Thursday, July 23, 2009

ഘടികാരകൻ..

നഗരത്തിലെ തിരക്കു പിടിച്ച ആ തെരുവിലൂടെ അലസമായി ഒഴുകുമ്പോൾ പലവട്ടം പഴയതും,തിളങ്ങുന്നതുമായ ഘടികാരങ്ങൾ തൂക്കിയിട്ട ആ കൊച്ചു കടയും, അതിലെ ജാലകത്തിലൂടെ അതിന്റെ ഉടമയെയും ഞാൻ പാളിനോക്കിയിട്ടുണ്ട്‌..

പല സമയങ്ങൾ അടുക്കി വച്ച ആ മുറിയിലെ കാവൽക്കാരൻ ഏതു സമയത്താണു, കാലങ്ങളിലാണു ജീവിക്കുന്നത്‌ എന്നോർത്ത്‌ അസ്വസ്ഥനായിട്ടുണ്ട്‌..

ഒന്ന് രണ്ട്‌ തവണ ചില ചില്ലറ തകരാറുകൾ റിപ്പയർ ചെയ്യാൻ എന്റെ പഴയ വാച്ചുമായി ഞാനാ കടയിൽ കയറിയിട്ടുണ്ട്‌..വ്യത്യസ്ത സമയങ്ങൾ തൂക്കിയിട്ട ആ മുറിയിൽ...

കുറ്റിത്താടി, ശാന്തവും, അഗാധവുമായ കണ്ണുകൾ..അതെ കണ്ണുകൾ...അവയാണു എന്നെ ആ സമയ സൂക്ഷിപ്പുകാരനിലേക്കു ആകർഷിച്ചതു..കൃഷ്ണമണികൾ.. അതെ, അതിനകത്ത്‌ പിന്നിലേക്കോടുന്ന രണ്ട്‌ കൊച്ചു ഘടികാരങ്ങൾ...

എന്റെ മൂന്നാമത്തെ സന്ദർശനത്തിൽ അയാൾ എന്നൊടു സം സാരിച്ചു..ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ.. ഇതിലെ കടന്നു പോകുന്ന ഏതൊരുവനെയും പോലെ ജീവിതം തകർത്താഘോഷിച്ച ഭൂതകാലം..പിതാവിന്റെ ധനത്തിന്റെ പിൻബലത്തിൽ ഓരോ ദിവസവും മുങ്ങിനിവരുമ്പൊൾ അടുത്ത ദിവസത്തിന്റെ ഉല്ലാസങ്ങളിലേക്ക്‌ കണ്ണും മനസ്സും തുറന്നിരുന്ന കാലം.. ഒടുവിൽ പിതാവിന്റെ ശാപം പോലെ കാലത്തിനു മുൻപിൽ ഓടിയവനു, കാലത്തിന്റെ വിവിധ സമയങ്ങളുടെ തടവറയിലെ സൂക്ഷിപ്പു കാരൻ ആവാനുള്ള നിയോഗം..

മന്ത്രിക്കുന്ന സ്വരത്തിൽ അയാൾ പറഞ്ഞു..ഞാൻ എന്റെ ഭൂതകാലത്തെ തീവ്രമായി ആഗ്രഹിക്കുന്നു സുഹൃത്തെ... എന്റെ കണ്ണിലെ ഘടികാരങ്ങൾ തീവ്രമായ എന്റെ മനസ്സിന്റെ പ്രതിഫലനമാണു..

ഞാനോർത്തു..അതെ..നമുക്കു തിരക്കാണു വളരാൻ..വളർന്നാലോ, നഷ്ടമായ ബാല്യ്ത്തെ കുറിച്ചുള്ള തീവ്രവേദന..പണമുണ്ടാക്കാൻ ആരോഗ്യം കളഞ്ഞ്‌, പിന്നെ സംമ്പാദിച്ചതൊക്കെയും ആരോഗ്യം വീണ്ടെടുക്കാൻ ചിലവാക്കും..നമ്മൾ ഭാവിയെക്കുറിച്ച്‌ ധ്യാനിച്ച്‌ ധ്യാനിച്ച്‌, ഇന്നിനെ മറക്കുന്നു, അങ്ങനെ ഇന്നിലും, നാളെയും ജീവിക്കാതെ, ഒരിക്കലും മരിക്കില്ലെന്നു കരുതി അവസാനം ഒരു കാലത്തിലും ജീവിച്ച തോന്നലില്ലാതെ മരിച്ചു മണ്ണടിയുന്നു..

എവിടെയോ വായിച്ചൊരു സെൻ സൂക്തം..ഇതു പറഞ്ഞത്‌ ഘടികാര സൂക്ഷിപ്പുകാരനു വെണ്ടിയോ അതൊ എനിക്കു വേണ്ടിയോ??...

പിന്നൊട്ട്‌ ഓടുന്ന സമയ സൂചിക വിട്ട്‌, വ്യത്യസ്ത കാലങ്ങളുടെ ചുവരുകൾ വിട്ടു ഞാൻ ആൾക്കൂട്ടത്തിൽ അലിഞ്ഞിറങ്ങി...

Wednesday, July 1, 2009

ദ കൈറ്റ്‌ റണ്ണറും ലോഹിതദാസും..

ഇന്നലെ അവിചാരിതമായി ഖാലിദ്‌ ഹൊസ്സിനിയുടെ വിശ്രുതമായ " പട്ടം പറത്തലുകാരൻ" എന്ന നോവലിന്റെ സിനിമാവിഷ്കാരം കാണാനിടയായി..

മനസ്സിൽ തട്ടുന്ന ഒരു സിനിമാനുഭവമായിരുന്നു അത്‌.. സോവിയറ്റ്‌ അധിനിവേശത്തിനു മുൻപ്‌ കാബൂളിലെ ഒരു ധനികനായ വ്യാപാരിയുടെ മകനും, അവരുടെ വേലക്കാരന്റെ മകനും തമ്മിലുള്ള അഗാധ സൗഹൃദവും, അവിടത്തെ വലിയ വിശേഷമായ്‌ പട്ടം പറത്തൽ മൽസരത്തിൽ തന്റെ ചങ്ങാതിയുടെ സഹായം കൊണ്ട്‌ ജയിക്കുന്ന അമീർ..അപ്പോഴെ അവനു കഥകളൊട്‌ വലിയ താൽപര്യമായിരുന്നു..തന്റെ യജമാന പുത്രന്റെ കഥകൾ കേൾക്കാൻ പാവം അവന്റെ ആശ്രിതന്റെ മകനും..

പിന്നിട്‌ അമീർ എന്തൊ അസൂയ നിമിത്തം തന്റെ പ്രിയ ചങ്ങാതിയെ കള്ളനാക്കി വീട്ടിൽ നിന്നു പുറത്താക്കുന്നു..അവന്റെ കുഞ്ഞുമനസ്സ്‌ പക്ഷെ അതിനു ശേഷം പശ്ചാത്തപിക്കുന്നെങ്കിലും, സമയം വൈകിപ്പോയിരുന്നു..സോവിയറ്റ്‌ പട ഇരമ്പിക്കയിറിയപ്പോൾ അവർക്കു എല്ലാം വിട്ടേറിഞ്ഞു പലായനം ചെയ്യേണ്ടിവന്നു..പാക്കിസ്ഥനിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും..

കയ്യേറിയ രാജ്യത്തിലെ സ്ത്രീകളൊട്‌ സോവിയറ്റ്‌ പട്ടാളക്കാരുടെ സമീപനം, അതിർത്തി കടത്തിവിടാൻ പണം വാങ്ങുന്ന പട്ടാളം, അങ്ങനെ ഒരു രാജ്യം തകരുന്ന ചിത്രം വളരെ ഹ്രസ്വമായി കാണിക്കുന്നുണ്ട്‌.. പിന്നിട്‌ ബിരുദത്തിനു ശേഷം അമീർ ഒരു എഴുത്തുകാരനായി മാറുന്നു..അവന്റെ പ്രിയ അബ്ബാജാന്റെ എതിർപ്പുകൾ അവഗണിച്ചും..ഇതിനിടക്ക്‌ ഒരു റിട്ടയെർഡ്‌ കേണലിന്റെ സാഹിത്യ പ്രേമിയായ മകളൊടുള്ള അനുരാഗവും, താൻ ഒരു അഫ്ഗാനിയിൽ അനുരക്തയായി ഒരു മാസം ഒരുമിച്ചു താമസിച്ച വിവരം ഏറ്റു പറയുന്ന പുരോഗമന വാദിയായ അവന്റെ കാമുകിയെയും നമുക്ക്‌ കാണാം..അവരുടെ വിവാഹ ശേഷം അവന്റെ പിതാവിന്റെ മരണം..അതറിഞ്ഞു അവന്റെ പഴയ വേലക്കാരൻ അവന്റെ വീട്ടിലേക്കെത്തുന്നു..തന്റെ ചങ്ങാതി ഹസ്സന്റെ ദാരുണ മരണം, അവന്റെ അച്ഛനിൽ നിന്നറിഞ്ഞ അമീർ ദുഃഖാർത്തനാവുന്നു..ചങ്ങാതിയുടെ ഏക മകൻ അഫ്ഗാനിൽ ഉണ്ടെന്നറിഞ്ഞ അമീർ താലിബാൻ നിയന്ത്രണ അഫ്ഗാനിലേക്കു അവന്റെ രക്ഷിക്കാൻ പുറപ്പെടൂന്നു..തിരിച്ചു വരുമെന്നു ഉറപ്പില്ലാതെ.. ഒടുവിൽ നിരവധി പ്രതിബന്ധങ്ങളെ മറികടന്ന് താലിബാന്റെ കുട്ടികളുടെ ക്യാമ്പിൽ നിന്നു അവനെ രക്ഷിച്ച്‌ അമെരിക്കയിൽ എത്തിക്കുന്നു..അതിനിടയിൽ താലിബാന്റെ കുട്ടികളൊടുള്ള ക്രൂരതകളും, കാടത്തവും, നമുക്ക്‌ കാണാം..എന്തു പേരിട്ടാലും, അധിനിവേശം അതിന്റെ ദംഷ്ട്രകൾ വിടർത്തുന്ന ചിത്രം വിർങ്ങലിപ്പിക്കുന്ന ഒരനുഭവമാണു..

ഒടുവിൽ തന്റെ പ്രിയ ചങ്ങാതിയുടെ മകനെ പട്ടം പറത്താൻ സഹായിക്കുന്ന ഃഋദയ സ്പർശിയായ്‌ രംഗത്തൊടെ ചിത്രം അവസാനിക്കുന്നു..

ഈ ചിത്രം കണ്ടു തീർന്നപ്പോൾ ഞാൻ നമ്മുടെ പ്രതിഭാശാലിയായ തിരക്കഥകൃത്തു ലോഹിതദാസിനെ ഓർത്തു പോയി..പ്രത്യേകിച്ച്‌ തനിയാവർത്തനം എന്ന ആദ്യ സിനിമയിലെ മമ്മുട്ടിയുടെ അധ്യപകൻ കുട്ടികളോറ്റ്‌ ജീവിതവും പട്ടവും തമ്മിലുള്ള സാമ്യത്തെ പറ്റി പറയുന്ന രംഗം..

ജീവിത ഗന്ധിയായ ഒരു പിടി സിനിമകൾ സമ്മാനിച്ച്‌ പെട്ടെന്നു കടന്നു പോയ ആ വലിയ മനുഷ്യ സ്നേഹിക്ക്‌, ഭാഷാ സ്നേഹിക്ക്‌ കണ്ണീരിൽ ചാലിച്ച ഒരു പിടി അക്ഷരപ്പൂക്കൾ..