Thursday, August 27, 2009

കയ്യിൽ പൂക്കളുമായി നിന്ന പെൺകുട്ടി..

പൊടുന്നനെ നട്ടുച്ക്കു മഴ പൊട്ടിവീണു..ഒരു ബിസിനസ്‌ മീറ്റിന്റെ അവശിഷ്ടങ്ങൾ മന്ദതാളത്തിലുള്ള ഒരു ഗസലിന്റെ അകമ്പടിയാൽ തുടച്ചു കളയാൻ ഞാൻ വ്യർത്ഥമായി ശ്രമിചു..

സിഗ്നലിൽ ഇന്ന് പതിവിലേറെ കാറുകൾ.. അലസമായി ഞാൻ പുറത്തേക്കു പാളി നോക്കി...

തൊട്ട്‌ വലതു വശത്തെ കാറിന്റെ ജനലിൽ ഒരു കൂട നിറയെ പൂകളുമായി ഒരു കൊചു പെൺകുട്ടി..നനഞ്ഞു വിറച ആ കുട്ടിയൊട്‌ ഹൃദയമില്ലാതെ വില പേശുകയാണു കാറുകാരൻ... ഒടുവിൽ അവൾ നിരാശയോടെ തിരിഞ്ഞു..

മഴ കനക്കുകയാണു..വൈപ്പർ ബ്ലെഡുകൾ ശക്തമായി ആടുന്നു..എന്റെ ചില്ലിനപ്പുറത്ത്‌ അവ്യക്തമായി അവളുടെ മുഖം കാണാം.. ആവശ്യമില്ലെങ്കിലും ഒരു പൂവു ഞാൻ വാങ്ങാനുറച്ചു.. പത്തു രൂപക്കു രണ്ടു മനോഹരമായ പുഷ്പങ്ങൾ അവളെനിക്കു തന്നു..ദൈന്യം നിറഞ്ഞ ആ മുഖത്ത്‌ ഒരു പുഞ്ജിരി വിരിച്‌ നന്ദി പറഞ്ഞ്‌ അവൾ ഓടി..

കാറിന്റെ ഡാഷ്‌ ബോർഡിലിരുന്ന് ആ പൂക്കൾ എന്നെ ഉറ്റു നോക്കി..ഉതിരാൻ വെമ്പുന്ന കണ്ണിർക്കണം പോലെ മഴത്തുള്ളികൾ തിളങ്ങി..അവക്ക്‌ ഒരു പാട്‌ പറയാനുണ്ടെന്ന് എനിക്കറിയാം..അനാഥത്ത്വം,പീഡനങ്ങൾ, വിശപ്പ്‌.,തിരസ്കാരം.. എന്റെ കടന്നു പോയ സുഖകറമായ ബാല്യത്തെ നോക്കി ഒരു പാട്‌ മഴത്തുള്ളികൾ ചിരിക്കുന്നുണ്ടെന്ന് എനിക്കു തോന്നി..

വിങ്ങുന്ന എന്റെ മനസ്സ്‌ കാറിൽ നിന്ന് പുറത്തെക്കു ചാടി മഴ നനഞ്ഞു..കണ്ണിരിന്റെ ചൂടുള്ള ആ മഴ...പൂക്കളുമായി വന്ന പെൺകുട്ടി എന്റെ മനസ്സിലേക്കു വിതറിയ മഴ...

Thursday, August 13, 2009

ഒഴുകും പുഴ പോലെ..(പൗലോ കെ യ്‌ലൊക്ക്‌ സമർപ്പണം)

രണ്ടാഴ്ച മുൻപാണു "ലൈക്‌ ദ ഫ്ലോയിങ്ങ്‌ റിവർ" എന്ന കൃതി വായിച്ചതു..വളരെ ലളിതമായ ഭാഷ, ജീവിതത്തിന്റെ പാർശ്വങ്ങളിൽ അവഗണിക്കപ്പെട്ടു പോകുന്ന കുറെ കാര്യങ്ങൾ എഴുത്തുകാരൻ നമ്മോട്‌ സം സാരിക്കുന്നു..
വായിച്ചു കഴിഞ്ഞപ്പൊൾ ഒരു പുഴയുടെ തീരത്ത്‌ ചിലവഴിച്ച കുറെ സമയം മനസ്സിൽ തെളിഞ്ഞുവന്നു.. ഒന്നര വയസ്സു മുതൽ സ്കൂളിൽ ചെരാറാകുന്ന വരെ ഞാൻ എന്റെ അഛന്റെ തറവാട്ടിലായിരുന്നു, അമ്മ ജോലിക്കാരിയായിരുന്നതു കൊണ്ട്‌..മുത്തഛന്റെയും, അമ്മൂമ്മെടെം തണലിൽ, മൂവാറ്റുപുഴയുടെ തീരത്ത്‌ വളരെ ശാന്തമായ ഒരു ഗ്രാമം..

ജീവിതം അവിടെ ആകാശവാണിയുടെ സുഭാഷിതത്തിൽ തുടങ്ങി, വയലും വീടും, കൃഷിപാഠത്തിലൂടെ,ചലച്ചിത്ര ഗാനങ്ങൾ കേട്ടു കൊണ്ട്‌ പുരോഗമിക്കുകയും, ഉച്ചക്ക്‌ വാർത്തകൾ കേട്ടുകൊണ്ട്‌ ഊണുകഴിക്കുകയും, പിന്നിട്‌ സായാഹ്നങ്ങളിൽ നാടകം കേട്ടുകോണ്ട്‌ വികാരം കൊള്ളുകയും, അവസാനം, നല്ല നല്ല ഗാനങ്ങൾ കേട്ടു കൊണ്ടു ഉറങ്ങുകയും ചെയ്തു..

ദൃശ്യങ്ങളുടെ ധാരാളിത്തം മലിനപ്പെടുത്താത്ത ആ കാലത്ത്‌, അമ്മൂമ്മയുടെ ഒക്കത്തിരുന്നും, വിരലു പിടിച്ചു നടന്നും, പുഴ കണ്ട്‌ എങ്ങോട്ടാണു ഇത്‌ ഒഴുകിപ്പോകുന്നതെന്നാശ്ചര്യപ്പെട്ടും, ഞാൻ പതിയെ വളർന്നു..കർഷകനായ മുത്തഛൻ ഓല മെടയുന്നതും, അതു പാകമാകാൻ പുഴയിൽ കെട്ടിയിറക്കുന്നതും ഒക്കെ മനസ്സിൽ ഇന്നും നിറയുന്നു..

അക്കരെ കടക്കനുള്ള തോണിയാത്രയിൽ, പലപ്പോഴും, അമ്മൂമ്മയുടേ മടിത്തട്ടിന്റെ സുരക്ഷിതത്വത്തിലായിരിക്കും..തോണിക്കാരന്റെ ചലനങ്ങളേ ഉറ്റു നോക്കിക്കൊണ്ട്‌..

വീടിന്റെ മുന്നിലെ ഇടവഴിയിലൂടെ, പഴയ ഓലക്കുടയും, ചൂടി പോകുന്ന, വയസ്സൻ പോറ്റിയുടെ (കുടുമയുള്ള) കുടവയർ കാണാൻ അമ്മൂമ്മയുടെ പുറകിൽ നിന്നും ളിഞ്ഞു നോക്കുന്ന ഒരു 3 വയസ്സുകാരൻ.. എല്ലാം മാഞ്ഞു കൊണ്ടിരിക്കുന്ന പഴയ ചിത്രങ്ങൾ..

പൂട്ടി വെച്ച ഓർമകളുടെ അറകൾ തുറക്കുന്ന കള്ളത്താക്കോലാണു, നല്ല പുസ്തകങ്ങൾ..

പൗലോ ഒരു ഇടത്തരം എഴുത്തുകാരനണെന്നു നമ്മുടെ സേതു പ്രസ്താവിച്ചതു വായിച്ചപ്പോൾ, എന്തൊ, ലളിതമായി മനുഷ്യനു വായിച്ചാൽ മനസ്സിലാകുന്ന തരതിൽ എഴുതുന്നവരെ എന്തുകൊണ്ടു "വലിയ എഴുത്റ്റുകാർക്കു" ഇഷ്ടപ്പെടുന്നില്ല എന്നു തോന്നിപ്പോയി.

എന്തായാലും, കെ യ്‌ലോക്ക്‌ എന്റെ അഭിവാദ്യങ്ങൾ