Thursday, September 11, 2008

സീതാമ്മ പറഞ്ഞ കഥ..

മുൻ കൂട്ടി പറയാതെ പെട്ടെന്നൊരു സന്ധ്യക്ക്‌ കയറിച്ചെന്നതിന്റെ പരിഭവം സീതാമ്മ ഒട്ടും മറച്ചുവച്ചില്ല.. എല്ലാ അമ്മമ്മമാരുടെയും മുഖമാണു സീതാമ്മ..മനസ്സർപ്പിച്ച ഗുരുവായൂരപ്പന്റെ പ്രസാദത്താൽ കുലീനത നിറഞ്ഞ,പ്രസാദാത്മകത നിറഞ്ഞ മുഖം..

അകാലത്തിൽ വിടപറഞ്ഞ ഭർത്താവിന്റെ ഓർമകളും,ഇടക്കു പിണങ്ങിയെങ്കിലും തിരിച്ചു വന്ന മകന്റെ ആകസ്മിക മരണത്തിന്റെ നീറ്റലുമായി സ്വയം വരിച്ച ഒറ്റപ്പെടലിന്റെ ഇടനാഴിയിൽ അവർ ഒറ്റത്തിരിനാളം പോലെ...

മഴ വാശിയൊടെ പെയ്തു നനച്ചും കുഴച്ചും കിടന്ന മണ്ണിലൂടെ ഒരു കുട്ടിക്കാലം തിരിച്ചുപിടിച്ച ആവേശത്തോടെ ഞാനും എന്റെ ഭാര്യയും നടന്നാ വീട്ടിൽ കയറി.. തടി കൊണ്ടു നിർമിച്ച പഴയ അറയൊക്കെയുള്ള ഒരു കുഞ്ഞു വീടിന്റെ കൊലായിൽ മഴ കണ്ടും ഓർമകളിൽ നനഞ്ഞും ഞാനിരുന്നു...

നാമം ചൊല്ലിക്കൊണ്ടു ഒരു പഴയ കാലത്തിന്റെ ഓർമകളെ പേറിക്കൊണ്ടും എന്റെ അടുത്തിരുന്ന സീതാമ്മയുടെ മണം പഴയ കാലത്തു അലക്കിത്തേച്ച തുണികൾ ഇട്ടുവച്ചിരുന്ന തടിപ്പെട്ടി തുറക്കുംബൊലെ..

പണ്ടുകാലത്തു ഓണക്കലത്ത്‌ വേട്ടുവന്മാർക്കും നായ്ക്കന്മാർക്കും ഒരു പാടു വിളംബി ഒടുവിൽ തനിക്കു കഴിക്കാൻ ബാക്കി വന്ന കഞ്ഞി അപ്പോൾ ഭക്ഷണം ചോദിച്ചു വന്ന ഒരു അപരിചിതനു സന്തോഷപൂർവം കൊടുത്തതും പിന്നീടൊരിക്കൽ ആരെയോ കാണാനായി യാത്ര (കാൽനടയായിട്ടു) പുരപ്പെട്ട തനിക്കു വിശന്നപ്പോൾ അറ്റുത്തുള്ള ഒരു തിരുമേനി ഇല്ലത്തെക്കു വിളിച്ചതും ഒക്കെ വിസ്തരിച്ചു പറഞ്ഞു സീതാമ്മ.ആദ്യമായി താൻ കപ്പയും മുളകും കൂട്ടിയതും ഒക്കെ അതിലുണ്ടായിരുന്നു..വിശക്കുന്നവനു കൊടുത്താൽ നമുക്കു വിശക്കുമ്പോൾ വിളിച്ചു ഈശ്വരൻ തരും എന്ന വിശ്വാസം കൂടി സീതാമ്മ ഞങ്ങൾക്കു തന്നു....

കുട്ടിക്കാലത്തു തന്റെ "പഴുത്ത"കയ്തണ്ട പിടിച്ചല്ലാതെ ഉറങ്ങാത്ത കൊച്ചുമകൻ വളർന്നപ്പൊൾ പാടെ അകന്നു പോയതിന്റെ വേദനയും മഴയായ്‌ പെയ്തു..

ഒരു മഹാനഗരത്തിന്റെ ഓർമാവശിഷ്ടങ്ങൾ തൂത്തുകളഞ്ഞും, മഴപെയ്ത മദിപ്പിക്കുന്ന ഗന്ധം ഉള്ളിലേക്കാവാഹിച്ചും ഞങ്ഗൾ ഇരുന്നു.. പറയാതെ വന്നെങ്കിലും കുറെ പഴയ കാര്യങ്ങൾ പറഞ്ഞു സീതാമ്മ ഞങ്ങളെ സൽക്കരിച്ചു...

മറഞ്ഞു പോകുന്ന ഇത്തരം കഥകൾ ഓരോ നാടിന്റെയും കൂടി ചരിത്രവും പുണ്യവുമാണു.. അതിൽ ലയിച്ചു മിന്നാമിനുങ്ങിനെ വളരെ കാലത്തിനു ശേഷത്തിനു കാണുന്ന സന്തോഷത്തിലും ഇരുട്ടു തളം കെട്ടിയ പറമ്പും നോക്കിക്കൊണ്ടു ഞങ്ങൾ സ്വയം നഷ്ടപ്പെട്ടവരായി....

ഒടുവിൽ കൊച്ചുമകളേയും മകനേയും ഒരു ആശ്ഷേളത്തിന്റെ ഊർജവും സ്നേഹവും തന്ന് അവർ വീണ്ടും ഒറ്റപ്പെടലിന്റെ തീരങ്ങളിലേക്കു....

പതിയെ ഒരു ഓണക്കാലം കൂടി അങ്ങനെ അരിച്ചരിച്ചു കടന്നു പോകുന്നു...