Sunday, December 13, 2009

ഒബാമയും നൊബേലും..(വൈരുദ്ധ്യാത്മക ഭൗതികവാദം???????)

അമ്പരപ്പിച്ച ഒരു തീരുമാനമായിരുന്നു അത്‌..

ഒരു സറ്റയർ ആയിപ്പൊ ലും തോന്നി..

ഇതു കിട്ടിയാലെങ്കിലും, ലോക പോലീസ്‌ കളി നിർത്തി,പാവം യാങ്കി ചോക്ലേറ്റ്‌ പിള്ളെരെ പത്താനികൾക്കും, ഇറാഖികൾക്കും, ഭാവിയിൽ ഇറാനികൾക്കും എറിഞ്ഞു കൊടുക്കാതെ രക്ഷിക്കും എന്ന് കമ്മിറ്റിക്ക്‌ തോന്നിക്കാണും!

എവിടെ! ഒബാമ ആരാ മോൻ!

സമാധാനത്തിനുള്ള നൊബ്ബേലും മേടിച്ച്‌ മൂപ്പർ യുദ്ധത്തെ പുകൾത്തി ഒരു പ്രസംഗവും കാച്ചി!!!

ഇതാണോ ദൈവമേ വൈരുദ്ധ്യാത്മക ഭൗതികവാദം???????

Thursday, December 10, 2009

ലൗ ജിഹാദ്‌!


വളരെ തമാശ തോന്നിക്കുന്ന ഈ പ്രയോഗത്തിൽ തട്ടി ഇന്ന് ആത്മാർത്ഥ പ്രണയങ്ങൾ വരെ വിറങ്ങലിച്ചു നിൽപ്പാണു..
എത്ര കൗശലപൂർവ്വമാണു മതങ്ങൾ സ്ത്രീകളെ/പെൺകുട്ടികളെ തങ്ങളുടെ വിചാരണക്കു വിധേയമാക്കുന്നതെന്നു ശ്രദ്ധിക്കുക രസകരമായിരിക്കും..
തീവ്ര സ്വഭാവം വെച്ചുപുലർത്തുന്ന അപൂർവ്വം ചില സെമറ്റിക്‌ മതവിശ്വാസികൾക്ക്‌ എൺപതു കോടി വരുന്ന ഹിന്ദു സംസ്കാര വിശ്വാസികളെ എങ്ങനെയെങ്കിലും സ്വന്തം കൊടിക്കു കീഴെ കൊണ്ടുവരണം, അതു സുവിശേഷം പറഞ്ഞാലങ്ങനെ, ജിഹാദായാലങ്ങനെ!

ബാക്കിയുള്ള ബഹുഭൂരിപക്ഷം പേർക്കും സമാധാനമായി ജീവിച്ചു പോയാൽ മതി!

സമ്മതിക്കില്ലല്ലോ നമ്മുടെ സംഘടനകളും,മാധ്യമങ്ങളും..

Wednesday, December 2, 2009

ചില സമയങ്ങളിലങ്ങനെ...

ഒരു പാടു നാളായി എന്തെങ്കിലും കുറിച്ചിട്ട്‌..

വായന തീരെ കുറഞ്ഞു..
മനസ്സിൽ തൊടുന്ന ഒന്നു രണ്ടു കുഞ്ഞനുഭവങ്ങൾ ഉണ്ടായെങ്കിലും, അങ്ങനെ കടന്നു പോയി...

അനിയൻ വന്നപ്പോൾ പ്രവാസത്തിന്റെ ഉപ്പുമണമുള്ള്‌ ഒരു ഭംഗിയുള്ള വാച്ച്‌ സമ്മാനിച്ചു..വില വളരെ കൂടിയതു..
നാലാം ക്ലാസിൽ സ്ക്കോളർഷിപ്പ്‌ കിട്ടിയപ്പോൾ അഛൻ തന്ന സീക്കൊ വാച്ചിന്റെ ഓർമ വന്നു..അത്‌ കോളേജ്‌ കഴിയുന്ന വരെ എന്റ്‌ സമയം കുറിച്ചിരുന്നു..
പിന്നെ എപ്പൊഴോ നല്ല സമയങ്ങൾ എന്നെ വിട്ടു നിന്നു..

കീ കൊടുക്കാതെ മാറ്റി വച്ച വാച്ചും...

ഇപ്പോൾ ഒരു പകലി ൽ തന്നെ പല പകലുകളും ഒരു രാവിൽ പല രാവുകളും ആയി ജീവിതം ഓടിക്കൊണ്ടിരിക്കുന്നു...
എന്നാണെന്റെ ആത്മ ഗതങ്ങളിൽ നിന്ന് പുറത്തേക്കു കടക്കാൻ കഴിയുക?

ആ സമയം വരെ എന്റെ അനിയൻ തന്ന വാച്ച്‌ സമയം കാണിക്കട്ടെ..

Thursday, September 17, 2009

പുരുഷ പാചകക്കുറിപ്പ്‌-സാമ്പാർ പൊടി& ഇഡ്ഡലിപ്പൊടി

ഓണത്തിനു വീട്ടിലെത്തിയപ്പോൾ, അഛന്റെ അസാന്നിധ്യം ഞങ്ങളെ വല്ലാതെ വിഷമിപ്പിക്കുകയും, പലപ്പോഴും, അദൃശ്യ സാന്നിധ്യം മനസ്സിനു അനുഭവപ്പെടുകയും ചെയ്തു..

അമ്മ വിഷമവും, വിശേഷങ്ങളും പറഞ്ഞു കൊണ്ടേയിരുന്നു.. മുൻപത്തെ ഓണത്തിനു, ഏത്തക്കുല വാങ്ങിയതും, അഛനും അമ്മയും കൂടി ഉപ്പേരി വറുത്തതും, തമാശകളും എല്ലാം...
ഇസ്റ്റേണും,മേളവും, ബ്രഹ്മിൺസുമൊക്കെ പൊടിക്കമ്പനി തുടങ്ങുന്നതിനു മുൻപെ മലയാളി സാമ്പാർ ഉണ്ടാക്കിയിരുന്നു, അതൊക്കെ നിങ്ങളും അറിഞ്ഞിരിക്കണം എന്നൊക്കെ ന ല്ലൊരു പാചകക്കാരനും കൂടിയായിരുന്ന അഛൻ പറയുമായിരുന്നതു ഞാൻ ഓർത്തു..
അങ്ങിനെ അമ്മയെ ഒന്നുഷാറാക്കാൻ കൂടി, ഞാൻ വിഷയം എടുത്തിട്ടു, എനിക്കും ഇതിന്റെ ടെക്നൊളജി പഠിക്കണം..
അങ്ങിനെ മല്ലിയും, വറ്റൽ മുളകും,ഉഴുന്നുപരിപ്പും,അൽപം ഉലുവയും,കായവുമൊക്കെ വാങ്ങിച്ച്‌ ഞാൻ യുദ്ധസന്നദ്ധനായി അടുക്കളയിൽ പ്രവേശിച്ചു..
ആദ്യം സാമ്പാർ പൊടി..
1.മല്ലി--->1 കപ്പ്‌
2.വറ്റൽ മുളക്‌--> ആവശ്യത്തിനു
3.ഉഴുന്നുപരിപ്പ്‌-->1 കപ്പ്‌
4.പരിപ്പ്‌---------->1 കപ്പ്‌
5.കായം-------> ചെറിയ കഷ്ണങ്ങളാക്കിയത്‌ ആവശ്യത്തിനു
6.മല്ലിയില---> ധാരാളം
7.കരുവേപ്പില--> ധാരാളം.
മുകളിൽ പറഞ്ഞ എല്ലാ ഇനവും, പ്രത്യേകം ചീനച്ചട്ടിയിൽ (ഇരുമ്പിന്റെ ആണെങ്കിൽ അത്യുത്തമം!) വറുത്തെടുക്കുക, അൽപ്പം വെളിച്ചെണ്ണ ആകാം, ഒരു മയത്തിനു.. എന്നിട്ടു പ്രത്യേകം പൊടിച്ചെടുക്കുക, നന്നായി പൊടിയണം, അരിപ്പ വെച്ച്‌ അരിച്ചെടുക്കുന്നതാണു നല്ലതു, വലിയ തരി ഒഴുവാക്കാൻ.. കരുവേപ്പില വറുക്കുമ്പോൾ നല്ല ക്രിസ്പ്‌ ആകാൻ പ്രത്യേകം ശ്രദ്ധിക്കണൊ.. പൊടിച്ചെടുത്ത ശേഷം, എല്ലാ പൊടികളും, ആവശ്യത്തിൻ കൂട്ടിച്ചേർത്തു നന്നയി മിക്സ്‌ ചെയ്താൽ നമ്മുടെ സാമ്പാർ പൊടി റെഡി! സാമ്പാറിന്റെ ഉൽഭവം സത്യത്തിൽ മഹാരാഷ്ട്രയിൽ നിന്നാണെന്നു പറയപ്പെടുന്നു,അവിടെ നിന്ന്‌ തമിഴകം വഴിയാണു ഈ വിഭവം മലയാളനാട്‌ കീഴടക്കുന്നതു!

ഇഡ്ഡലിപ്പൊടി
മേൽപ്പറഞ്ഞ ഇനങ്ങളിൽ 1,6,7 എന്നിവ ഒഴിവാക്കുക.
ഉലുവ അര കപ്പ്‌ വറുത്തു പൊടിക്കുക, ബാക്കിയുള്ള ഇനങ്ങൾ വറുത്തു പൊടിച്ചതുമായി മിക്സ്‌ ചെയ്യുക.

നല്ല ചൂടൊടെ ഇഡ്ഡലിയുണ്ടാക്കി, പൊടിയിൽ അൽപം എണ്ണ,ഉപ്പ്‌ ചേർത്ത്‌ ശാപ്പിടുക!

എല്ലാ ഓണക്കാല വിഭവങ്ങൾ ഉണ്ടാക്കനും അമ്മയോടൊപ്പം ഉത്സാഹപൂർവ്വം അടുക്കളയിൽ സജീവമായിരുന്ന അഛന്റെ ഓർമക്ക്‌...

Thursday, August 27, 2009

കയ്യിൽ പൂക്കളുമായി നിന്ന പെൺകുട്ടി..

പൊടുന്നനെ നട്ടുച്ക്കു മഴ പൊട്ടിവീണു..ഒരു ബിസിനസ്‌ മീറ്റിന്റെ അവശിഷ്ടങ്ങൾ മന്ദതാളത്തിലുള്ള ഒരു ഗസലിന്റെ അകമ്പടിയാൽ തുടച്ചു കളയാൻ ഞാൻ വ്യർത്ഥമായി ശ്രമിചു..

സിഗ്നലിൽ ഇന്ന് പതിവിലേറെ കാറുകൾ.. അലസമായി ഞാൻ പുറത്തേക്കു പാളി നോക്കി...

തൊട്ട്‌ വലതു വശത്തെ കാറിന്റെ ജനലിൽ ഒരു കൂട നിറയെ പൂകളുമായി ഒരു കൊചു പെൺകുട്ടി..നനഞ്ഞു വിറച ആ കുട്ടിയൊട്‌ ഹൃദയമില്ലാതെ വില പേശുകയാണു കാറുകാരൻ... ഒടുവിൽ അവൾ നിരാശയോടെ തിരിഞ്ഞു..

മഴ കനക്കുകയാണു..വൈപ്പർ ബ്ലെഡുകൾ ശക്തമായി ആടുന്നു..എന്റെ ചില്ലിനപ്പുറത്ത്‌ അവ്യക്തമായി അവളുടെ മുഖം കാണാം.. ആവശ്യമില്ലെങ്കിലും ഒരു പൂവു ഞാൻ വാങ്ങാനുറച്ചു.. പത്തു രൂപക്കു രണ്ടു മനോഹരമായ പുഷ്പങ്ങൾ അവളെനിക്കു തന്നു..ദൈന്യം നിറഞ്ഞ ആ മുഖത്ത്‌ ഒരു പുഞ്ജിരി വിരിച്‌ നന്ദി പറഞ്ഞ്‌ അവൾ ഓടി..

കാറിന്റെ ഡാഷ്‌ ബോർഡിലിരുന്ന് ആ പൂക്കൾ എന്നെ ഉറ്റു നോക്കി..ഉതിരാൻ വെമ്പുന്ന കണ്ണിർക്കണം പോലെ മഴത്തുള്ളികൾ തിളങ്ങി..അവക്ക്‌ ഒരു പാട്‌ പറയാനുണ്ടെന്ന് എനിക്കറിയാം..അനാഥത്ത്വം,പീഡനങ്ങൾ, വിശപ്പ്‌.,തിരസ്കാരം.. എന്റെ കടന്നു പോയ സുഖകറമായ ബാല്യത്തെ നോക്കി ഒരു പാട്‌ മഴത്തുള്ളികൾ ചിരിക്കുന്നുണ്ടെന്ന് എനിക്കു തോന്നി..

വിങ്ങുന്ന എന്റെ മനസ്സ്‌ കാറിൽ നിന്ന് പുറത്തെക്കു ചാടി മഴ നനഞ്ഞു..കണ്ണിരിന്റെ ചൂടുള്ള ആ മഴ...പൂക്കളുമായി വന്ന പെൺകുട്ടി എന്റെ മനസ്സിലേക്കു വിതറിയ മഴ...

Thursday, August 13, 2009

ഒഴുകും പുഴ പോലെ..(പൗലോ കെ യ്‌ലൊക്ക്‌ സമർപ്പണം)

രണ്ടാഴ്ച മുൻപാണു "ലൈക്‌ ദ ഫ്ലോയിങ്ങ്‌ റിവർ" എന്ന കൃതി വായിച്ചതു..വളരെ ലളിതമായ ഭാഷ, ജീവിതത്തിന്റെ പാർശ്വങ്ങളിൽ അവഗണിക്കപ്പെട്ടു പോകുന്ന കുറെ കാര്യങ്ങൾ എഴുത്തുകാരൻ നമ്മോട്‌ സം സാരിക്കുന്നു..
വായിച്ചു കഴിഞ്ഞപ്പൊൾ ഒരു പുഴയുടെ തീരത്ത്‌ ചിലവഴിച്ച കുറെ സമയം മനസ്സിൽ തെളിഞ്ഞുവന്നു.. ഒന്നര വയസ്സു മുതൽ സ്കൂളിൽ ചെരാറാകുന്ന വരെ ഞാൻ എന്റെ അഛന്റെ തറവാട്ടിലായിരുന്നു, അമ്മ ജോലിക്കാരിയായിരുന്നതു കൊണ്ട്‌..മുത്തഛന്റെയും, അമ്മൂമ്മെടെം തണലിൽ, മൂവാറ്റുപുഴയുടെ തീരത്ത്‌ വളരെ ശാന്തമായ ഒരു ഗ്രാമം..

ജീവിതം അവിടെ ആകാശവാണിയുടെ സുഭാഷിതത്തിൽ തുടങ്ങി, വയലും വീടും, കൃഷിപാഠത്തിലൂടെ,ചലച്ചിത്ര ഗാനങ്ങൾ കേട്ടു കൊണ്ട്‌ പുരോഗമിക്കുകയും, ഉച്ചക്ക്‌ വാർത്തകൾ കേട്ടുകൊണ്ട്‌ ഊണുകഴിക്കുകയും, പിന്നിട്‌ സായാഹ്നങ്ങളിൽ നാടകം കേട്ടുകോണ്ട്‌ വികാരം കൊള്ളുകയും, അവസാനം, നല്ല നല്ല ഗാനങ്ങൾ കേട്ടു കൊണ്ടു ഉറങ്ങുകയും ചെയ്തു..

ദൃശ്യങ്ങളുടെ ധാരാളിത്തം മലിനപ്പെടുത്താത്ത ആ കാലത്ത്‌, അമ്മൂമ്മയുടെ ഒക്കത്തിരുന്നും, വിരലു പിടിച്ചു നടന്നും, പുഴ കണ്ട്‌ എങ്ങോട്ടാണു ഇത്‌ ഒഴുകിപ്പോകുന്നതെന്നാശ്ചര്യപ്പെട്ടും, ഞാൻ പതിയെ വളർന്നു..കർഷകനായ മുത്തഛൻ ഓല മെടയുന്നതും, അതു പാകമാകാൻ പുഴയിൽ കെട്ടിയിറക്കുന്നതും ഒക്കെ മനസ്സിൽ ഇന്നും നിറയുന്നു..

അക്കരെ കടക്കനുള്ള തോണിയാത്രയിൽ, പലപ്പോഴും, അമ്മൂമ്മയുടേ മടിത്തട്ടിന്റെ സുരക്ഷിതത്വത്തിലായിരിക്കും..തോണിക്കാരന്റെ ചലനങ്ങളേ ഉറ്റു നോക്കിക്കൊണ്ട്‌..

വീടിന്റെ മുന്നിലെ ഇടവഴിയിലൂടെ, പഴയ ഓലക്കുടയും, ചൂടി പോകുന്ന, വയസ്സൻ പോറ്റിയുടെ (കുടുമയുള്ള) കുടവയർ കാണാൻ അമ്മൂമ്മയുടെ പുറകിൽ നിന്നും ളിഞ്ഞു നോക്കുന്ന ഒരു 3 വയസ്സുകാരൻ.. എല്ലാം മാഞ്ഞു കൊണ്ടിരിക്കുന്ന പഴയ ചിത്രങ്ങൾ..

പൂട്ടി വെച്ച ഓർമകളുടെ അറകൾ തുറക്കുന്ന കള്ളത്താക്കോലാണു, നല്ല പുസ്തകങ്ങൾ..

പൗലോ ഒരു ഇടത്തരം എഴുത്തുകാരനണെന്നു നമ്മുടെ സേതു പ്രസ്താവിച്ചതു വായിച്ചപ്പോൾ, എന്തൊ, ലളിതമായി മനുഷ്യനു വായിച്ചാൽ മനസ്സിലാകുന്ന തരതിൽ എഴുതുന്നവരെ എന്തുകൊണ്ടു "വലിയ എഴുത്റ്റുകാർക്കു" ഇഷ്ടപ്പെടുന്നില്ല എന്നു തോന്നിപ്പോയി.

എന്തായാലും, കെ യ്‌ലോക്ക്‌ എന്റെ അഭിവാദ്യങ്ങൾ

Thursday, July 23, 2009

ഘടികാരകൻ..

നഗരത്തിലെ തിരക്കു പിടിച്ച ആ തെരുവിലൂടെ അലസമായി ഒഴുകുമ്പോൾ പലവട്ടം പഴയതും,തിളങ്ങുന്നതുമായ ഘടികാരങ്ങൾ തൂക്കിയിട്ട ആ കൊച്ചു കടയും, അതിലെ ജാലകത്തിലൂടെ അതിന്റെ ഉടമയെയും ഞാൻ പാളിനോക്കിയിട്ടുണ്ട്‌..

പല സമയങ്ങൾ അടുക്കി വച്ച ആ മുറിയിലെ കാവൽക്കാരൻ ഏതു സമയത്താണു, കാലങ്ങളിലാണു ജീവിക്കുന്നത്‌ എന്നോർത്ത്‌ അസ്വസ്ഥനായിട്ടുണ്ട്‌..

ഒന്ന് രണ്ട്‌ തവണ ചില ചില്ലറ തകരാറുകൾ റിപ്പയർ ചെയ്യാൻ എന്റെ പഴയ വാച്ചുമായി ഞാനാ കടയിൽ കയറിയിട്ടുണ്ട്‌..വ്യത്യസ്ത സമയങ്ങൾ തൂക്കിയിട്ട ആ മുറിയിൽ...

കുറ്റിത്താടി, ശാന്തവും, അഗാധവുമായ കണ്ണുകൾ..അതെ കണ്ണുകൾ...അവയാണു എന്നെ ആ സമയ സൂക്ഷിപ്പുകാരനിലേക്കു ആകർഷിച്ചതു..കൃഷ്ണമണികൾ.. അതെ, അതിനകത്ത്‌ പിന്നിലേക്കോടുന്ന രണ്ട്‌ കൊച്ചു ഘടികാരങ്ങൾ...

എന്റെ മൂന്നാമത്തെ സന്ദർശനത്തിൽ അയാൾ എന്നൊടു സം സാരിച്ചു..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ.. ഇതിലെ കടന്നു പോകുന്ന ഏതൊരുവനെയും പോലെ ജീവിതം തകർത്താഘോഷിച്ച ഭൂതകാലം..പിതാവിന്റെ ധനത്തിന്റെ പിൻബലത്തിൽ ഓരോ ദിവസവും മുങ്ങിനിവരുമ്പൊൾ അടുത്ത ദിവസത്തിന്റെ ഉല്ലാസങ്ങളിലേക്ക്‌ കണ്ണും മനസ്സും തുറന്നിരുന്ന കാലം.. ഒടുവിൽ പിതാവിന്റെ ശാപം പോലെ കാലത്തിനു മുൻപിൽ ഓടിയവനു, കാലത്തിന്റെ വിവിധ സമയങ്ങളുടെ തടവറയിലെ സൂക്ഷിപ്പു കാരൻ ആവാനുള്ള നിയോഗം..

മന്ത്രിക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു..ഞാൻ എന്റെ ഭൂതകാലത്തെ തീവ്രമായി ആഗ്രഹിക്കുന്നു സുഹൃത്തെ... എന്റെ കണ്ണിലെ ഘടികാരങ്ങൾ തീവ്രമായ എന്റെ മനസ്സിന്റെ പ്രതിഫലനമാണു..

ഞാനോർത്തു..അതെ..നമുക്കു തിരക്കാണു വളരാൻ..വളർന്നാലോ, നഷ്ടമായ ബാല്യ്ത്തെ കുറിച്ചുള്ള തീവ്രവേദന..പണമുണ്ടാക്കാൻ ആരോഗ്യം കളഞ്ഞ്‌, പിന്നെ സംമ്പാദിച്ചതൊക്കെയും ആരോഗ്യം വീണ്ടെടുക്കാൻ ചിലവാക്കും..നമ്മൾ ഭാവിയെക്കുറിച്ച്‌ ധ്യാനിച്ച്‌ ധ്യാനിച്ച്‌, ഇന്നിനെ മറക്കുന്നു, അങ്ങനെ ഇന്നിലും, നാളെയും ജീവിക്കാതെ, ഒരിക്കലും മരിക്കില്ലെന്നു കരുതി അവസാനം ഒരു കാലത്തിലും ജീവിച്ച തോന്നലില്ലാതെ മരിച്ചു മണ്ണടിയുന്നു..

എവിടെയോ വായിച്ചൊരു സെൻ സൂക്തം..ഇതു പറഞ്ഞത്‌ ഘടികാര സൂക്ഷിപ്പുകാരനു വെണ്ടിയോ അതൊ എനിക്കു വേണ്ടിയോ??...

പിന്നൊട്ട്‌ ഓടുന്ന സമയ സൂചിക വിട്ട്‌, വ്യത്യസ്ത കാലങ്ങളുടെ ചുവരുകൾ വിട്ടു ഞാൻ ആൾക്കൂട്ടത്തിൽ അലിഞ്ഞിറങ്ങി...

Wednesday, July 1, 2009

ദ കൈറ്റ്‌ റണ്ണറും ലോഹിതദാസും..

ഇന്നലെ അവിചാരിതമായി ഖാലിദ്‌ ഹൊസ്സിനിയുടെ വിശ്രുതമായ " പട്ടം പറത്തലുകാരൻ" എന്ന നോവലിന്റെ സിനിമാവിഷ്കാരം കാണാനിടയായി..

മനസ്സിൽ തട്ടുന്ന ഒരു സിനിമാനുഭവമായിരുന്നു അത്‌.. സോവിയറ്റ്‌ അധിനിവേശത്തിനു മുൻപ്‌ കാബൂളിലെ ഒരു ധനികനായ വ്യാപാരിയുടെ മകനും, അവരുടെ വേലക്കാരന്റെ മകനും തമ്മിലുള്ള അഗാധ സൗഹൃദവും, അവിടത്തെ വലിയ വിശേഷമായ്‌ പട്ടം പറത്തൽ മൽസരത്തിൽ തന്റെ ചങ്ങാതിയുടെ സഹായം കൊണ്ട്‌ ജയിക്കുന്ന അമീർ..അപ്പോഴെ അവനു കഥകളൊട്‌ വലിയ താൽപര്യമായിരുന്നു..തന്റെ യജമാന പുത്രന്റെ കഥകൾ കേൾക്കാൻ പാവം അവന്റെ ആശ്രിതന്റെ മകനും..

പിന്നിട്‌ അമീർ എന്തൊ അസൂയ നിമിത്തം തന്റെ പ്രിയ ചങ്ങാതിയെ കള്ളനാക്കി വീട്ടിൽ നിന്നു പുറത്താക്കുന്നു..അവന്റെ കുഞ്ഞുമനസ്സ്‌ പക്ഷെ അതിനു ശേഷം പശ്ചാത്തപിക്കുന്നെങ്കിലും, സമയം വൈകിപ്പോയിരുന്നു..സോവിയറ്റ്‌ പട ഇരമ്പിക്കയിറിയപ്പോൾ അവർക്കു എല്ലാം വിട്ടേറിഞ്ഞു പലായനം ചെയ്യേണ്ടിവന്നു..പാക്കിസ്ഥനിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും..

കയ്യേറിയ രാജ്യത്തിലെ സ്ത്രീകളൊട്‌ സോവിയറ്റ്‌ പട്ടാളക്കാരുടെ സമീപനം, അതിർത്തി കടത്തിവിടാൻ പണം വാങ്ങുന്ന പട്ടാളം, അങ്ങനെ ഒരു രാജ്യം തകരുന്ന ചിത്രം വളരെ ഹ്രസ്വമായി കാണിക്കുന്നുണ്ട്‌.. പിന്നിട്‌ ബിരുദത്തിനു ശേഷം അമീർ ഒരു എഴുത്തുകാരനായി മാറുന്നു..അവന്റെ പ്രിയ അബ്ബാജാന്റെ എതിർപ്പുകൾ അവഗണിച്ചും..ഇതിനിടക്ക്‌ ഒരു റിട്ടയെർഡ്‌ കേണലിന്റെ സാഹിത്യ പ്രേമിയായ മകളൊടുള്ള അനുരാഗവും, താൻ ഒരു അഫ്ഗാനിയിൽ അനുരക്തയായി ഒരു മാസം ഒരുമിച്ചു താമസിച്ച വിവരം ഏറ്റു പറയുന്ന പുരോഗമന വാദിയായ അവന്റെ കാമുകിയെയും നമുക്ക്‌ കാണാം..അവരുടെ വിവാഹ ശേഷം അവന്റെ പിതാവിന്റെ മരണം..അതറിഞ്ഞു അവന്റെ പഴയ വേലക്കാരൻ അവന്റെ വീട്ടിലേക്കെത്തുന്നു..തന്റെ ചങ്ങാതി ഹസ്സന്റെ ദാരുണ മരണം, അവന്റെ അച്ഛനിൽ നിന്നറിഞ്ഞ അമീർ ദുഃഖാർത്തനാവുന്നു..ചങ്ങാതിയുടെ ഏക മകൻ അഫ്ഗാനിൽ ഉണ്ടെന്നറിഞ്ഞ അമീർ താലിബാൻ നിയന്ത്രണ അഫ്ഗാനിലേക്കു അവന്റെ രക്ഷിക്കാൻ പുറപ്പെടൂന്നു..തിരിച്ചു വരുമെന്നു ഉറപ്പില്ലാതെ.. ഒടുവിൽ നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് താലിബാന്റെ കുട്ടികളുടെ ക്യാമ്പിൽ നിന്നു അവനെ രക്ഷിച്ച്‌ അമെരിക്കയിൽ എത്തിക്കുന്നു..അതിനിടയിൽ താലിബാന്റെ കുട്ടികളൊടുള്ള ക്രൂരതകളും, കാടത്തവും, നമുക്ക്‌ കാണാം..എന്തു പേരിട്ടാലും, അധിനിവേശം അതിന്റെ ദംഷ്ട്രകൾ വിടർത്തുന്ന ചിത്രം വിർങ്ങലിപ്പിക്കുന്ന ഒരനുഭവമാണു..

ഒടുവിൽ തന്റെ പ്രിയ ചങ്ങാതിയുടെ മകനെ പട്ടം പറത്താൻ സഹായിക്കുന്ന ഃഋദയ സ്പർശിയായ്‌ രംഗത്തൊടെ ചിത്രം അവസാനിക്കുന്നു..

ഈ ചിത്രം കണ്ടു തീർന്നപ്പോൾ ഞാൻ നമ്മുടെ പ്രതിഭാശാലിയായ തിരക്കഥകൃത്തു ലോഹിതദാസിനെ ഓർത്തു പോയി..പ്രത്യേകിച്ച്‌ തനിയാവർത്തനം എന്ന ആദ്യ സിനിമയിലെ മമ്മുട്ടിയുടെ അധ്യപകൻ കുട്ടികളോറ്റ്‌ ജീവിതവും പട്ടവും തമ്മിലുള്ള സാമ്യത്തെ പറ്റി പറയുന്ന രംഗം..

ജീവിത ഗന്ധിയായ ഒരു പിടി സിനിമകൾ സമ്മാനിച്ച്‌ പെട്ടെന്നു കടന്നു പോയ ആ വലിയ മനുഷ്യ സ്നേഹിക്ക്‌, ഭാഷാ സ്നേഹിക്ക്‌ കണ്ണീരിൽ ചാലിച്ച ഒരു പിടി അക്ഷരപ്പൂക്കൾ..

Monday, June 22, 2009

അപരിചിതരുടെ ദുഃഖങ്ങൾ..

കുറച്ച്‌ ദിവസങ്ങളായി നിർബന്ധിത ഏകാന്ത വാസത്തിലാണു.. നഗരത്തിന്റെ ഓളങ്ങളിൽ പൊങ്ങുതടി പോലെ അങ്ങനെ പൊങ്ങിത്താണു...പതിയെ...

കാത്ത്‌ കാത്തിരുന്ന മഴ ഇന്നലെയാണു പാദസരം കിലുക്കി ഓടി വന്ന പെൺകുട്ടിയെപ്പോലെ കിലുങ്ങി കുണുങ്ങി വന്നത്‌..

പതിയെ ഒരു ഈവനിംഗ്‌ കറക്കത്തിനിറങ്ങിയ ഞാൻ സ്വാതന്ത്ര്യം ആഘോഷിക്കൻ ഒരു ബിയറിന്റെ അകമ്പടി ആകാം എന്നു പെട്ടെന്നു തീരുമാനത്തിലെത്തി...

ഒരു കവിൾ മൊത്തി ഞാൻ എന്റെ ചിന്തകളിലേക്കു ഊർന്നിറങ്ങി...അരണ്ട വെളിച്ചത്തിൽ ഒറ്റക്കു ഇരുന്നാൽ ആരും ഒരു ചിന്തകനായിപ്പോകും എന്നു തോന്നിപ്പോയി..(ഒരു കവിൾ മദ്യവും..)

ഇടക്കു ബെയററും, അടുത്ത ടേബിളിലിരുന്ന ആജാനബാഹുവായ മനുഷ്യനും തമ്മിൽ എന്തൊ പറഞ്ഞു ചിരിച്ചതു ഞാൻ പാളിനോക്കി... പെട്ടെന്നാ ആ "വലിയ" മനുഷ്യൻ എണീറ്റു വന്നു കൈ തന്നു..വളരെ ഹാർദ്ദമായി തന്നെ..

നേരെ കയറിയിർന്നു നല്ല വടിവൊത്ത ഇംഗ്ലീഷിൽ സം സാരം തുടങ്ങി...എയർഫോഴ്സ്‌ ഫൈറ്റർ പെയിലറ്റ്‌ ആണു സഖാവ്‌..സാമാന്യം നല്ല ലഹരിയിലാണു ആശാൻ..
അടുത്തുളള എയർപ്പോർട്ടിൽ വന്നപ്പോൾ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഇറങ്ങിയതാണു മൂപ്പർ.. "ഇതെന്റെ മകനുള്ള ഒരു ഷർട്ട്‌ ആണു"...

വെരി നൈസ്‌..അവനും അമ്മയും എവിടെ ആണു?..
അവൻ സിക്കിമിൽ അവന്റെ ഗ്രാന്റ്മായുടെ അടുത്താണു.. അവന്റെ അമ്മ, എന്നെ ഒറ്റക്കാക്കിയിട്ടു നേരത്തെ ദൈവത്തിന്റെ അടുത്തെക്ക്‌ പോയി..".

അപ്പൊഴെക്കും ആ തികച്ചും അപരിചിതനായ ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി... ഭാര്യയും ഒരു പെയിലറ്റ്‌ ആയിരുന്നെന്നും, ഒരു അപകടത്തിലാണു മരിച്ചതെന്നും,അയാൾ പറഞ്ഞു... "എന്തിനാണു ഞാൻ താങ്കളൊട്‌ ഇതെല്ലാം കൺഫെസ്സ്‌ ചെയ്യുന്നത്‌? അയാൾ ഇടക്കു സ്വയം ചോദിക്കുന്നണ്ടായിരുന്നു..

പിന്നെ പറഞ്ഞു..ഇനിയൊരിക്കലും കണ്ടുമുട്ടാത്ത ഒരാളുടെ മുന്നിൽ കരയാൻ ഒരു ഫൈറ്റർ ആയ അയാൾക്ക്‌ വിഷമം ഇല്ലെന്ന്...

പേരു പോലും പരസ്പരം ചോദിക്കാതെ ഞങ്ങൾ പിരിഞ്ഞു..അയാളെ ഒന്നു തൊളിൽ കയ്യമർത്തി എന്റെ വിഷമം അറിയിക്കാനെ കഴിഞ്ഞുള്ളു..

ചാറ്റൽ മഴ വകവെക്കാതെ നഗരത്തിരക്കിൽ അലിഞ്ഞ അയാളെ ഇനിയും കണ്ടാൽ അറിയുമോ? അല്ലെങ്കിൽ എന്തിനറിയണം..

ആൾക്കൂട്ടത്തിലെ ഒരു അപരിചിതൻ അല്ലേ ഞാനും നിങ്ങളും...???

Tuesday, May 5, 2009

ഗീതാ തീയ്യേറ്റേഴ്സ്‌..

കഴിഞ്ഞ ദിവസം ഇവിടത്തെ ഒരു ആധുനിക മൾട്ടിപ്ലക്സിന്റെ ശീതളിമയിൽ " ഹരിഹർ നഗർ 2 " കാണാൻ ഇരുന്നപ്പോൾ, ടിക്കറ്റിന്റെ വില ഓർത്താണോ എന്തോ, മനസ്സു പെട്ടെന്ന് കുറച്ചു വർഷം പിന്നിലേക്കോടിപ്പോയി..

ഇന്നത്തെ പോലെ ചാനലുകൾ തുടരൻ സിനിമകൾ പ്രസവിക്കാത്ത കാലം..

"നാളെ മുതൽ, നിങ്ങളുടെ പ്രിയപ്പെട്ട ഗീതാ തീയ്യെറ്റെഴ്സിൽ പ്രദർശനം ആരൊഭിക്കുന്നു "തിങ്കളാഴ്ച നല്ല ദിവസം"..എന്നിങ്ങനെ ഉറക്കെയുർക്കെ പ്രഖ്യാപിച്ചു കൊണ്ടു പോകുന്ന വണ്ടിയിൽ നിന്ന് പാറിപറക്കുന്ന നോട്ടീസ്‌ വാങ്ങാൻ റോഡിലേക്ക്‌ എത്ര തവണ ഒ‍ാടിയിരിക്കുന്നു!... വില കുറഞ്ഞ മഞ്ഞ ക്കടലാസിൽ "വികാര നിർഭരമായ കുടുംബ കഥ എന്നു തുടങ്ങി "ശേഷം വെള്ളിത്തിരയിൽ" എന്ന സ്ഥിരം ഫോർമാറ്റിൽ അവസാനിക്കുന്ന നോട്ടീസ്‌ വായിച്ച്‌ താരങ്ങളെ സ്വപ്നം കണ്ടിരിക്കുന്നു!..

അന്നൊക്കെ ദൂരെ ജോലി ചെയ്തിരുന്ന അഛൻ ആഴ്ചാവസാനം വരുമ്പൊൾ നല്ല സിനിമ തീയെറ്ററിൽ വരണെ എന്ന് പ്രാർത്ഥിക്കുമായിരുന്നു,, കാരണം സിനിമ മാത്രമല്ല, അതു കാണാൻ ഉള്ള യാത്രയും രസമാണു, വീട്ടിൽ നിന്നു 2 കിലോമീറ്ററോളം അകലെയാണു ടാക്കീസ്‌..വലിയ പാടശേഖരങ്ങളെ മുറിച്ച്‌ പോകുന്ന റോഡിലൂടെ അഛനും അമ്മയും ഞങ്ങളും, വർത്തമാമൊക്കെ പറഞ്ഞ്‌ കാഴ്ചകളോക്കെ കണ്ട്‌ പതുക്കെ നടക്കും..

ഓല മെടഞ്ഞ മേൽക്കൂരയുള്ള പാവം ഒരു ടാക്കീസ്‌, പലക ബെഞ്ജുകൾ, ഫാസ്റ്റ്‌ ക്ലാസ്‌ ടിക്കറ്റിനു 5 രൂപയോ മറ്റോ ആണു ചാർജ്‌.. ഇടവേളകളിലെ ഒരു പാക്കറ്റ്‌ കപ്പലണ്ടി മുട്ടായിയോ, നല്ല ചൂടുള്ള വറുത്ത കടലയോ... അതിനോക്കെ എന്തൊരു രുചിയായിരുന്നു, എന്തൊരു കൊതിയായിരുന്നു!..

ഫ സ്റ്റ്‌ ഷോ കഴിഞ്ഞാൽ രാക്കാറ്റേറ്റ്‌, ആകാശത്തെയും, നക്ഷത്രങ്ങളെയും നോക്കി നോക്കി തിരിച്ചു നടത്തം..പാടത്തിന്റെ നടുക്കുള്ള കാളവണ്ടിക്കാരൻ വറീതേട്ടന്റെ വീട്ടിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ കാളക്കൂറ്റന്മാർ അയ വെട്ടുന്നതു അവ്യക്തമായി കാണാം...

ആവേശം കൊള്ളിച്ച, കരയിച്ച, കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച എത്രയെത്ര സിനിമകൾ.."രാജാവിന്റെ മകൻ, ചിത്രം, നായർസാബ്‌, അമരം, ഇൻസ്പെക്ടർ ബൽറാം, ആര്യൻ, മയൂരി, ചിദംബരം, അനന്തരം, അങ്ങനെ അങ്ങനെ..

ഹിസ്‌ ഹൈനസ്‌ അബ്ദുള്ള കാണാൻ പോയപ്പോൾ, നിറഞ്ഞു കവിഞ്ഞ തീയെറ്ററിന്റെ ഓല വാതിലുകൾ കാറ്റ്‌ കയറാൻ തുറന്നിട്ടിരുന്നു!...

ആരവങ്ങൾ ഒടുങ്ങിയിരിക്കുന്നു...അന്നത്തെ ടാക്കിസിന്റെ സ്ഥലത്തു ഇന്നെ ഏതോ കെട്ടിടം..പാടശേഖരങ്ങൾ മുഴുവനും, വീടുകളോ, പ്ലോട്ടുകളോ...

പക്ഷെ ഓർമകളിൽ ഇരമ്പങ്ങൾ ജീവനോടെ.. അതേ മനോഹാരിതയോടെ, ആകാംക്ഷയോടെ ജീവിക്കുന്നു.. ഇനിയാക്കാലമൊന്നും തിരിച്ചു വരില്ലെന്നറിയുന്നതിനാൽ, മനസ്സോടു ചേർത്തു താലോലിക്കുന്നു..

വെള്ളിത്തിരയിൽ ജീവിച്ചു മരിച്ച ഒരു പാട്‌ കഥാ പാത്രങ്ങളോടൊപ്പം...

Saturday, May 2, 2009

കൂടിയാട്ടം..

പൂനെ കഥകളിവേദി അവതരിപ്പിച്ച ശ്രീമതി മാർഗി സതീദേവിയുടെ ഒരു കൂടിയാട്ടം പെർഫോമൻസ്‌ കാണാൻ എനിക്ക്‌ ഒരു അവസരം കിട്ടി,

കഴിഞ്ഞ ദിവസം. ഇവിടെ വച്ച്‌ പരിചയപ്പെട്ട റിട്ട.കേണൽ നായർ അങ്കിളിന്റെ കലാസ്വാദന താൽപര്യം ആണു വേദിയുടെ നിലനിൽപ്പു തന്നെ.. മൂപ്പർ ആണു നഷ്ടം സഹിച്ചും ഈ പ്രസ്ഥാനം ഓടിക്കുന്നതു..

പറഞ്ഞുവന്നത്‌ കൂടിയാട്ടത്തെ കുറിച്ചാണല്ലോ, രണ്ട്‌ ഭാഗങ്ങളായിട്ടായിരുന്നു അത്‌, ആദ്യഭാഗം, ഉദ്യന വർണ്ണന. രണ്ടാം ഭാഗം " സീതായനം"

കൂടി ആടുന്നതാണു കൂടിയാട്ടം എന്നും, സൊളോ പെർഫോമൻസിനെ നങ്ങ്യാർ കൂത്ത്‌ എന്നും പറയും എന്നു ഞാൻ മനസ്സിലാക്കി..
ആദ്യ ഭാഗം, വസന്തസേന രാജകുമാരി തോഴിയോടൊപ്പം തന്റെ കാമുകനെ പ്രതീക്ഷിച്ച്‌ ഉദ്യനത്തിലിരിക്കുമ്പോൾ വസന്തം ഭംഗി വാരി വിതറിയ ഉദ്യാനം വർണ്ണിക്കുന്നതാണു.. അത്‌ കണ്ടപ്പോൾ, എന്തുകോണ്ടാണു ക്ഷേത്രകലകൾ അന്യം നിന്നു പോകുന്ന സ്ഥിതി വന്നതു എന്നു എനിക്ക്‌ മനസ്സിലായതു, വളരെ ക്ലിഷ്ടമായ മുദ്രകൾ, സംസ്കൃത ശ്ലോകങ്ങൾ! ശരിക്കും കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ എന്താണെന്നു അപ്പോഴാണു മനസ്സിലായത്‌!..പക്ഷെ വേഷ ഭംഗിയും, അതി മനോഹരമായ ചലനങ്ങളും എന്നെ പിടിച്ചിരുത്തി!..

അടുത്തതു മാർഗി സതി തന്നെ രചിച്ച്‌ സംവിധാനം ചെയത സീതായനം! അശോകവനിയിൽ ബന്ധിതയായി സീതാദേവി, അഴകിയ രാവണന്റെ വരവ്‌, ഭക്തോത്തമനായ വായു പുത്രൻ ഹനുമാന്റെ അടയാള മോതിരവും കൊണ്ടുള്ള പ്രണാമം! ഒരു നിമിഷാർദ്ധം കോണ്ട്‌ മൂന്നു കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തുന്ന അഭിനയ കലയുടെ അസാധ്യമായ രാസവിദ്യ കണ്ടിട്ട്‌ ഞാൻ തരിച്ചിരുന്നു പോയി!

ശോകാർത്തയായ ജനകപുത്രിയെ കണ്ടപ്പോൾ, സീത അനുഭവിച്ച യാതനകളിലൂടെ എന്റെ മനസ്സ്‌ ഒന്നു സഞ്ജരിച്ചു പോയി! എന്തെല്ലാം യാതനകൾ, ഒടുവിൽ രാമന്റെ ക്രൂരമായ തിരസ്കാരവും! ശരിക്കും സീതയുടെ സ്നേഹത്തിനു അർഹനായിരുന്നോ രാമൻ??ഒരിക്കലുമല്ല എന്നാണു എനിക്കു തോന്നിയതു! പുരുഷന്റെ ദുരഭിമാനത്തിന്റെ പ്രതീകമായിരുന്നു രാമൻ! ഒരു പക്ഷേ ത്രേതായുഗത്തിലെ ഏറ്റവും വലിയ ഹിപ്പോക്രാറ്റ്‌!

ഭാഷയുടെ പരിമിതികൾ മറികടന്നു കൊണ്ട്‌, മുദ്രകളുടെ സാങ്കേതികൾ അറിയാത്ത ഒരു സാധാരണക്കാരനായ എന്നിലേക്കു സീതയുടെ മനസ്സു പകർന്നു തന്ന ആ വലിയ കലാകാരിക്കു ഹൃദയം നിറഞ്ഞ പ്രണാമം...

Tuesday, April 14, 2009

വിഷാദം പെയ്ത വിഷു..

ചില തിരക്കുകളിൽ പെട്ടതു കൊണ്ട്‌ ഈ വിഷുവിനു നാട്ടിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല..

ഇവിടെ നഗരത്തിലെ ഉദ്യനങ്ങളിലും, വഴിയൊരങ്ങളിലും കണിക്കൊന്ന പൂത്തുലഞ്ഞു നിന്ന് ഓർമകളെ പിന്നോട്ട്‌ പിടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു..
അച്ഛൻ ഇല്ലാത്ത ആദ്യ വിഷു.. കണിയൊരുക്കാനും സദ്യവട്ടങ്ങൾക്ക്‌ ഉത്സാഹിക്കാനും ഇടക്കു തമാശകൾ പൊട്ടിക്കാനും ഒക്കെ വലിയ ആവേശമായിരുന്നു അച്ഛനു..

എല്ലാ കാര്യങ്ങൾക്കും ഒരു വഴികാട്ടിയും, പലപ്പോഴും അദൃശ്യമായ ഒരു കവചവും ആയിരുന്നു..

കാലം പെട്ടെന്നു കർട്ടൻ വലിച്ചിട്ടപ്പോൾ ഓർമകൾ മാത്രം ബാക്കിയായി..

ഒന്നോർത്താൽ എല്ലാവരും ഒരു പക്ഷെ നഷ്ട സ്വപ്നങ്ങളുടെ, വിഷാദങ്ങളുടെ തടവുകാരായിരിക്കാം...

Tuesday, March 31, 2009

വിഹ്വലതകൾ...

ആത്മീയതയുടെയും അതിഭൗതികതയുടെയും ഇടക്കു മനസ്സ്‌ പെൻഡുലം പോലെ ആടിക്കൊണ്ടിരിക്കുന്നു...

മനസ്സിന്റെ ലോല തന്ത്രികൾ അഴിയുകയും മുറുകുകയും ചെയ്യുന്നത്‌ ജലമർമരം പോലെ...

നീണ്ടുപോകുന്ന ഒറ്റയടിപ്പാതയിൽ യാത്രാ മധ്യെ ലക്ഷ്യം മറന്ന കൊച്ചുകുട്ടി..അതാരാണു??

എന്താണാ യാത്രയുടെ അർത്ഥം? അല്ലെങ്കിൽ അർത്ഥം അന്വേഷിച്ചലയേണ്ട കാര്യമുണ്ടോ...?

ചിന്തയുടെ ചലനങ്ങൾ നിലക്കുമ്പോൾ അത്‌ ജീവിച്ചിരിക്കുമ്പോൾ മരണാവസ്ഥയെന്ന് ജെ.കെ..

എന്തിനെഴുതുന്നു? മനസ്സെന്ന കള്ളന്റെ സൂത്രങ്ങളാണോ ഇത്‌?

ഉറങ്ങട്ടെ..ഒരു രാത്രിമഴയുടെ ഇമ്പങ്ങളിലലിഞ്ഞ്‌..ചിന്തയുടെ പുതുനാമ്പുകൾ മുളപൊട്ടിയോ എന്ന് നാളെ രാവിലെ എനിക്കു മനസ്സിന്റെ ജാലകത്തിലൂടെ പാളി നോക്കണം..

Sunday, March 29, 2009

വിലാസം നഷ്ടപ്പെട്ടവർ..

ഗോലിബാർ മൈദാൻ ചൗക്ക്‌ സിഗ്നലിൽ ഞാൻ കാർ ചവിട്ടി നിർത്തുമ്പോൾ സിഗ്നലും, ആകാശവും ഒരു പോലെ ചുവന്നിരുന്നു.. സൂര്യൻ അന്നത്തെ ഒളിവു ജീവിതത്തിനായി ഓടിയോളിക്കാൻ തുടങ്ങിയിരുന്നു..വാനത്തിൽ ചുവപ്പു ചായമടിച്ച ശേഷം..നിറഞ്ഞ സന്ധ്യ..

ഇന്ന്‌ നിരത്തിൽ തിരക്കു കൂടുതലാണു..ഞാൻ ഓർത്തു..സ്ഥിരം മാഗസിനുമായി വിൻഡോവിൽ തട്ടുന്ന ബാബുലാൽ കാർ കണ്ടപ്പോൾ ഓടിവരുന്നുണ്ട്‌.. ആദ്യമായി അവനെ കാണുന്നത്‌ ഒരു വർഷം മുമ്പാണു..അന്ന്‌ ഒരു വില കൂടിയ ഓട്ടൊ മാഗസിൻ വാങ്ങിയപ്പോൾ അവൻ പുഞ്ജിരിച്ചു കൊണ്ട്‌ നന്ദി പറഞ്ഞു..
വെറുതെ ഒരു ചോദ്യമെറിഞ്ഞു, ആപ്‌ കാ നാം ക്യാ?.. അവന്റെ മുഖത്തെ അവിശ്വസനീയത തുടച്ചെടുക്കാമായിരുന്നു!...പിന്നെയൊരിക്കലാണു അവൻ പറഞ്ഞത്‌, ശീതികരിച്ച കാറുകളുടെ ജനാല അവനു വേണ്ടി തുറക്കൂന്നതു തന്നെ അവൻ ദൈവം സ്വർഗ വാതിൽ തുറക്കുന്ന പോലെ ആണെന്നും സിഗ്നൽ വ്യാപാരിയുടെ പേരു ചോദിക്കുന്നത്‌, ദൈവം പേരു വിളിക്കുന്നതു പോലെ അത്യപൂർവ്വം ആണെന്നും!...

പിന്നിടൊരിക്കൽ സിഗ്നൽ സ്റ്റക്കായി കിടന്നു പൊയ സമയത്ത്‌ അവൻ ഓടിയെത്തിയപ്പോൾ പതിവു പോലെ ഒരു മാഗസിൻ വാങ്ങിയ ശേഷം എവിടെയാണു അവന്റെ താമസം എന്നൊരു ചോദ്യം വിട്ടു.. സാറിനറിയാമോ, തിരക്കു പിടിച്ച ഈ ജ്ംഗ്ഷൻ പതിനഞ്ജു കൊല്ലം മുൻപ്‌ ഒരു ഗ്രാമ മൈതാനമായിരുന്നു..ഇവിടെയായിരുന്നു, ഞങ്ങളുടെ വീട്‌...നഗരം വലുതായി വലുതായി ഞങ്ങളുടെ ഗ്രാമത്തെ തിക്കി പുറത്താക്കി സർ.. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ വിലാസം അന്വേഷിച്ചു കൊണ്ടിരിക്കുകയാണു..

ആ കറുത്ത ഫലിതം എവിടെയൊക്കെയോ തുളഞ്ഞു കയറി എന്നെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.. അന്നത്തെ ക്ലയന്റ്‌ പാർട്ടി കുറെ നീണ്ടുപോയി..ആയിരങ്ങൾ വിലയുള്ള പാനീയങ്ങൾ നിറയുകയും ഒഴിയുകയും ചെയ്തു കൊണ്ടിരുന്നു.. എന്തോ അന്നാദ്യമായി ഞാൻ ആ സഭയിൽ മനസ്സു നഷ്ടപ്പെട്ടവനായി..

Saturday, March 28, 2009

പിണറായിക്കു മുളച്ച താടി!!

അങ്ങനെ ഒടുവിൽ പിണറായിക്കും താടി വന്നു!..(മദനിത്താടി!)..
അതു വർഗീയ താടി ആണോ മതേതര താടി ആണോ എന്നോക്കെ ചാനലുകൾ മറിച്ചും തിരിച്ചും കീറിയും വെട്ടിയും ഒക്കെ പരിശോധിക്കുന്നുണ്ട്‌!.

തിരഞ്ഞെടുപ്പെന്ന പൊറാട്ടു നാടകം അന്ത്യത്തോടടുക്കുമ്പോഴെക്കും ഒരു തീരുമാനമാകുമെന്ന്‌ പ്രത്യാശിക്കാം!

ഇപ്പോഴത്തെ നിലക്ക്‌ രാഷ്ട്രീയക്കാർ അവർക്കു വേണ്ടി തന്നെ നടത്തുന്ന ഈ പ്രതിഭാസത്തെ വൈകാതെ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങൾ ഏറ്റെടുക്കുമെന്നു പ്രതീക്ഷിക്കാം അല്ലേ!
ഈയടുത്ത്‌ കണ്ട ഏറ്റവും വലിയ തമാശ പൂന്തുറ സിറാജിന്റെ വിപ്ലവ പ്രസംഗമാണു!!!!

ഉദരനിമിത്തം ബഹുകൃതവേഷം എന്നോ മറ്റ ഒരു പഴഞ്ജൊല്ല് ഓർത്തു പോയി!കഷ്ടം!

Thursday, March 26, 2009

കുപ്പിപാത്രങ്ങൾ..

അമ്മക്ക്‌ വലിയ ഇഷ്ടമായിരുന്നു കുപ്പിപാത്രങ്ങളേട്‌..
പ്ലാസ്റ്റിക്കിന്റെ അതിപ്രസരം ഇത്രയും ഇല്ലാത്ത കാലം..അന്ന് ഒട്ടുമിക്കാലും സാധനങ്ങളും ഹോർലിക്സ്‌,ബ്രൂ കോഫി പൗഡർ,തേയില,സ്ക്വാഷ്‌ അങ്ങനെയുള്ളവ വന്നിരുന്നതു പല ആകൃതിയിലുള്ള മനോഹരമായ കുപ്പികളിലായിരുന്നു എന്നാണു എന്റെ ഓർമ.. പല കുപ്പികളുടെയും ഭംഗി കണ്ടിട്ട്‌ ഉടനെ ആവശ്യമില്ലെങ്കിലും കുപ്പി സ്വന്തമാക്കനായി അമ്മ അവ വാങ്ങാൻ അഛനോട്‌ പറയുമായിരുന്നു..

പ്ലാസ്റ്റിക്‌ എന്ന അനശ്വര സങ്കൽപ്പം അന്ന് വന്നിട്ടില്ല ചെറിയ പാത്രങ്ങളുടെ രൂപത്തിൽ..മാത്രമല്ല കുപ്പികൾക്കു മനുഷ്യാവസ്ഥയുമായുള്ള ഒരു താദത്മ്യം കൂടി അതിനു പിന്നിലുണ്ടാകാം എന്നു ഞാൻ ഓർക്കാറുണ്ട്‌..ഉടഞ്ഞ്‌ അതിന്റെ കണികാവസ്ഥയിലായാൽ ആയുസ്സു തീർന്ന മനുഷ്യ ജന്മം പോലെ നിഷ്പ്രയോജനം..!

പറഞ്ഞു വന്നത്‌, ഹൈസ്കൂൾ പഠിക്കുന്ന സമയത്തെ ചില അടുക്കള വിദ്യകൾ ഞാൻ വശമാക്കിയിരുന്നു..ചായ,കാപ്പി ഇവയൊക്കെ സൃഷ്ടിച്ചെടുക്കാൻ വലിയ ഇഷ്ടമായിരുന്നു.. സമരം നിറഞ്ഞ ഒരു കാലഘട്ടം ആയിരുന്നു അത്‌..നേരത്തെ സ്കൂൾ വിട്ട്‌ വന്നാൽ, അമ്മയുടെ ഭംഗിയുള്ള ചില കുപ്പികളിൽ സൂക്ഷിച്ചിട്ടുള്ള കാപ്പിപൊടിയെടുത്തു കാപ്പിയടിക്കാറുമുണ്ട്‌!..ടീച്ചറായിരുന്ന അമ്മ ചിലപ്പോൾ ഒക്കെ സ്കൂൾ വിട്ടു വരുമ്പോൾ ഞാൻ ഓഫർ ചെയ്യാറുമുണ്ട്‌!..എന്റെ കുപ്പികളിന്മേലുള്ള കയ്യേറ്റം അത്രക്കു ഇഷ്ടമില്ലെങ്കിലും!

അങ്ങനെ ഇരിക്കെയാണു, കാറ്റ്‌ കടന്നതു മൂലം കട്ട പിടിച്ചു പോയ ഒരു ബ്രൂ കോഫിയുടെ കുപ്പി ചിന്നി ഉള്ളിൽ പൊട്ടിയിരുക്കുന്നതു അമ്മയുടെ ശ്രദ്ധ്യിൽ പെട്ടത്‌.. പ്രതി ഞാനാണെന്ന് ഉറപ്പിച്ച അമ്മ ശകാരം തുടങ്ങാൻ ഒട്ടും അമാന്തിച്ചില്ല..ഇനി അടുക്കളയിൽ കയറിയാൽ അഛനോട്‌ റിപ്പോർട്ട്‌ ചെയ്ത്‌ കടുത്തശിക്ഷ ഉറപ്പാക്കും എന്ന് വരെ അത്‌ നീണ്ടുപോയി..ഇതെല്ലാം കേട്ട്‌ പ്രോത്സാഹിപ്പിക്കാനും എരിതീയിൽ എണ്ണ ഒഴിക്കാനും അനിയനും കൂടെ കൂടി..

പക്ഷേ പ്രതിയാക്കപ്പെട്ട എനിക്ക്‌ ഇതു എപ്പോ സംഭവിച്ചു എന്ന് എത്ര ഓർത്തിട്ടും പിടി കിട്ടിയില്ല.. കുറെ നാളുകൾക്കു ശേഷം ഞങ്ങളുടേ ഡിന്നർ സഭയിൽ അമ്മ വീണ്ടും ഈ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴാണു, അനിയച്ചാർ ആ ക്രൂര കൃത്യത്തിനു പിന്നിൽ താനണു എന്നു വെളിപ്പെടുത്തിയതു.!

എന്നെ വെറുതെ വഴക്കു പറഞ്ഞല്ലോ എന്നോർത്ത്‌ ചിരിച്ചോണ്ട്‌ അമ്മ നോക്ക്കിയ നോട്ടം..! ഇപ്പോഴും വല്ലപ്പോഴും ഞങ്ങൾ അതോർത്തു ചിരിക്കാറുണ്ടു!

പഴയ കുപ്പിപാത്രങ്ങളൊക്കെ പലപ്പോഴായി നാടു നീങ്ങി..ഇപ്പോൾ ആ സ്ഥാന്ത്ത്‌ പുതിയ തലമുറ ജാറുകൾ സ്ഥാനം പിടിച്ചു..എങ്കിലും ഓർമകളിലെ കുപ്പിവള കിലുക്കം പോലെ കുപ്പിപാത്രങ്ങളുടെ ഭംഗി മനസ്സിൽ മായാതെ നിൽക്കുന്നു..

Tuesday, March 24, 2009

അർദ്ധനാരീശ്വരം..

ഇടക്ക്‌ ഞാൻ ഓർക്കാറുണ്ടു..എന്തൊരു മനോഹരമായ സങ്കൽപ്പം ആണത്‌!..പുരുഷനും സ്ത്രീ എന്ന പ്രകൃതിയുടെയും സംഗമം..വ്യക്തിതലങ്ങളിൽ ഭാരതത്തിന്റെ അതിമനോഹര കൽപ്പന..

കുറച്ചുകൂടി ചുഴിഞ്ഞാലോചിച്ചപ്പൊൾ തോന്നി അതിൽ പുരുഷന്റെ (ശിവം) ഒരു സൂത്രം കൂടി ഇല്ലേ എന്നു!
ഒരു ശിവ പാർവ്വതീ പരിഭവത്തിനു ശേഷമാണല്ലോ ഈ ഒരു സങ്കൽപ്പം ഉടലെടുത്തത്‌.അങ്ങനെ വരാൻ കാരണം എന്തായിരിക്കും?

എനിക്കു തോന്നുന്നത്‌,ഒറ്റക്ക്‌ പുരുഷൻ അപൂർണ്ണനും, മനസ്സിനു ധൈര്യം സ്ത്രീയേക്കാൾ വളരെ കുറഞ്ഞവനും ആണെന്നണു! വിയോജിക്കുന്നവർ ധാരാളം കണ്ടേക്കാം!

ഞാൻ നിരീക്ഷിച്ചിട്ടുള്ളതും അടുത്തറിയാവുന്നവരുമായിട്ടുള്ള പല സ്ത്രീകളുടെയും മാനസിക കരുത്തും, പ്രശ്നങ്ങളെ നേരിടാനുമുള്ള കഴിവും, എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്‌..ഇത്‌ വെറും പ്രതിപക്ഷ ബഹുമാനമല്ല കേട്ടോ!

എല്ലാ പുരുഷനിലുമുള്ള സ്ത്രീഭാവവും എല്ലാ സ്ത്രീകളിലും ഒളിഞ്ഞിരിക്കുന്ന പുരുഷഭാവവും എന്നൊക്കെ പറയാമെങ്കിലും, കൂടുതൽ ഡിപ്പൻ ഡെൻസി പുരുഷനു തന്നെയാണു!

സർവ്വം ശിവമയം എന്നതിനു പകരം സർവ്വം ശിവ പാർവ്വതീമയം എന്നാക്കുന്നതാണു ഭംഗി!

Monday, March 23, 2009

ഇനിയൊരിക്കലും കണ്ടുമുട്ടേണ്ടാത്തവർ..

ഒരു ഇടവേളക്കു ശേഷമാണു വീണ്ടും ബ്ലോഗിലേക്കു..ബ്ലോഗുകൾ കൂടുതലും ആത്മനിഷ്ഠമാകുന്നു എന്ന തോന്നലിൽ നിന്നാണു അങ്ങനെ ഒരു ഇടവേള വന്നതു.. ഇതും അങ്ങനെയുള്ള ഒന്നു തന്നെ..സ്വയം അറിയുന്നതു ഈശ്വരനെ അറിയുന്നതു പോലെ എന്നാണല്ലോ..അതിനു ഒരു ചെറിയ ശ്രമം കൂടി...

പിന്നെ പറയാൻ ഉദ്ദേശിച്ചത്‌ ചില പ്രത്യേക സ്വഭാവസവിശേഷതകൾ കൊണ്ട്‌ ആദ്യ പരിചയപ്പെടൽ തന്നെ ദുരന്തമായി കലാശിക്കുന്ന മനുഷ്യരെക്കുറിച്ചാണു..
ആദ്യ അനുഭവം ഒരു ബസ്സ്‌ യാത്രക്കിടയിലാണു..വർഷങ്ങൾക്കു മുമ്പ്‌ കാലിക്കട്ട്‌ യൂണിവേർസിറ്റിയിൽ പോയി പ്രിഡിഗ്രി റിസൾട്ടിന്റെ ആകാംക്ഷ അവസ്സനിപ്പിച്ച്‌ തിരിച്ച്‌ തൃശൂർക്കുള്ള യാത്രയിലാണു..ജീവൻ കയിൽപ്പിടിച്ചാണു യാത്ര..സ്പീഡേ..പ്രൈവറ്റ്‌ ബസ്സിൽ കോഴിക്കോട്‌ തൃശൂർ യാത്ര നടത്തിയവർക്കറിയാം അതിന്റെ ഒരു സ്വാദ്‌!..

ഇടക്കു വന്ന് അടുത്തിരുന്ന ഒരു തലേക്കെട്ടുകാരൻ..ചെറിയ കുറ്റിത്താടി..എന്റെ ആദ്യ മലബാർ യാത്രയാണത്‌..കൗമാരപ്രായത്തിൽ.. ഭംഗിയുള്ള താത്തക്കുട്ടികളെയും കണ്ട്‌ കണ്ണുമിഴിച്ചിരിക്കുന്നതിനെടെയാണു നമ്മുടെ കഥാപാത്രം ഇടിച്ചു കേറിയത്‌..വളരെ സ്നേഹത്തോടെയാണു സം സാരത്തിന്റെ തുടക്കം..പേരും നാടുമൊക്കെ പറഞ്ഞ ശേഷമാണു ആ ദുരന്തത്തിന്റെ ആരംഭം.. പ്രവാചകന്റെ മഹത്വവും, ഏക ദൈവത്തിന്റെ ആവശ്യവുമൊക്കെ ഊന്നി ഊന്നിപറഞ്ഞ്‌ അദ്ദേഹം കത്തിക്കയറി..ഹൊ! എന്റെ മനോഹരമായി കലാശിക്കേണ്ട ആ യാത്ര ആ മത പ്രഭാഷണ സുനാമിത്തിരയിൽ മുങ്ങിച്ചത്തു...ഒരു മതത്തിനോടും താൽപ്പര്യമില്ലെന്നും എല്ലാം തട്ടിപ്പാണെന്നും എന്നെ വെറുതെ വിടണമെന്നും അപേക്ഷിച്ചു കൊണ്ടു ഞാൻ രക്ഷപ്പെട്ടു!..ഹൊ..ഇനി ഒരിക്കലും ആ കഥാപാത്രത്തെ കണ്ടുമുട്ടല്ലേ!

അടുത്തതും ഒരു യാത്രാ മധ്യേ ആണു കേട്ടൊ!..
പൂനെയിൽനിന്നും നാട്ടിലേക്ക്‌..ഒരു മഞ്ഞപ്പിത്ത ബാധിതനായി ഞാൻ വണ്ടികയറിയിരിക്കുകയാണു.. ഒരാഴ്ചയോളം നീണ്ട കടുത്ത പനിക്കു ശേഷമാണു മഞ്ഞ സ്ഥിതീകരിച്ചതു..അതിനുള്ളിൽ എല്ലാ അഹങ്കാരവും ശമിച്ച്‌, ആത്മവിശ്വാസം ചോർന്ന് തകർന്ന് തരിപ്പണമായിട്ടാണു തീവണ്ടിയിൽ സുഖയാത്രക്ക്‌ എ.സി.കംമ്പാർട്ട്‌മന്റിൽ കയറിപ്പറ്റിയത്‌.. സൈഡ്‌ ബർത്തിൽ കയറിപ്പറ്റി ഇരിക്കുന്നതിനിടെ ലോവർ ബർത്തിൽ ഇരിക്കുന്ന 50 വയസ്സോളം പ്രായമുള്ള ഒരു ആന്റിയോട്‌ അബദ്ധത്തിൽ സീറ്റ്‌ നമ്പർ ചോദിച്ചു പോയി..പെട്ടെന്ന് പ്രകോപിതയായ അവർ "തന്നോടല്ലേ ഞാൻ നേരത്തെ പറഞ്ഞെ" എന്നു തുടഞ്ഞി ശകാര വർഷം തുടങ്ങി..എനിക്കു ഇപ്പോഴും പിടിയില്ല അവർ പ്രകോപിതയാകാൻ കാരണം..ആകെ വിഷണ്ണനും ക്ഷീണിതനുമായ ഞാൻ എങ്ങനെയോ നാട്ടിൽ എത്തിപ്പറ്റിയെന്നു പറഞ്ഞാൽ മതിയല്ലോ..വെറൊരു സഹയാത്രികൻ എന്നെ ആശ്വസിപ്പിച്ചതും ആ സ്ത്രീയോട്‌ കയർത്തതും ഒക്കെ ഒരു മൂടൽ പോലെ ഓർമയുണ്ടു..എനി അവരെ ഒരിക്കളും കണ്ടുമുട്ടല്ലേ..


പിന്നെ ഒരനുഭവം ഒരു ഹോട്ടലിൽ ഇരിക്കുമ്പോഴാണു..ഒരൽപ്പം സ്റ്റാർ അന്തരീക്ഷം.. സെർവ്വ്‌ ചെയ്യാൻ ഒരൽപ്പം വൈകിയെന്നാരോപിച്ച്‌ ഒരു ബെയറെറെ കരുണയില്ലാതെ ശകാരിക്കുന്ന ഒരു 3 പീസ്‌ സ്യൂട്ടുകാരന്റെ മുഖം..ഇനി ഒരിക്കലും എതിരെ വരല്ലേ..!
അങ്ങനെ ഇനിയും ഉണ്ട്‌ കേട്ടൊ!

ഇത്രയും എഴുതിയപ്പോൾ ആണു, പല സന്ദർഭങ്ങളിൽ ഞാനും ഇത്തരം ഒരു കഥാപാത്രമായി മാറിയിട്ടുണ്ടാവില്ലേ എന്ന സംശയം ഉടലെടുത്തതു!..

തെറ്റുകളിൽ നിന്നാണല്ലോ ശരികൾ രൂപപ്പെടുന്നത്‌ അല്ലേ!..

Friday, February 27, 2009

ആകാശത്ത്‌ സ്വപ്നം വാങ്ങിയവൻ..

കടലിനഭിമുഖമായുള്ള തന്റെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കയറിൽ കെട്ടിത്തൂക്കിയ ചൂരൽക്കസേരയിലിരുന്നാടവേ, രാജീവൻ കടൽക്കാറ്റിനോട്‌ കിന്നാരം പറഞ്ഞുനിന്ന ഭാര്യയെ നോക്കി പുഞ്ജിരിച്ചു..

അതിൽ എല്ലാം ഉണ്ടായിരുന്നു..ആകാശത്ത്‌ ഒരു പിടി സ്വപ്നം സ്വന്തമാക്കിയവന്റെ ആഹ്ലാദം, നഗരമധ്യത്തിൽ നഗരത്തിന്റെ ലഹരി നുണഞ്ഞുള്ള ജീവിതത്തിന്റെ ത്രസിപ്പിക്കുന്ന ഇരമ്പം..എല്ലാം...
പതിനഞ്ജു വർഷം മുമ്പ്‌ പഠനം കഴിഞ്ഞ്‌ ആദ്യ ജോലിക്കായി തന്റെ നാട്ടിൻ പുറത്തെ വീട്ടിൽ നിന്ന് 2 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി, ബസ്റ്റോപ്പിനടുത്തെ മണിനായരുടെ ചായപ്പീടികയുടെ ചായ്പ്പിൽ അവനെ പാർക്ക്‌ ചെയ്ത്‌,ചുവന്ന പെയിന്റടിച്ച "ഗായത്രി" ബസ്സിലെ തിരക്കും, കുലുങ്ങി കുലുങ്ങിയുള്ള നഗരത്തിലേക്കുളള ദീർഘയാത്രയും,എത്രയോ തവണ രാജീവൻ അവളോട്‌ വർണ്ണിച്ചു കേൾപ്പിച്ചിരിക്കുന്നു..
"ഇരുന്നിട്ട്‌ കാലു നീട്ടിയാ പോരേടാ" എന്ന അഛന്റെ ചോദ്യത്തെ അവഗണിച്ചാണു അവർ നാട്ടിലെ പറമ്പിന്റെ പകുതി വിറ്റു കിട്ടിയ തുക ബിൽഡർക്ക്‌ കൈമാറിയത്‌.. സ്വിമ്മിംഗ്‌ പൂൾ, മൾട്ടി ജിം, ജോഗ്ഗേഴ്സ്‌ ട്രാക്ക്‌ നീണ്ടു പോകുന്ന നിറങ്ങളുടെ ഒരു പട്ടിക തന്നെ ബിൽഡർ അവരുടെ സ്വപ്നങ്ങൾക്ക്‌ വർണ്ണം പൂശാനായി നിരത്തിയിരുന്നു...
നഗരത്തിൽ നന്മയുടെ തുരുത്തു പണിയാനുള്ള രാജീവന്റെ ആഗ്രഹത്തിനു മുകളിൽ ഇടിത്തീയായി വീണത്‌ ഒരു ദാക്ഷിണ്യവുമില്ലാതെ കടന്നു വന്ന സാമ്പത്തിക മാന്ദ്യമായിരുന്നു..ആറക്കത്തിനോടടുത്തു വരുന്ന വരുമാനം പെട്ടെന്നു നിലച്ചപ്പോൾ ലോൺ തന്ന ബാങ്കുകാർ ഫ്ലാറ്റിന്റെ മണി സ്ഥിരമായി മുഴക്കിത്തുടങ്ങിയിരുന്നു...
ഒടുവിൽ ആകാശത്തെ തന്റെ ഒരു പിടി സ്വപ്നത്തിന്റെ തീറു ബാങ്കിനു കൈമാറുമ്പോൾ രാജീവന്റെ മനസ്സിന്റെ നിർവ്വികാരത കാർമേഘം ഇല്ലാത്ത വാനം പോലെ തന്നെ മൗനം പൂണ്ടു നിന്നു..

നാട്ടിലെ കൊച്ചു വീടിന്റെ മുറ്റത്തു കാർ നിർത്തി രാജീവൻ മണ്ണിൽ ചവിട്ടി നിന്നു.. അഛൻ കടന്നു പോയിട്ട്‌ അഞ്ജു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. പതുക്കെ അയാൾ അഛനുറങ്ങുന്ന സ്ഥലത്തെക്കു നടന്നു..
ചെറിയ കാറ്റിൽ വാഴത്തലപ്പ്‌ തലയാട്ടി..ഇടക്കാലത്ത്‌ മനസ്സിടറി തൂവിപ്പോയ ഇന്നലേകളെ, ഓർമകളെ, അയാൾ ഒരു ദീർഘശ്വാസത്തിലൂടെ ഉള്ളിലേക്കെടുത്തു..

ഒരു പുതിയ തുടക്കത്തിനായി അഛന്റെ അനുഗ്രഹം പോലെ മഴ കണ്ണീരായ്‌ രാജീവന്റെ കവിൾ നനച്ചു...മണ്ണും....

Saturday, February 21, 2009

അവന്റെ ചില ഉച്ചക്കിറുക്കുകൾ.. !

അവനു മുപ്പത്തഞ്ജു വയസ്സിൽ റിട്ടയർ ചെയ്യണം..

അതു നാടകീയമായി, തന്നെ വേണം.. കോർപ്പറേറ്റ്‌ മുതലാളിക്ക്‌ ഒരു പ്രേമലേഘനം കൊടുക്കുന്ന ലാഘവത്തോടെ സമർപ്പിക്കണം..

പുരികം ചുളിച്ച്‌ മുഖമുയർത്തി നോക്കുന്ന ആ പാവത്തിനൊട്‌ ഒരു ടാറ്റ പറഞ്ഞിട്ട്‌ രണ്ടു കൈയും പോക്കറ്റിൽ കുത്തി ചൂളമടിച്ച്‌ ഇറങ്ങിപ്പോരണം..!

എന്നെത്തേക്കാളും മനോഹരമായ ആ സന്ധ്യക്ക്‌ ഒരു ഫ്ലയിംഗ്‌ കിസ്സ്‌ എറിഞ്ഞു കൊടുത്ത്‌ പത്ത്‌ വർഷം കറങ്ങിത്തിരിഞ്ഞ ആ നഗരം വിടണം... അതിനു മുൻപേ വേണമെങ്കിൽ ഒരു കോപ്പ മദ്യം ആകാം...നിയോൺ ലാമ്പുകളുടെ വെളിച്ചത്തിൽ ഒരു ഈവനിംഗ്‌ വാക്കും...
എന്നിട്ട്‌....???

ദൂരെ ദൂരെ അവന്റെ കൊച്ചു പട്ടണത്തിൽ ഒരു പുസ്തകക്കട തുറക്കണം... കൊച്ചുകട മതി.. അതിലെ എല്ലാ പുസ്തകവും സ്വയം തിരഞ്ഞെടുക്കണം... രാവു പകൾ കുത്തിയിരുന്നു വായിക്കണം..ആ ലഹരിയിൽ മുങ്ങണം...

ഉടമസ്ഥൻ വായിച്ചു തീരാത്ത പുസ്തകങ്ങൾ ഒന്നും വിൽക്കപ്പെടുകയില്ല എന്നു വലിയ അക്ഷരത്തിൽ എഴുതി വക്കണം..കടക്കകത്ത്‌..!

വായിച്ച്‌ മടുക്കുമ്പോൾ നടത്തം പിടിക്കണം..പാടത്തെ കീറിമുറിച്ചു പോകുന്ന തിരക്കില്ലാത്ത ആ റോഡിലൂടെ... ഒരു ഈളം കാറ്റിൽ മയങ്ങിക്കിടക്കുന്ന ചെടികളേയും പൂക്കളോടും കണ്ണിറുക്കി കാണിച്ചു കൊണ്ട്‌...

ഇടക്ക്‌ കട പൂട്ടി ദൂര യാത്രകൾ പോകണം..പൊതിച്ചോറു കരുതാതെ.. അവധൂതനെപ്പോലെ..ഒരു പി.കുഞ്ഞുരാമനായി..(അത്രക്കു വേണൊ! നോക്കട്ടെ!) വീണിടം വിഷ്ണുലോകം സ്റ്റൈലിൽ..സമാന്തരമായി പോകുന്ന പാളങ്ങൾക്കു മുകളിലൂടെ സ്വപ്നങ്ങളുടെ പിന്നാലെ പായണം..ഒന്നുമായും കൂട്ടിമുട്ടാതെ...

അതെ..അവന്റെ മനസ്സിലും ഒരു അരാജകവാദിയുണ്ട്‌..എല്ലാ മനുഷ്യരേയും പോലെ..അതു ഒരു കുറ്റമാണോ..?

അപ്പൊൾ അവളോ?? അവൾ ഒരു പ്രായോഗിക വാദി!!!!

അവളും അവരുടെ ജീവനുള്ള സൃഷ്ടികളും പട്ടിണി കിടന്നു മരിക്കാതിരിക്കാൻ ദൈവം അവന്റെ ചരട്‌ അവളുടെ കൈയിൽ ഏൽപ്പിച്ചു കളഞ്ഞു!

പക്ഷെ ഒരു വലിയ തുകക്ക്‌ ലോട്ടറി അടിക്കുമെന്നും, അതോടെ ആ ചരട്‌ പൊട്ടിച്ചു ഒറ്റ ഓട്ടം വെച്ചു കൊടുക്കാമെന്നും അവൻ സ്വപ്നം കാണാറുണ്ട്‌..

അവന്റെ ഓരോ ഉച്ചക്കിറുക്കുകൾ...!

Thursday, February 19, 2009

വിരിയാൻ വിസമ്മതിച്ച പൂവ്‌( ഫെബ്രുവരി പതിനാലിനൊരടിക്കുറിപ്പ്‌)...

ചാനലുകൾ വലന്റൈൻ ദിന ഡെഡിക്കേഷനുകൾ ഛർദ്ദിക്കാൻ തുടങ്ങുന്നതിനു മുൻപൊരു കാലം..

ഇടവഴിയിലെ വേലിത്തലപ്പുകൾക്കു മുകളിലൂടെ എന്നെ നോക്കി പുഞ്ജിരിക്കുന്ന റോസാപ്പൂവിനെ ഞാൻ മനസ്സുകൊണ്ട്‌ പൊട്ടിച്ചെടുത്ത്‌ അവൾക്കു സമ്മാനിച്ചിരുന്നു..

പ്രണയം ഇടക്കു സൂര്യകാന്തിയെപ്പോലെ തുടുത്തും പിന്നെ മുല്ലപ്പൂവിനെപ്പോലെ ചിരിച്ചും, പിന്നെ റോസാപ്പൂപോലെ ചുവന്നും, പിന്നെപിന്നെ പാലപ്പൂവിന്റെ സുഗന്ധമായും ഞങ്ങൾക്കിടയിൽ മൗനമായി ഒഴുകിപ്പരന്നു...

കാലമോകാലക്കേടോ, ആ പ്രണയത്തിനു വിധിച്ചതു വിരഹമായിരുന്നു.. ഒടുവിലൊടുവിൽ ഓർമകളിൽ നിന്നും പടിയിറങ്ങിപ്പൊയ വിരഹം..

ഒരു തരത്തിൽ ഓർമകളെ കൊണ്ടുനടക്കുന്നതൊരു ഭാരമാണു..ഓർമകൾ ആർക്കെങ്കിലും കൈമാറാൻ കഴിഞ്ഞിരുന്നെങ്കിൽ..മനസ്സിന്റെ ഉള്ളറകൾ ശൂന്യമാകുന്നതാണു സുഖം..കനമില്ലാതെ അപ്പൂപ്പൻ താടിപോലെ...

പിന്നീട്‌ വർഷങ്ങൾക്കു ശേഷം ഒരു സുഖമുള്ള പിൻ വിളിപോലെ ഒരാൾ..

വിരിയാൻ വിസമ്മതിച്ച മനസ്സിലെ പ്രണയപുഷ്പങ്ങൾ തനിയെ വിരിഞ്ഞു..

അതെ..ഇപ്പോൾ ആ പ്രണയത്തിന്റെ സുഖത്തിലും നൊമ്പരത്തിലുമാണു...

ഇപ്പോൾ ഭുതവും ഭാവിയുമില്ലാതെ സ്വയം സൃഷ്ടിച്ച കാലത്തിന്റെ തടവറയിലാണു ഞങ്ങൾ....

Wednesday, February 4, 2009

പാലസ്തീനിൽ നിശ്ചയമായും പൊളിയുന്ന ബിസിനസ്സ്‌ എന്തായിരിക്കും?

സംശയമില്ല, ആദ്യം പൂട്ടേണ്ടി വരുന്നതു ഇൻഷൂറൻസ്‌ കമ്പനികളായിരിക്കും.. പ്രീമിയം അടച്ചു തുടങ്ങിമ്പോഴെക്കും ഇസ്രായേലിന്റെ വെടിവെച്ചുകളിയും റോക്കറ്റ്‌ വിക്ഷേപണവും മൂലം തട്ടിപ്പോകുന്ന ആളുകൾക്ക്‌ കോമ്പൻസേഷൻ കൊടുത്താൽ തന്നെ ഒരു വിധം വലുപ്പമുള്ള കമ്പനികളൊക്കെ പൂട്ടേണ്ടിവരും...

ലോക സമാധാനത്തിന്റേയും ജനാധിപത്യത്തിന്റേയും അപ്പോസ്ത ലന്മാരായ അമേരിക്ക കണ്ണുമടച്ചു പൂച്ചയുറക്കം നടിക്കുന്ന ഒരേ ഒരു സംഗതി.. സൗദി രാജകുടുംബത്തിന്റെ സർവ്വാധിപത്യത്തിനു കുട പിടിക്കുന്ന ഇവരാണു ജനാധിപത്യത്തിന്റെ കാവൽ മാലാഖമാർ!

ഒരു കാര്യവുമില്ലാതെ മരിച്ചുവീഴുന്ന കുട്ടികളുടെ ഫോട്ടോ കണ്ടു ഹൃദയം തകർന്നാണു ഈ കുറിപ്പ്‌ എഴുതുന്നത്‌..

എന്നാണാവോ മനുഷ്യൻ മതത്തിന്റെയും രാജ്യത്തിന്റേയും ഭാഷയുറ്റേയും രാഷ്ട്രീയത്തിന്റേയും അതിരുകൾ മായ്ച്ചുകൊണ്ട്‌ ജീവിക്കാൻ (യുദ്ധം ചെയ്തു മരിക്കാനോ കൊല്ലപ്പെടാനോ അല്ല) തുടങ്ങുന്നത്‌..

അതോ ഇതു ഒരു ഉട്ടോപ്യൻ സങ്കൽപ്പമായി എന്നും നിലനിൽക്കുമോ? ആർക്കറിയാം? ദൈവമുണ്ടെങ്കിൽ അദ്ദേഹത്തിനറിയുമായിരിക്കാം??

Monday, February 2, 2009

കൂറ കൊലപാതകം.!..

ബ്ലോഗ്‌ ശരിക്കും ഒരനുഗ്രഹം തന്നെ...അല്ലെങ്കിൽ വല്ല മാഗസിനിലേക്കും അയച്ചുകൊടുത്താൽ ചവറ്റു കൊട്ടയിലേക്കു സിക്സർ അടിക്കുമായിരുന്ന ഈ കുറിപ്പെല്ലാം എനിക്കു പ്രസിദ്ധീകരിക്കാൻ പറ്റുമാ‍ീയിരുന്നോ? എല്ലാ എഡിറ്റർമാർക്കും എന്റെ നല്ല നമസ്കാരം...

ഇനി കാര്യത്തിലേക്കു വരാം.. കുട്ടിക്കാലത്തേ എനിക്കു ചെറു പ്രാണികളെയും മറ്റും കൊല്ലാൻ വല്യ മടിയായിരുന്നു.. പേടിച്ചിട്ടൊന്നുമല്ല കേട്ടൊ! അതൊക്കെ അങ്ങനെ ജീവിച്ചൊട്ടെ എന്നൊരു തോന്നലായിരിക്കാം അതിന്റെ പിന്നിൽ..പിന്നെ പത്താം ക്ലാസ്സിൽ ബഷീർ സാഹിബ്ബിന്റെ ഭൂമിയുടെ അവകാശികൾ വായിച്ചപ്പോൾ ആ കാരുണ്യം കൂടി.. ഉള്ളതു പറയണമല്ലോ, മലയാളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരൻ ആരെന്നുള്ള ചോദ്യത്തിനു ഒറ്റ ഉത്തരമേ ഉള്ളൂ..ബേപ്പുർ സുൽത്താൻ തന്നെ...

പറഞ്ഞു വന്നത്‌ അങ്ങനെയുള്ള ഞാൻ നടത്തിയ കൂട്ട കൊലപാതകങ്ങളെ കുറിച്ചാണു..ഒന്നല്ല,ഒൻപതല്ല കൃത്യം പറഞ്ഞാൽ തൊണ്ണൂറ്റി ഒൻപതു കൊലപാതകങ്ങൾ ആണു ഞാൻ നിർവ്വഹിച്ചത്‌..കഴിഞ്ഞ ഞായറാഴ്ച്ച

സംഭവം ഇങ്ങനെയാണു..കുറച്ചു നാളായി ഭാര്യ വീട്ടിൽ പോയതു കൊണ്ട്‌ (പിണങ്ങിയൊന്നും അല്ല കേട്ടോ..ഒരു നല്ല കാര്യത്തിനാ) അടുക്കളയിൽ ഞാൻ സൃഷ്ടിക്കുന്ന സ്വയം കൃതാനർത്ഥങ്ങളാണു ഇപ്പൊൾ..അതിന്റെ ഫലമായി ചിതറിക്കിടക്കുന്ന പൊട്ടുപൊടികൾ തട്ടിക്കൊണ്ട്‌ പെറ്റു പെരുകി സംഘടിച്ച കൂറാനു (പാറ്റ എന്നു ചിലർ) കളെ ഞാൻ തിരിച്ചറിയാതെ പോയി..

അടുക്കളയിലെ റാക്കുകളിൽ നിന്നും അവറ്റ എന്റെ ഡ്രസ്സുകൾ അടുക്കി വച്ചിരിക്കുന്ന അലമാര വരെ പ്രവാസം നടത്തി പെറ്റു പെരുകിയപ്പൊളും ഞാൻ കണ്ടില്ലെന്നു നടിച്ചു..ഒടുവിൽ...

ചുമ്മാ ലീ എന്നു പിന്നിലെഴുതിയെന്നും പറഞ്ഞ്‌ എന്റെ കയ്യിൽ നിന്നു ആയിരത്തഞ്ഞൂറു രൂപാ ഇറക്കിയ മുഷിഞ്ഞ നിറമുള്ള ജീൻസു തുളഞ്ഞപ്പൊഴാണു എന്റെ കണ്ണിൽ വെളിച്ചം വീണതു.. പിന്നിട്‌ റാപ്പിഡ്‌ ആക്ഷണായിരുന്നു..

ചുവന്ന കളറുള്ള ഒരു ഃഇറ്റ്‌ ബൊട്ടിലും വാങ്ങിച്ച്‌ ഞാൻ വീട്ടിലെത്തി..അപ്പൊഴാൺ വേറൊരു കാര്യം ഓർമ വന്നതു..പ്രി ഡിഗ്രിക്കു ബയോളജി പ്രക്റ്റിക്കലിനു കൂറ ഡിസക്ഷൻ ടേബിളിൽ മുറിച്ചപ്പോൾ അടിച്ച രൂക്ഷഗന്ധം... അതോരു ഓക്കാനത്തിലും തുടർന്നു ആക്രമണത്തിന്റെ നേരിട്ടുള്ള ചാർജ്‌ സെർവന്റിനു കൈമാറുന്നതിലും കലാശിച്ചു..

തുടർന്നു പലയിടത്തായി വീണു മരിച്ച ധീരരായ കൂറ പടയാളികളെ, സഖാക്കളെ വീരോചിതമാ‍ീയി അടിച്ചു കൂട്ടി ക്ലോസറ്റിലൊഴുക്കി ഉദക ക്രിയ നടത്തി...

എങ്കിലും ഓറോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉണർന്നു വന്നാൽ...എന്റമ്മേ..സാമ്രജ്യത്വം വിപ്ലവത്തിനു കീഴടങ്ങെണ്ടി വരുമോ?...

മനുഷ്യൻ കയ്യേറിയ പ്രാണികളുടെ ലോകമാണല്ലോ ഈ ഭൂഗോളം എന്നോർക്കുമ്പോൾ...എന്റെ തമ്പുരാനേ..നീ തന്നെ തുണ..

വിരഹം...(ചെറുകവിത)...

അരികിലില്ലെങ്കിലും നീ അരികിൽ നിൽപൂ..
ഒരു സ്നേഹ കാറ്റായ്‌ ഒഴുകിയെത്തീ...
മൗനമാ‍ീയെന്നെ തഴുകി നിൽപ്പൂ..

Tuesday, January 20, 2009

ചേറ്റുമണമുള്ള വെള്ളം....

സ്പീഡോ മീറ്ററിൽ ശ്രദ്ധിച്ചു കൊണ്ട്‌ ശരത്ത്‌ ഇറുകിയ ടൈ ഒന്നു വലിച്ചു ശ്വാസം എടുത്തു. പുതിയ ചെയർമാൻ വിളിച്ച ബോർഡ്‌ മീറ്റിങ്ങിന്റെ വാട ഇപ്പൊഴും ചുറ്റും തങ്ങി നിൽക്കുന്നുണ്ടെന്നു അയാൾക്കു വെറുതെ തോന്നി..
ശരത്ത്‌, ഈ ബോർഡ്‌ നിങ്ങളെ വി.പി. ആയി എലിവെറ്റ്‌ ചെയൂന്നതിന്റെ ഉദ്ദ്യശ്യ്ം മനസ്സിലായിക്കാണുമല്ലോ..ഈ വർഷം നമ്മുടെ ഇൻസ്റ്റിറ്റിയൂഷണൽ പോട്ടബിൾ വാട്ടർ ബിസ്സിനസ്സ്‌ 100% അധികം ടാർഗറ്റ്‌ ആണു പ്രതീക്ഷിക്കുന്നത്‌ എന്നറിയാമല്ലോ..സൊ മിനിമം റിസൊഴ്സസ്‌ കൊണ്ട്‌ മാക്സിമം ഔട്ട്പുട്ട്‌ ആണു കമ്പനി പ്രതീക്ഷിക്കുന്നത്‌..സൊ ട്രൈ യുവർ ബെസ്റ്റ്‌ ആൻഡ്‌ ബി ഇൻ ദ കമ്പനി നെക്സ്റ്റ്‌ ഇയർ ആൾസൊ....

പന്നിയുടെ മുഖമുള്ള ചെയർമാൻ പറഞ്ഞു നിർത്തിയപ്പോൾ അതിലെ ഭീഷണി മണത്തിട്ടും അയാൾ പുഞ്ജിരിച്ചു...കാർ ലോൺ,വീടിന്റെ ഇ.എം.ഐ... എതിർക്കാതിരിക്കുന്നതാണു ബുദ്ധിയെന്നു അയ്യാളുടെ ഇതു വരെയുള്ള അനുഭവം പഠിപ്പിച്ചിരുന്നു..ഒരു മന്ദബുദ്ധിയെപ്പോലെ അയാൾ തല ആട്ടി ശരിവച്ചു...

പതിനാറു ലക്ഷത്തിന്റെ കാറിനും വേഗത പോരെന്നു അയാൾക്കു തോന്നി.. തന്റെ മനസ്സിന്റെ വേഗത കാറിനുണ്ടായിരുന്നെങ്കിൽ എന്നയാൾ വെറുതെ മോഹിച്ചു.. ഇന്നിനി രണ്ടു ക്ലയന്റ്സിനെ കൂടി കണ്ടെ പറ്റൂ..ഒന്നു ഒരു പ്ലയ്‌വുഡ്‌ കമ്പനി..350 തൊഴിലാളികൾക്ക്‌ കുടിവെള്ള്ം വേനം..ദിവസവും 1കിലോലിറ്റർ മിനറൽസ്‌ നിറഞ്ഞ കുടിവെള്ളം.. അതിന്റെ കമ്മിഷൻ ഒരു ക്വർട്ടർ എത്ര വരുമെന്നൊർത്ത്‌ അയാൽ നാക്കു നുണഞ്ഞ്‌ ആക്സിലറേറ്ററിൽ കാലമർത്തി...

മീറ്റിംഗ്‌ കഴിഞ്ഞു പുറത്തിങ്ങിയപ്പൊൾ അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു..കാർ തുറന്നു തന്റെ കമ്പനിയുടെ തന്നെ സോഫ്റ്റ്‌ ഡ്രിങ്ക്‌ കുപ്പി പൊട്ടിച്ച്‌ അയാൾ വായിലേക്കു കമിഴ്ത്തി.. അതിനു ആദ്യമായി ഒരു വൃത്തികെട്ട ചുവ അയാൾക്കനുഭവപ്പെട്ടു..
ഇനി 500 കുട്ടികൾ പഠിക്കുന്ന ഒരു കോൺ വെന്റ്‌ സ്കൂൾ പ്രിൻസിപ്പളിനെയാണു കണേണ്ടതു.. എ.സി ഓൺ ചെയ്തിട്ടും പുറത്ത്‌ വല്ലത്ത ഒരു കാറ്റ്‌ വീശുന്നതയാളറിഞ്ഞു.. കാർ പ്രിൻസിപ്പാളിന്റെ ഓഫിസ്‌ കെട്ടിടത്തിനു വെളിയിൽ പാർക്കു ചെയ്ത്‌ ചാടിയയിറങ്ങിയപ്പൊൾ ആ പരിസരം വളരെ പരിചിതമായി ശരത്തിനു തോന്നി..

ഇവിടെ എവിടെയോ തന്റെ കുട്ടിക്കാലം ഓടിക്കളിച്ചിട്ടുണ്ട്‌..ചുറ്റുമതിലിനപ്പുറമുള്ള മൈതാനത്ത്‌ ആർപ്പു വിളികളിൽ തന്റെ പേ‍ീന്റെ ആരവം കേൾക്കുന്നുണ്ട്‌...ആ ആൽത്തറയിൽ തന്റെ ബാല്യത്തിന്റെ കൗതുകം ഐസു മിട്ടായി നുണഞ്ഞിട്ടുണ്ടു.. കൊൺ വെന്റ്വൽക്കരിക്കപ്പെട്ട ആ പഴയ സ്കൂളിന്റെ വരാന്തകളിൽ ഓടിക്കളിച്ച തന്റെ ഭൂതകാലം ഒരു നിമിഷം കൊണ്ട്‌ അയാളുടെ ജരാനരകൾ അപ്രത്യക്ഷമാക്കി...

പണ്ട്‌ ഓടിത്തളർന്ന് വന്നു പാട്ട വെള്ളം കോരിക്കൊരി കുടിച്ചിരുന്ന കിണരിനരികിലേക്കു ഒരു സ്വപ്നത്തിലെന്നൊണം അയാൾ നടന്നു...ഭാഗ്യം..കിണർ മൂടിയിട്ടില്ല..ഓട്ടവീണ പഴയ ബക്കറ്റു എടുത്ത്‌ കിണറ്റിലിട്ടു അയാൾ തുടിച്ച്‌ കോരി...ചേറ്റ്‌ മണമുള്ള വെള്ളം ബക്കറ്റിനകത്തെക്കു തലകടത്തി കുടിച്ചപ്പോൾ വർഷങ്ങളായി എന്തിനോ ഉള്ള ദാഹം പെയുത്‌ തീർന്നതയാളരിഞ്ഞു...

ഇല്ല ടീച്ചർ, ഈ മുറ്റത്തെക്കു കൃത്രിമ വെള്ളം പ്ലാസ്റ്റിക്‌ ക്യാനിൽ അടിക്കാൻ ഞാൻ വളർന്നിട്ടില്ല എന്നുറക്കെ വിളിച്ചു പറയാൻ അയാൾക്കു തോന്നി..

കഴുത്തിലെ കോണകവാൽ വലിച്ചൂരി അയാൾ ഭുതകാലതിലേക്ക്‌ നടന്നു പോയി.......