Tuesday, May 5, 2009

ഗീതാ തീയ്യേറ്റേഴ്സ്‌..

കഴിഞ്ഞ ദിവസം ഇവിടത്തെ ഒരു ആധുനിക മൾട്ടിപ്ലക്സിന്റെ ശീതളിമയിൽ " ഹരിഹർ നഗർ 2 " കാണാൻ ഇരുന്നപ്പോൾ, ടിക്കറ്റിന്റെ വില ഓർത്താണോ എന്തോ, മനസ്സു പെട്ടെന്ന് കുറച്ചു വർഷം പിന്നിലേക്കോടിപ്പോയി..

ഇന്നത്തെ പോലെ ചാനലുകൾ തുടരൻ സിനിമകൾ പ്രസവിക്കാത്ത കാലം..

"നാളെ മുതൽ, നിങ്ങളുടെ പ്രിയപ്പെട്ട ഗീതാ തീയ്യെറ്റെഴ്സിൽ പ്രദർശനം ആരൊഭിക്കുന്നു "തിങ്കളാഴ്ച നല്ല ദിവസം"..എന്നിങ്ങനെ ഉറക്കെയുർക്കെ പ്രഖ്യാപിച്ചു കൊണ്ടു പോകുന്ന വണ്ടിയിൽ നിന്ന് പാറിപറക്കുന്ന നോട്ടീസ്‌ വാങ്ങാൻ റോഡിലേക്ക്‌ എത്ര തവണ ഒ‍ാടിയിരിക്കുന്നു!... വില കുറഞ്ഞ മഞ്ഞ ക്കടലാസിൽ "വികാര നിർഭരമായ കുടുംബ കഥ എന്നു തുടങ്ങി "ശേഷം വെള്ളിത്തിരയിൽ" എന്ന സ്ഥിരം ഫോർമാറ്റിൽ അവസാനിക്കുന്ന നോട്ടീസ്‌ വായിച്ച്‌ താരങ്ങളെ സ്വപ്നം കണ്ടിരിക്കുന്നു!..

അന്നൊക്കെ ദൂരെ ജോലി ചെയ്തിരുന്ന അഛൻ ആഴ്ചാവസാനം വരുമ്പൊൾ നല്ല സിനിമ തീയെറ്ററിൽ വരണെ എന്ന് പ്രാർത്ഥിക്കുമായിരുന്നു,, കാരണം സിനിമ മാത്രമല്ല, അതു കാണാൻ ഉള്ള യാത്രയും രസമാണു, വീട്ടിൽ നിന്നു 2 കിലോമീറ്ററോളം അകലെയാണു ടാക്കീസ്‌..വലിയ പാടശേഖരങ്ങളെ മുറിച്ച്‌ പോകുന്ന റോഡിലൂടെ അഛനും അമ്മയും ഞങ്ങളും, വർത്തമാമൊക്കെ പറഞ്ഞ്‌ കാഴ്ചകളോക്കെ കണ്ട്‌ പതുക്കെ നടക്കും..

ഓല മെടഞ്ഞ മേൽക്കൂരയുള്ള പാവം ഒരു ടാക്കീസ്‌, പലക ബെഞ്ജുകൾ, ഫാസ്റ്റ്‌ ക്ലാസ്‌ ടിക്കറ്റിനു 5 രൂപയോ മറ്റോ ആണു ചാർജ്‌.. ഇടവേളകളിലെ ഒരു പാക്കറ്റ്‌ കപ്പലണ്ടി മുട്ടായിയോ, നല്ല ചൂടുള്ള വറുത്ത കടലയോ... അതിനോക്കെ എന്തൊരു രുചിയായിരുന്നു, എന്തൊരു കൊതിയായിരുന്നു!..

ഫ സ്റ്റ്‌ ഷോ കഴിഞ്ഞാൽ രാക്കാറ്റേറ്റ്‌, ആകാശത്തെയും, നക്ഷത്രങ്ങളെയും നോക്കി നോക്കി തിരിച്ചു നടത്തം..പാടത്തിന്റെ നടുക്കുള്ള കാളവണ്ടിക്കാരൻ വറീതേട്ടന്റെ വീട്ടിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ കാളക്കൂറ്റന്മാർ അയ വെട്ടുന്നതു അവ്യക്തമായി കാണാം...

ആവേശം കൊള്ളിച്ച, കരയിച്ച, കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച എത്രയെത്ര സിനിമകൾ.."രാജാവിന്റെ മകൻ, ചിത്രം, നായർസാബ്‌, അമരം, ഇൻസ്പെക്ടർ ബൽറാം, ആര്യൻ, മയൂരി, ചിദംബരം, അനന്തരം, അങ്ങനെ അങ്ങനെ..

ഹിസ്‌ ഹൈനസ്‌ അബ്ദുള്ള കാണാൻ പോയപ്പോൾ, നിറഞ്ഞു കവിഞ്ഞ തീയെറ്ററിന്റെ ഓല വാതിലുകൾ കാറ്റ്‌ കയറാൻ തുറന്നിട്ടിരുന്നു!...

ആരവങ്ങൾ ഒടുങ്ങിയിരിക്കുന്നു...അന്നത്തെ ടാക്കിസിന്റെ സ്ഥലത്തു ഇന്നെ ഏതോ കെട്ടിടം..പാടശേഖരങ്ങൾ മുഴുവനും, വീടുകളോ, പ്ലോട്ടുകളോ...

പക്ഷെ ഓർമകളിൽ ഇരമ്പങ്ങൾ ജീവനോടെ.. അതേ മനോഹാരിതയോടെ, ആകാംക്ഷയോടെ ജീവിക്കുന്നു.. ഇനിയാക്കാലമൊന്നും തിരിച്ചു വരില്ലെന്നറിയുന്നതിനാൽ, മനസ്സോടു ചേർത്തു താലോലിക്കുന്നു..

വെള്ളിത്തിരയിൽ ജീവിച്ചു മരിച്ച ഒരു പാട്‌ കഥാ പാത്രങ്ങളോടൊപ്പം...

Saturday, May 2, 2009

കൂടിയാട്ടം..

പൂനെ കഥകളിവേദി അവതരിപ്പിച്ച ശ്രീമതി മാർഗി സതീദേവിയുടെ ഒരു കൂടിയാട്ടം പെർഫോമൻസ്‌ കാണാൻ എനിക്ക്‌ ഒരു അവസരം കിട്ടി,

കഴിഞ്ഞ ദിവസം. ഇവിടെ വച്ച്‌ പരിചയപ്പെട്ട റിട്ട.കേണൽ നായർ അങ്കിളിന്റെ കലാസ്വാദന താൽപര്യം ആണു വേദിയുടെ നിലനിൽപ്പു തന്നെ.. മൂപ്പർ ആണു നഷ്ടം സഹിച്ചും ഈ പ്രസ്ഥാനം ഓടിക്കുന്നതു..

പറഞ്ഞുവന്നത്‌ കൂടിയാട്ടത്തെ കുറിച്ചാണല്ലോ, രണ്ട്‌ ഭാഗങ്ങളായിട്ടായിരുന്നു അത്‌, ആദ്യഭാഗം, ഉദ്യന വർണ്ണന. രണ്ടാം ഭാഗം " സീതായനം"

കൂടി ആടുന്നതാണു കൂടിയാട്ടം എന്നും, സൊളോ പെർഫോമൻസിനെ നങ്ങ്യാർ കൂത്ത്‌ എന്നും പറയും എന്നു ഞാൻ മനസ്സിലാക്കി..
ആദ്യ ഭാഗം, വസന്തസേന രാജകുമാരി തോഴിയോടൊപ്പം തന്റെ കാമുകനെ പ്രതീക്ഷിച്ച്‌ ഉദ്യനത്തിലിരിക്കുമ്പോൾ വസന്തം ഭംഗി വാരി വിതറിയ ഉദ്യാനം വർണ്ണിക്കുന്നതാണു.. അത്‌ കണ്ടപ്പോൾ, എന്തുകോണ്ടാണു ക്ഷേത്രകലകൾ അന്യം നിന്നു പോകുന്ന സ്ഥിതി വന്നതു എന്നു എനിക്ക്‌ മനസ്സിലായതു, വളരെ ക്ലിഷ്ടമായ മുദ്രകൾ, സംസ്കൃത ശ്ലോകങ്ങൾ! ശരിക്കും കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ എന്താണെന്നു അപ്പോഴാണു മനസ്സിലായത്‌!..പക്ഷെ വേഷ ഭംഗിയും, അതി മനോഹരമായ ചലനങ്ങളും എന്നെ പിടിച്ചിരുത്തി!..

അടുത്തതു മാർഗി സതി തന്നെ രചിച്ച്‌ സംവിധാനം ചെയത സീതായനം! അശോകവനിയിൽ ബന്ധിതയായി സീതാദേവി, അഴകിയ രാവണന്റെ വരവ്‌, ഭക്തോത്തമനായ വായു പുത്രൻ ഹനുമാന്റെ അടയാള മോതിരവും കൊണ്ടുള്ള പ്രണാമം! ഒരു നിമിഷാർദ്ധം കോണ്ട്‌ മൂന്നു കഥാപാത്രങ്ങളായി പകർന്നാട്ടം നടത്തുന്ന അഭിനയ കലയുടെ അസാധ്യമായ രാസവിദ്യ കണ്ടിട്ട്‌ ഞാൻ തരിച്ചിരുന്നു പോയി!

ശോകാർത്തയായ ജനകപുത്രിയെ കണ്ടപ്പോൾ, സീത അനുഭവിച്ച യാതനകളിലൂടെ എന്റെ മനസ്സ്‌ ഒന്നു സഞ്ജരിച്ചു പോയി! എന്തെല്ലാം യാതനകൾ, ഒടുവിൽ രാമന്റെ ക്രൂരമായ തിരസ്കാരവും! ശരിക്കും സീതയുടെ സ്നേഹത്തിനു അർഹനായിരുന്നോ രാമൻ??ഒരിക്കലുമല്ല എന്നാണു എനിക്കു തോന്നിയതു! പുരുഷന്റെ ദുരഭിമാനത്തിന്റെ പ്രതീകമായിരുന്നു രാമൻ! ഒരു പക്ഷേ ത്രേതായുഗത്തിലെ ഏറ്റവും വലിയ ഹിപ്പോക്രാറ്റ്‌!

ഭാഷയുടെ പരിമിതികൾ മറികടന്നു കൊണ്ട്‌, മുദ്രകളുടെ സാങ്കേതികൾ അറിയാത്ത ഒരു സാധാരണക്കാരനായ എന്നിലേക്കു സീതയുടെ മനസ്സു പകർന്നു തന്ന ആ വലിയ കലാകാരിക്കു ഹൃദയം നിറഞ്ഞ പ്രണാമം...