Wednesday, February 27, 2008

ബുദ്ധന്റെ അമ്മ (കവിത)

ഏറെ ഞാന്‍ കാത്തിരുന്നെന്നില്‍ നീയന്നൊരു
ജീവന്റെ സ്പന്ദനമായുണര്‍ന്നീടുവാന്

‍എന്റെ ഹൃത്തടത്തിന്റെയോരൊ മിടിപ്പിലും
നിന്റെ പരിണാമങ്ങള്‍ തുടിയുണര്‍ത്തീ..

സ്നേഹാമൃതം നിന്റെ നാവില്‍ പകരുമ്പോള്‍"അമ്മേ"..
വിളി കേട്ടു നിര്‍വൃതിയടഞ്ഞു ഞാന്‍..

കാല്‍ വളരുന്നതും കൈവളരുന്നതും
കണ്ടുമതിമറന്നന്നെന്റെയുള്‍ത്തടം

സുന്ദരഗാത്രനായ്‌ യവ്വനയുക്തനാ
യാരോമലേ നീ വളര്‍ന്നുപിന്നെ..

നിന്റെ നയ്‌ പുണ്യത്തിലെത്രയുമഭിമാന
പുളകിതയായി ഞാന്‍ നിന്നിരിപ്പൂ..

പാണിഗ്രഹണവും രാജാഭിഷേകവുമി-
ന്നലെയെന്ന പോലോര്‍മിപ്പൂ ഞാന്‍..

ഉണ്ണിക്കാലൊന്നു സമ്മാനിച്ചു നീയന്ന്പി
ന്നെയുമെന്‍ ജന്മം ധന്യമാക്കീ..

കനവുകളൊരുപാടു നെയ്തു തനയാ നിന്
‍ശോഭനമാര്‍ന്നതാം ഭാവികണ്മാന്‍..

നിനയുവതൊക്കെയും സത്യമായ്‌ മാറിയാല്
‍മനുജനോ ഭഗവാനായ്ത്തീരുകില്ലേ..

കൊട്ടാരപ്പൂമെത്ത വിട്ടകന്നു നീ
നിസ്വന്റെ ജീവിതമുള്ളു തേടീ..

കാരുണ്യമാമഴയായീ സമുദായ
വേദനയിലേക്കു നീ പെയ്തിറങ്ങീ..

ബോധത്തിനുത്തുങ്ഗ ശ്രംഗങ്ങളില്
‍പ്രയാണം നടത്തി നീയേകനായി..

ആയിരമായിരം നോവും ഹൃദയങ്ങള്
‍നീയറിഞ്ഞാശ്വാസമേകിയപ്പോള്‍..

എന്നുടെ നെഞ്ജിലെ നൊമ്പരം കാണുവാന്
‍എന്തേയൊരിക്കലുമെത്തിയില്ല!

അന്തിമശ്വാസത്തിനായിട്ടു കേണൊരാ
ജീവന്റെ രോദനം കേട്ടതില്ല..

വരളുന്ന ചുണ്ടുകള്‍ നനയുവാനൊരു തുള്ളി
തീര്‍ഥമതേകുവാന്‍ വന്നതില്ല..

അവതാര പുരുഷരെ സ്വന്തമാക്കീടുവാന്
‍അവകാശമീലോക കുത്തകയോ...

അറിയില്ല കാലമാം വികൃതിതന്‍ കയ്യിലെ
വിലയില്ലാ പാവകള്‍ നമ്മളെയെല്ലാം...

എങ്ഗിലുമോമനേ ആശ്വസിച്ചീടുവാന്
‍ഇതുമാത്രമെങ്ഗിലും പറയുക നീ...

ഉണ്ണീ നിന്‍ ഹ്രദയത്തിലൊരുമിഴിനീരിന്റെ
തുള്ളിയായെങ്ഗിലുമമ്മയുണ്ടോ....