ഓണത്തിനു വീട്ടിലെത്തിയപ്പോൾ, അഛന്റെ അസാന്നിധ്യം ഞങ്ങളെ വല്ലാതെ വിഷമിപ്പിക്കുകയും, പലപ്പോഴും, അദൃശ്യ സാന്നിധ്യം മനസ്സിനു അനുഭവപ്പെടുകയും ചെയ്തു..
അമ്മ വിഷമവും, വിശേഷങ്ങളും പറഞ്ഞു കൊണ്ടേയിരുന്നു.. മുൻപത്തെ ഓണത്തിനു, ഏത്തക്കുല വാങ്ങിയതും, അഛനും അമ്മയും കൂടി ഉപ്പേരി വറുത്തതും, തമാശകളും എല്ലാം...
ഇസ്റ്റേണും,മേളവും, ബ്രഹ്മിൺസുമൊക്കെ പൊടിക്കമ്പനി തുടങ്ങുന്നതിനു മുൻപെ മലയാളി സാമ്പാർ ഉണ്ടാക്കിയിരുന്നു, അതൊക്കെ നിങ്ങളും അറിഞ്ഞിരിക്കണം എന്നൊക്കെ ന ല്ലൊരു പാചകക്കാരനും കൂടിയായിരുന്ന അഛൻ പറയുമായിരുന്നതു ഞാൻ ഓർത്തു..
അങ്ങിനെ അമ്മയെ ഒന്നുഷാറാക്കാൻ കൂടി, ഞാൻ വിഷയം എടുത്തിട്ടു, എനിക്കും ഇതിന്റെ ടെക്നൊളജി പഠിക്കണം..
അങ്ങിനെ മല്ലിയും, വറ്റൽ മുളകും,ഉഴുന്നുപരിപ്പും,അൽപം ഉലുവയും,കായവുമൊക്കെ വാങ്ങിച്ച് ഞാൻ യുദ്ധസന്നദ്ധനായി അടുക്കളയിൽ പ്രവേശിച്ചു..
ആദ്യം സാമ്പാർ പൊടി..
1.മല്ലി--->1 കപ്പ്
2.വറ്റൽ മുളക്--> ആവശ്യത്തിനു
3.ഉഴുന്നുപരിപ്പ്-->1 കപ്പ്
4.പരിപ്പ്---------->1 കപ്പ്
5.കായം-------> ചെറിയ കഷ്ണങ്ങളാക്കിയത് ആവശ്യത്തിനു
6.മല്ലിയില---> ധാരാളം
7.കരുവേപ്പില--> ധാരാളം.
മുകളിൽ പറഞ്ഞ എല്ലാ ഇനവും, പ്രത്യേകം ചീനച്ചട്ടിയിൽ (ഇരുമ്പിന്റെ ആണെങ്കിൽ അത്യുത്തമം!) വറുത്തെടുക്കുക, അൽപ്പം വെളിച്ചെണ്ണ ആകാം, ഒരു മയത്തിനു.. എന്നിട്ടു പ്രത്യേകം പൊടിച്ചെടുക്കുക, നന്നായി പൊടിയണം, അരിപ്പ വെച്ച് അരിച്ചെടുക്കുന്നതാണു നല്ലതു, വലിയ തരി ഒഴുവാക്കാൻ.. കരുവേപ്പില വറുക്കുമ്പോൾ നല്ല ക്രിസ്പ് ആകാൻ പ്രത്യേകം ശ്രദ്ധിക്കണൊ.. പൊടിച്ചെടുത്ത ശേഷം, എല്ലാ പൊടികളും, ആവശ്യത്തിൻ കൂട്ടിച്ചേർത്തു നന്നയി മിക്സ് ചെയ്താൽ നമ്മുടെ സാമ്പാർ പൊടി റെഡി! സാമ്പാറിന്റെ ഉൽഭവം സത്യത്തിൽ മഹാരാഷ്ട്രയിൽ നിന്നാണെന്നു പറയപ്പെടുന്നു,അവിടെ നിന്ന് തമിഴകം വഴിയാണു ഈ വിഭവം മലയാളനാട് കീഴടക്കുന്നതു!
ഇഡ്ഡലിപ്പൊടി
മേൽപ്പറഞ്ഞ ഇനങ്ങളിൽ 1,6,7 എന്നിവ ഒഴിവാക്കുക.
ഉലുവ അര കപ്പ് വറുത്തു പൊടിക്കുക, ബാക്കിയുള്ള ഇനങ്ങൾ വറുത്തു പൊടിച്ചതുമായി മിക്സ് ചെയ്യുക.
നല്ല ചൂടൊടെ ഇഡ്ഡലിയുണ്ടാക്കി, പൊടിയിൽ അൽപം എണ്ണ,ഉപ്പ് ചേർത്ത് ശാപ്പിടുക!
എല്ലാ ഓണക്കാല വിഭവങ്ങൾ ഉണ്ടാക്കനും അമ്മയോടൊപ്പം ഉത്സാഹപൂർവ്വം അടുക്കളയിൽ സജീവമായിരുന്ന അഛന്റെ ഓർമക്ക്...
Thursday, September 17, 2009
Subscribe to:
Posts (Atom)