Thursday, September 16, 2010

യാത്രാ മദ്ധ്യേ..

പതറിയ നോട്ടത്തൊടെ ഒതുങ്ങിയിരുന്ന ആ മനുഷ്യനെ ഞാൻ ശ്രദ്ധിച്ചു...
പിന്നിട്ട യാതനകൾ മുഖത്തു നിന്നു വായിക്കാം..സാധാരണ കോട്ടൺ തുണിയുടെ മുണ്ടും, തൂവെള്ള ഷർട്ടും..കാലിൽ വില കുറഞ്ഞ ഹവായ്‌ ചപ്പൽ...

ഒരു യാത്രാ മദ്ധ്യെ ആയിർന്നു ഞാൻ..ബാംഗ്ലൂർ എയർപ്പോർട്ടിൽ വന്നിറങ്ങി പൂനെക്കുള്ള വിമാനത്തിൽ കയറാനുള്ള ഇടവേള..

എന്നെ നോക്കി അയാൾ സൗമ്യമായി ചോദിച്ചു..

"മോൻ എവിടെക്കാ..

പൂനെക്കാണെന്ന്‌ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു..ആശ്വാസമായി..ഞാൻ അൽപ്പം പരിഭ്രമിച്ചിരിക്ക്യാരുന്നു..ഞാനും അങ്ങോട്ടാണു..

വാസുദേവൻ എന്ന ആ റിട്ടയേർഡ്‌ അദ്ധ്യാപകൻ മകനെ കാണാൻ പുറപ്പെട്ടതാണു..പാലക്കാട്‌ നിന്നും..ആദ്യത്തെ വിമാന യാത്ര..മകൻ അവിടെ ഒരു കമ്പനിയിൽ ആണു ജോലി..

എന്നാലും ഇവിടെ കുറച്ചു കടുപ്പം തന്നെ..അയാൾ പറഞ്ഞു..

എന്തേ?
"അല്ല, ഒരു കുപ്പി വെള്ളത്തിനു അറുപതു രൂപ"..കണ്ണിൽ അവിശ്വാസത്തെക്കാളേറെ ഭയമാണു ഞാൻ കണ്ടതു..

അതെ..പുതു തലമുറക്കിതു വെറും ഒന്നര ഡോളർ മാത്രം..ഞാൻ ഒ‍ാർത്തു..
എല്ലാം വിൽപ്പനക്കാണു മാഷെ ഇപ്പൊൾ..എല്ലാം...
ഒരു വലിയ കമ്പോളത്തിലെ വിൽപ്പന ചരക്കുകളാണു നമ്മളുൾപ്പടെ..എല്ലാം..
മാഷ്‌ വിഷമത്തോടെ ചിരിച്ചു..

പിന്നിട്ട തലമുറയിലെ ആ ചിരിയെ ഞാൻ ഭദ്രമായി മകന്റെ കയ്യിൽ ഏൽപ്പിച്ചു..യാത്ര പറഞ്ഞു..
പക്ഷേ ആ കണ്ണുകളിലെ ഭയം എന്നെ പിൻ തുടരുന്ന പോലെ..

Saturday, August 28, 2010

അമ്മക്കൊപ്പം..ഒരു നർമമധുരം നുണഞ്ഞ്‌..

തിരക്കിൽനിന്നൂളിയിട്ട്‌ ഓണത്തിനു വീടണഞ്ഞു..കയ്യിൽ പതിവു പോലെ മാത്രുഭൂമി ഒ‍ആണപ്പതിപ്പുമായി..
ഉത്രാടരാത്രി ഊണുകഴിഞ്ഞു ആഴ്ചതിപ്പിൽ വിവാദങ്ങൾ ചികയുമ്പോൾ അമ്മ പറയുന്ന നാട്ടുവിശേഷങ്ങൾ മൂളിക്കേട്ടു കൊണ്ടിരുന്നു..

"അടുത്ത ജന്മത്തിലെങ്കിലും ഇതുപോലെ ഫോട്ടൊജെനിക്കായി ജനിച്ചെങ്കിൽ"..അമ്മ പറഞ്ഞതു കേട്ട്‌ ഞാൻ നോക്കിയപ്പോൾ നമ്മുടെ സിനിമാതാരം ജ്യോതിർമയുടെ മുഖചിത്രം നോക്കിയാണു കമന്റ്‌...

ഞാൻ തമാശയോടെ ഒന്നു തലകുലുക്കി..എന്തൊ പറയാൻ തുനിഞ്ഞപ്പോഴെക്കും അമ്മ തുടർന്നു.." ഏങ്കിൽ ഞാൻ "രക്ഷപ്പെട്ടേനെ"..

അതെന്താ അമ്മെ രക്ഷപ്പെടലിനു ഒരു പ്രത്യെക കനം?..

അതോ..പത്താം ക്ലാസ്‌ പാസ്സായപ്പോൾ ഞാൻ വിചാരിച്ചെടാ..എന്റെ ജീവിതം " രക്ഷപ്പെട്ടെന്നു"..പിന്നെ മനസ്സിലായി ഡിഗ്രി കഴിയാതെ ഒരു നിവൃത്തിയില്ലെന്നു..അതു കഴിഞ്ഞാപ്പൊൾ വീണ്ടും കരുതി..ഞാൻ " രക്ഷപ്പെട്ടെന്നു"..

എന്നിട്ട്‌?

ജോലി കിട്ടിയപ്പൊഴും കരുതി..പിന്നെ സ്നേഹിച്ച ആളെത്തന്നെ കല്യാണം കഴിച്ചപ്പോഴും ഒക്കെ ഞാൻ കരുതി " രക്ഷപ്പെട്ടു" എന്ന്‌..

മൂന്നു മക്കളായി..അവർ വളർന്നു..എല്ലാർക്കും ജോലി കിട്ടി..ഞാൻ മനസ്സിൽ കരുതി..ഞാൻ "രക്ഷപ്പെട്ടു" എന്ന്‌...

ഞാൻ "ഓഹൊ.."..

പിന്നെ എല്ലാരുടെം കല്ല്യാണം കഴിഞ്ഞു...കുട്ടികളായി...അവരുടേ കുട്ടിക്കാലവും പിന്നിട്ടു...ഞാൻ കരുതീടാ...ഞാൻ "രക്ഷപ്പെട്ടു"!!..

ഇപ്പൊ അവർ എന്താ വിചാരിക്കുന്നത്‌ എന്നെനിക്കൊരു സംശയം..ഈ കിഴവി ഒന്നു പോയിക്കിട്ടിയാൽ ഞങ്ങൾ "രക്ഷപ്പെട്ടു"!!! എന്നാണോടാ...

അതിലെ നർമ നിലാവിൽ എന്റെ ഉത്രാടരാത്രി പുഞ്ജിരിച്ചു...

Monday, May 31, 2010

ഏകാന്തം..

എഴുതാനുള്ള തീവ്രമായ ആഗ്രഹമോ, കാരണങ്ങളോ ഇല്ലാതെ കുറെ നാളുകൾ കടന്നു പോയി..
ഇന്ന് മെയ്‌ 31..വർഷങ്ങൾക്കു മുൻപ്‌ ഈ ദിവസം പുതിയ ഉടുപ്പുകളും, മടിയും കലർന്നതായിരുന്നു..പിറ്റേന്ന് മുറ്റത്തു വീഴുന്ന പുതുമഴക്കും തണുപ്പിനുമിടയിൽ മടിയകറ്റാൻ അമ്മയുടെ ശകാരത്തിന്റെ സംഗീതം അകമ്പടിയായി...

ജീവിതം അല്ലെങ്കിലും നഷ്ടപ്പെടുന്ന ഓർമകളുടെ നിമിഷങ്ങളുടെ ആകെത്തൂക മാത്രമല്ലേ..എങ്ങനെ നോക്കിയാലും...

എന്തായിരുന്നു ഏകാന്തം എന്ന സിനിമ?
ഒരു ചേട്ടൻ വർഷങ്ങൾക്കു ശേഷം തിരിച്ചു വരുന്നു..ഭാര്യ മരിച്ച്‌ ഒറ്റപ്പെട്ട്‌..അനിയനെ തേടി..അനിയൻ രോഗ ബാധിതൻ, വിഭാര്യൻ, മക്കൾ അകലെ..

സത്യത്തിൽ രണ്ടു പേർക്കു ഒരുമിച്ച്‌ ഏകാന്ത ത അനുഭവിക്കമെന്ന് സിനിമ നമ്മളേ കാണിച്ചു തരുന്നു..ആഴത്തിൽ...മാറ്റേകുന്ന സ്വഭാവിക അഭിനയവുമായി കുലപതികൾ..തിലകനും, മുരളിയും...

ജീവിതം, രോഗം,വേദന, നിസ്സഹായത, മരണം...എല്ലാം ഇതിലുണ്ട്‌..ലളിതമായി..

മനസ്സിൽ പൊടിയുന്ന കണ്ണീർ..എനിക്കത്‌ പകർത്താനകുന്നില്ല...

എന്തായാലും, തിരിച്ചു പോകാനാകാത്ത ഒരു യാത്രയിലെവിടെയോ ആണു നമ്മളും...