപെയ്ത മദിപ്പിക്കുന്ന ഗന്ധം ഉള്ളിലേക്കാവാഹിച്ചും ഞങ്ഗൾ ഇരുന്നു.. പറയാതെ വന്നെങ്കിലും കുറെ പഴയ കാര്യങ്ങൾ പറഞ്ഞു സീതാമ്മ ഞങ്ങളെ സൽക്കരിച്ചു...

മറഞ്ഞു പോകുന്ന ഇത്തരം കഥകൾ ഓരോ നാടിന്റെയും കൂടി ചരിത്രവും പുണ്യവുമാണു.. അതിൽ ലയിച്ചു മിന്നാമിനുങ്ങിനെ വളരെ കാലത്തിനു ശേഷത്തിനു കാണുന്ന സന്തോഷത്തിലും ഇരുട്ടു തളം കെട്ടിയ പറമ്പും നോക്കിക്കൊണ്ടു ഞങ്ങൾ സ്വയം നഷ്ടപ്പെട്ടവരായി....

ഒടുവിൽ കൊച്ചുമകളേയും മകനേയും ഒരു ആശ്ഷേളത്തിന്റെ ഊർജവും സ്നേഹവും തന്ന് അവർ വീണ്ടും ഒറ്റപ്പെടലിന്റെ തീരങ്ങളിലേക്കു....

പതിയെ ഒരു ഓണക്കാലം കൂടി അങ്ങനെ അരിച്ചരിച്ചു കടന്നു പോകുന്നു...

Friday, August 29, 2008

ആരാണു വർഗീയവാദികൾ? എന്താണു ഒറീസ്സയിൽ നടക്കുന്നതു?

ഒരു പ്രത്ത്യേക വർഗം മതി അല്ലെങ്കിൽ ഒരേ ഒരു അത്താണി മാത്രമേ ഉള്ളൂ എന്നു പറയുന്നതല്ലേ വർഗീയത?

അങ്ങനെയെങ്കിൽ വിദ്യാഭ്യാസം,ചികിത്സ എന്ന പേരിൽ വിഷമതകൾ അനുഭവിക്കുന്ന ആദിവാസികളെ മതം മാറ്റിയും വലിയ തുകകൾ ഗ്രാന്റ്‌ പറ്റി സുഖ ജീവിതം നയിക്കുന്ന ഒരു പറ്റം തമ്പുരാക്കന്മാരെ എന്താണു വിളിക്കെണ്ടതു?

എത്രയോ പഴയ ഒരു സംസ്കാരം പിൻ തുടരുന്ന ഒരു വലിയ സമൂഹത്തിന്റെ തനിമ തകർത്തുകൊണ്ടാണു പണം നൽകി ഇതു നടപ്പാക്കി വരുന്നതു..

മറ്റു മതങ്ങളെ സഹിഷ്ണുതാപൂർവ്വം നോക്കിക്കണുന്ന ഒരു വലിയ വിഭാഗത്തിനെ വല്ലാതെ നിരാശപ്പെടുത്തി എത്ര കാലം മുന്നോട്ടു പോകാൻ കഴിയും?

ഈയടുത്ത്‌ അംഗ സംഖ്യ വർദ്ധിപ്പിക്കാനുള്ള ആഹ്വാനം നടത്തിയ ഒരു ബിഷപ്പ്‌ കൊടികെട്ടിയ വർഗീയ വാദികളെ പോലും നാണിപ്പിച്ചു കളഞ്ഞു..കഷ്ടം...

ഒരു പക്ഷെ ഇന്നും ഗവൺമന്റ്‌ അംഗീകാരത്തൊടെ തുടരുന്ന ജാതിവ്യവസ്ത ആരെയാണു സഹായിക്കുന്നതു? പരിവർത്തിത വിഭാഗങ്ങൾക്കും സംവരണം വേണമെന്ന വാദം സൂചിപ്പിക്കുന്നതു എന്താണു?

വോട്ടു ബാങ്ക്‌ രാഷ്ട്രിയം കളിക്കുന്ന എല്ലാ ഗ്രൂപ്പുകളും അലോസരപ്പെടുത്തുന്ന ഇത്തരം ചോദ്യങ്ങളെ അവഗണിച്ചേക്കും...പകേഷെ എത്ര കാലം?

ഹജ്ജിനു പോകാൻ സബ്സിഡി കൊടുക്കുന്ന ഒരേ ഒരു രാജ്യം ഇന്ത്യ മാത്രം? എന്തു മതേതരമാണു ഇതു? എല്ലാ പൗരന്മാർക്കും തുല്യ നീതി??

ഞാൻ ഒരിക്കലും ഒരു മത വിശ്വാസിയല്ല! കാരണം എല്ലാ മതങ്ങളും ദൈവത്തിന്റെ പേരിൽ സംഖടിത ബിസിനസ്സു നടത്തുന്ന സംഖങ്ങളായി അധപതിച്ചിരിക്കുന്നു ഇപ്പോൾ...

മാറ്റത്തിന്റെ കാറ്റു വീശേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സുഹ്രുത്തുക്കളേ...

Monday, August 25, 2008

ഹൃദയത്തോടു ചേർത്തു വച്ച രണ്ടനുഭവങ്ങൾ...ടി.ഏൻ.കൃഷ്ണനും വിൽ സ്മിത്തും...

കഴിഞ്ഞ ആഴ്ച ഞാൻ വ്യത്യസ്തമായ ആഹ്ലാദകരമായ രണ്ടു അനുഭവങ്ങളിലൂടെ കടന്നു പോയി...

ടി.എൻ.കൃഷ്ണൻ എന്ന പ്രതിഭയുടെ വയലിൻ ആണു ഒന്നാമത്തെ...ഒരു കൗതുകത്തിനു പലപ്പൊഴും ക്ലാസ്സിക്കൽ മ്യൂസിക്‌ കേട്ടിട്ടുന്റെന്നല്ലാതെ അതിന്റെ രാഗ വിസ്താരങ്ങളെ കുറിച്ചൊന്നും ഒരു അറിവുമില്ലാത്ത ഒരാൾ ആണു ഞാൻ.. സാന്ദർഭികവശാൽ ഒരു മ്യുസിക്‌ ഷോപ്പിൽ കയറിയപ്പോൾ മേൽപ്പറഞ്ഞ സിഡി കണ്ടു..എന്തോ ഒരു തോന്നലിൽ അതു വാങ്ങി...

സ്വീറ്റ്‌ സ്വിംഗ്‌ എന്ന് പേരിട്ട ആ സിഡിയിൽ നാലു പെർഫോമൻസുകൾ ആണു ഉള്ളതു... എന്നെ അതു മറ്റൊരു ലോകത്തെക്കു കൊണ്ടു പോയി... പ്രത്യേകിച്ചും നഗുമോ..എന്ന കീർത്തനം വിസ്മയകരമായ അനുഭൂതി പകർന്നു തന്നു അതു..എന്റെ കൊളേജു ചങ്ങാതി ശങ്കരന്റെ (വയലിൻ വിദഗ്ദൻ) ഓർമകൾ ഉണർത്തി... കഴിഞ്ഞപ്പൊൾ ഒരു മഴ പെയ്തു തോർന്ന അനുഭവം....

അടുത്തതു ഇൻ പെർസ്യൂട്ട്‌ ഓഫ്‌ ഹാപ്പിനെസ്സ്‌ എന്ന ഹോളിവുഡ്ഡ്‌ മൂവി ആണു..വിൽ സ്മിത്തിന്റെ തീ പാറുന്ന അഭിനയം കണ്ടും അമേരിക്കൻ ജീവിതത്തിന്റെ മറ്റൊരു മുഖം കാണിച്ചു തന്നും അതെന്നെ വീണ്ടും ജീവിതത്തിന്റെ നിസ്സാരതകളേ കുറിച്ചും നിസ്സഹായതകളെ കുറിച്ചും ഓർമപ്പെടുത്തി..

വായിക്കുന്ന് എന്റെ എല്ലാ മാന്യസുഹൃത്തുകളോടും ഈ രണ്ടനുഭവങ്ങളും ഞാൻ ശുപാർശ ചെയ്യുന്നു...

Wednesday, August 20, 2008

നായിന്റെ മക്കൾ.. ഹർത്താലുകാർ

വേറെ ഒരു മാർഗവുമില്ല പ്രതിഷേധിക്കാൻ... ജനങ്ങളെ ദ്രൊഹിക്കുന്ന ബന്ദു പ്രഖ്യാപിക്കുന്ന്ന് എല്ലവരേയും ഞാൻ വിളിക്കുന്നു...

നായിന്റെ മക്കൾ...

Wednesday, August 13, 2008

ഇന്നലത്തെ മഴകൾ....

മൂന്നാലു ദിവസം തകർത്തുപെയ്ത മഴപിന്നെയും പരാതി തീരാതെ തേങ്ങിക്കൊണ്ടിരുന്നു.. ഒരു ഞായറാഴ്ചയുടെ എല്ലാ ആലസ്യത്തോടെയും ഞാൻ ബാൽകണിയുടെ വാതിൽ തള്ളിത്തുറന്നു... പെട്ടെന്നു വീശിയ ഒരു കാറ്റിൽ മഴ ഒരു തണുപ്പോടെ എന്റെ മുഖത്തേക്കു വീണു..ഒരു പിടി ഓർമകളും...

ഇടവപ്പാതി തകർത്തുപെയ്യുമ്പോൾ അമ്മുമ്മയുടെ വയറിന്റെ ചൂടിലേക്കു പതുങ്ങിയിരുന്നത്‌,മുത്തഛന്റെ കുടയുടെ തണലിൽ വെള്ളൂർ ചന്തയിലേക്കു ഗമയിൽ പോയത്‌,അവിടന്നു മേടിച്ച സ്റ്റീലിന്റെ വിസിൽ ഊതിക്കൊണ്ടു ഗമയിൽ തിരിച്ചുവന്നത്‌..

പിന്നെ ഒരു മഴയുടെ തുടക്കത്തിൽ മടിച്ചു മടിച്ചു അമ്മയുടെ കൂടെ സ്ക്കൂളിലേക്കു...എല്ലാ കൊല്ലവും വേനലവധിയുടെ ആലസ്യത്തിനു ആക്കം കൂട്ടി പാഞ്ഞു വരുന്ന മഴ....ഇടവഴിയിൽ ചാലിട്ടൊഴുകി...പല വലുപ്പത്തിൽ തടയണ കെട്ടി പിന്നെ തകർത്തുകളഞ്ഞു വെള്ളത്തിൽ തകർത്തു അടി വാങ്ങുന്നത്‌....രാത്രിയിൽ മഴയുടെ ഇരമ്പലിന്റെ അകമ്പടിയൊടെ റേഡിയോ ചലച്ചിത്ര ഗാനം കേട്ടാസ്വ്ദിക്കുന്ന സുഖം...

കുറച്ചുകൂടി കഴിഞ്ഞപ്പോൾ മഴയുടെ സുഖങ്ങൾ സെമസ്റ്റർ പരീക്ഷകൾ തട്ടിക്കൊണ്ടു പോയി... പിന്നെ പിന്നെ ജീവിതം കാൽപനികതയെ വിഴുങ്ങി.........
എല്ലാവരും...അമ്മൂമ്മയും മുത്തഛനും..ഓർമകളും..എല്ലാം ഇന്നലത്തെ മഴകളിൽ ഒഴുകി....ഇപ്പോൾ ഓഫീസിലേക്കു പോകുമ്പോൾ കാറിന്റെ ചില്ലിൽ വന്നു വീഴുന്ന മഴയെ സ്നേഹിക്കാൻ പറ്റാറില്ല.... എങ്കിലും ഓർമകൾ കൊണ്ടുവരുന്ന മഴകൾ ഇപ്പോഴും ഹ്രുദയത്തിൽ തകർത്തുപെയ്യുന്നു....

ഇന്നലത്തെ സ്നേഹമഴകൾ....

Wednesday, February 27, 2008

ബുദ്ധന്റെ അമ്മ (കവിത)

ഏറെ ഞാന്‍ കാത്തിരുന്നെന്നില്‍ നീയന്നൊരു
ജീവന്റെ സ്പന്ദനമായുണര്‍ന്നീടുവാന്

‍എന്റെ ഹൃത്തടത്തിന്റെയോരൊ മിടിപ്പിലും
നിന്റെ പരിണാമങ്ങള്‍ തുടിയുണര്‍ത്തീ..

സ്നേഹാമൃതം നിന്റെ നാവില്‍ പകരുമ്പോള്‍"അമ്മേ"..
വിളി കേട്ടു നിര്‍വൃതിയടഞ്ഞു ഞാന്‍..

കാല്‍ വളരുന്നതും കൈവളരുന്നതും
കണ്ടുമതിമറന്നന്നെന്റെയുള്‍ത്തടം

സുന്ദരഗാത്രനായ്‌ യവ്വനയുക്തനാ
യാരോമലേ നീ വളര്‍ന്നുപിന്നെ..

നിന്റെ നയ്‌ പുണ്യത്തിലെത്രയുമഭിമാന
പുളകിതയായി ഞാന്‍ നിന്നിരിപ്പൂ..

പാണിഗ്രഹണവും രാജാഭിഷേകവുമി-
ന്നലെയെന്ന പോലോര്‍മിപ്പൂ ഞാന്‍..

ഉണ്ണിക്കാലൊന്നു സമ്മാനിച്ചു നീയന്ന്പി
ന്നെയുമെന്‍ ജന്മം ധന്യമാക്കീ..

കനവുകളൊരുപാടു നെയ്തു തനയാ നിന്
‍ശോഭനമാര്‍ന്നതാം ഭാവികണ്മാന്‍..

നിനയുവതൊക്കെയും സത്യമായ്‌ മാറിയാല്
‍മനുജനോ ഭഗവാനായ്ത്തീരുകില്ലേ..

കൊട്ടാരപ്പൂമെത്ത വിട്ടകന്നു നീ
നിസ്വന്റെ ജീവിതമുള്ളു തേടീ..

കാരുണ്യമാമഴയായീ സമുദായ
വേദനയിലേക്കു നീ പെയ്തിറങ്ങീ..

ബോധത്തിനുത്തുങ്ഗ ശ്രംഗങ്ങളില്
‍പ്രയാണം നടത്തി നീയേകനായി..

ആയിരമായിരം നോവും ഹൃദയങ്ങള്
‍നീയറിഞ്ഞാശ്വാസമേകിയപ്പോള്‍..

എന്നുടെ നെഞ്ജിലെ നൊമ്പരം കാണുവാന്
‍എന്തേയൊരിക്കലുമെത്തിയില്ല!

അന്തിമശ്വാസത്തിനായിട്ടു കേണൊരാ
ജീവന്റെ രോദനം കേട്ടതില്ല..

വരളുന്ന ചുണ്ടുകള്‍ നനയുവാനൊരു തുള്ളി
തീര്‍ഥമതേകുവാന്‍ വന്നതില്ല..

അവതാര പുരുഷരെ സ്വന്തമാക്കീടുവാന്
‍അവകാശമീലോക കുത്തകയോ...

അറിയില്ല കാലമാം വികൃതിതന്‍ കയ്യിലെ
വിലയില്ലാ പാവകള്‍ നമ്മളെയെല്ലാം...

എങ്ഗിലുമോമനേ ആശ്വസിച്ചീടുവാന്
‍ഇതുമാത്രമെങ്ഗിലും പറയുക നീ...

ഉണ്ണീ നിന്‍ ഹ്രദയത്തിലൊരുമിഴിനീരിന്റെ
തുള്ളിയായെങ്ഗിലുമമ്മയുണ്ടോ....

Saturday, January 26, 2008

നിശബ്ദത-എന്റെ മാത്രം

I had a dream...
In which we became the ones who met years back

sharing crazy thoughts
Talking about silly serious things..
Thinking foolishly of changing this bloody world...
I had a dream...
We were sitting in the mid of greeting cards..
You were selecting a card for me..
When I wnet to sleep, slowly...slowly...
Deep sleep......

When I woke up neither you
nor the cards were there...

Only me and the silence remained...... big silence around me...