Friday, February 27, 2009

ആകാശത്ത്‌ സ്വപ്നം വാങ്ങിയവൻ..

കടലിനഭിമുഖമായുള്ള തന്റെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കയറിൽ കെട്ടിത്തൂക്കിയ ചൂരൽക്കസേരയിലിരുന്നാടവേ, രാജീവൻ കടൽക്കാറ്റിനോട്‌ കിന്നാരം പറഞ്ഞുനിന്ന ഭാര്യയെ നോക്കി പുഞ്ജിരിച്ചു..

അതിൽ എല്ലാം ഉണ്ടായിരുന്നു..ആകാശത്ത്‌ ഒരു പിടി സ്വപ്നം സ്വന്തമാക്കിയവന്റെ ആഹ്ലാദം, നഗരമധ്യത്തിൽ നഗരത്തിന്റെ ലഹരി നുണഞ്ഞുള്ള ജീവിതത്തിന്റെ ത്രസിപ്പിക്കുന്ന ഇരമ്പം..എല്ലാം...
പതിനഞ്ജു വർഷം മുമ്പ്‌ പഠനം കഴിഞ്ഞ്‌ ആദ്യ ജോലിക്കായി തന്റെ നാട്ടിൻ പുറത്തെ വീട്ടിൽ നിന്ന് 2 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി, ബസ്റ്റോപ്പിനടുത്തെ മണിനായരുടെ ചായപ്പീടികയുടെ ചായ്പ്പിൽ അവനെ പാർക്ക്‌ ചെയ്ത്‌,ചുവന്ന പെയിന്റടിച്ച "ഗായത്രി" ബസ്സിലെ തിരക്കും, കുലുങ്ങി കുലുങ്ങിയുള്ള നഗരത്തിലേക്കുളള ദീർഘയാത്രയും,എത്രയോ തവണ രാജീവൻ അവളോട്‌ വർണ്ണിച്ചു കേൾപ്പിച്ചിരിക്കുന്നു..
"ഇരുന്നിട്ട്‌ കാലു നീട്ടിയാ പോരേടാ" എന്ന അഛന്റെ ചോദ്യത്തെ അവഗണിച്ചാണു അവർ നാട്ടിലെ പറമ്പിന്റെ പകുതി വിറ്റു കിട്ടിയ തുക ബിൽഡർക്ക്‌ കൈമാറിയത്‌.. സ്വിമ്മിംഗ്‌ പൂൾ, മൾട്ടി ജിം, ജോഗ്ഗേഴ്സ്‌ ട്രാക്ക്‌ നീണ്ടു പോകുന്ന നിറങ്ങളുടെ ഒരു പട്ടിക തന്നെ ബിൽഡർ അവരുടെ സ്വപ്നങ്ങൾക്ക്‌ വർണ്ണം പൂശാനായി നിരത്തിയിരുന്നു...
നഗരത്തിൽ നന്മയുടെ തുരുത്തു പണിയാനുള്ള രാജീവന്റെ ആഗ്രഹത്തിനു മുകളിൽ ഇടിത്തീയായി വീണത്‌ ഒരു ദാക്ഷിണ്യവുമില്ലാതെ കടന്നു വന്ന സാമ്പത്തിക മാന്ദ്യമായിരുന്നു..ആറക്കത്തിനോടടുത്തു വരുന്ന വരുമാനം പെട്ടെന്നു നിലച്ചപ്പോൾ ലോൺ തന്ന ബാങ്കുകാർ ഫ്ലാറ്റിന്റെ മണി സ്ഥിരമായി മുഴക്കിത്തുടങ്ങിയിരുന്നു...
ഒടുവിൽ ആകാശത്തെ തന്റെ ഒരു പിടി സ്വപ്നത്തിന്റെ തീറു ബാങ്കിനു കൈമാറുമ്പോൾ രാജീവന്റെ മനസ്സിന്റെ നിർവ്വികാരത കാർമേഘം ഇല്ലാത്ത വാനം പോലെ തന്നെ മൗനം പൂണ്ടു നിന്നു..

നാട്ടിലെ കൊച്ചു വീടിന്റെ മുറ്റത്തു കാർ നിർത്തി രാജീവൻ മണ്ണിൽ ചവിട്ടി നിന്നു.. അഛൻ കടന്നു പോയിട്ട്‌ അഞ്ജു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. പതുക്കെ അയാൾ അഛനുറങ്ങുന്ന സ്ഥലത്തെക്കു നടന്നു..
ചെറിയ കാറ്റിൽ വാഴത്തലപ്പ്‌ തലയാട്ടി..ഇടക്കാലത്ത്‌ മനസ്സിടറി തൂവിപ്പോയ ഇന്നലേകളെ, ഓർമകളെ, അയാൾ ഒരു ദീർഘശ്വാസത്തിലൂടെ ഉള്ളിലേക്കെടുത്തു..

ഒരു പുതിയ തുടക്കത്തിനായി അഛന്റെ അനുഗ്രഹം പോലെ മഴ കണ്ണീരായ്‌ രാജീവന്റെ കവിൾ നനച്ചു...മണ്ണും....

Saturday, February 21, 2009

അവന്റെ ചില ഉച്ചക്കിറുക്കുകൾ.. !

അവനു മുപ്പത്തഞ്ജു വയസ്സിൽ റിട്ടയർ ചെയ്യണം..

അതു നാടകീയമായി, തന്നെ വേണം.. കോർപ്പറേറ്റ്‌ മുതലാളിക്ക്‌ ഒരു പ്രേമലേഘനം കൊടുക്കുന്ന ലാഘവത്തോടെ സമർപ്പിക്കണം..

പുരികം ചുളിച്ച്‌ മുഖമുയർത്തി നോക്കുന്ന ആ പാവത്തിനൊട്‌ ഒരു ടാറ്റ പറഞ്ഞിട്ട്‌ രണ്ടു കൈയും പോക്കറ്റിൽ കുത്തി ചൂളമടിച്ച്‌ ഇറങ്ങിപ്പോരണം..!

എന്നെത്തേക്കാളും മനോഹരമായ ആ സന്ധ്യക്ക്‌ ഒരു ഫ്ലയിംഗ്‌ കിസ്സ്‌ എറിഞ്ഞു കൊടുത്ത്‌ പത്ത്‌ വർഷം കറങ്ങിത്തിരിഞ്ഞ ആ നഗരം വിടണം... അതിനു മുൻപേ വേണമെങ്കിൽ ഒരു കോപ്പ മദ്യം ആകാം...നിയോൺ ലാമ്പുകളുടെ വെളിച്ചത്തിൽ ഒരു ഈവനിംഗ്‌ വാക്കും...
എന്നിട്ട്‌....???

ദൂരെ ദൂരെ അവന്റെ കൊച്ചു പട്ടണത്തിൽ ഒരു പുസ്തകക്കട തുറക്കണം... കൊച്ചുകട മതി.. അതിലെ എല്ലാ പുസ്തകവും സ്വയം തിരഞ്ഞെടുക്കണം... രാവു പകൾ കുത്തിയിരുന്നു വായിക്കണം..ആ ലഹരിയിൽ മുങ്ങണം...

ഉടമസ്ഥൻ വായിച്ചു തീരാത്ത പുസ്തകങ്ങൾ ഒന്നും വിൽക്കപ്പെടുകയില്ല എന്നു വലിയ അക്ഷരത്തിൽ എഴുതി വക്കണം..കടക്കകത്ത്‌..!

വായിച്ച്‌ മടുക്കുമ്പോൾ നടത്തം പിടിക്കണം..പാടത്തെ കീറിമുറിച്ചു പോകുന്ന തിരക്കില്ലാത്ത ആ റോഡിലൂടെ... ഒരു ഈളം കാറ്റിൽ മയങ്ങിക്കിടക്കുന്ന ചെടികളേയും പൂക്കളോടും കണ്ണിറുക്കി കാണിച്ചു കൊണ്ട്‌...

ഇടക്ക്‌ കട പൂട്ടി ദൂര യാത്രകൾ പോകണം..പൊതിച്ചോറു കരുതാതെ.. അവധൂതനെപ്പോലെ..ഒരു പി.കുഞ്ഞുരാമനായി..(അത്രക്കു വേണൊ! നോക്കട്ടെ!) വീണിടം വിഷ്ണുലോകം സ്റ്റൈലിൽ..സമാന്തരമായി പോകുന്ന പാളങ്ങൾക്കു മുകളിലൂടെ സ്വപ്നങ്ങളുടെ പിന്നാലെ പായണം..ഒന്നുമായും കൂട്ടിമുട്ടാതെ...

അതെ..അവന്റെ മനസ്സിലും ഒരു അരാജകവാദിയുണ്ട്‌..എല്ലാ മനുഷ്യരേയും പോലെ..അതു ഒരു കുറ്റമാണോ..?

അപ്പൊൾ അവളോ?? അവൾ ഒരു പ്രായോഗിക വാദി!!!!

അവളും അവരുടെ ജീവനുള്ള സൃഷ്ടികളും പട്ടിണി കിടന്നു മരിക്കാതിരിക്കാൻ ദൈവം അവന്റെ ചരട്‌ അവളുടെ കൈയിൽ ഏൽപ്പിച്ചു കളഞ്ഞു!

പക്ഷെ ഒരു വലിയ തുകക്ക്‌ ലോട്ടറി അടിക്കുമെന്നും, അതോടെ ആ ചരട്‌ പൊട്ടിച്ചു ഒറ്റ ഓട്ടം വെച്ചു കൊടുക്കാമെന്നും അവൻ സ്വപ്നം കാണാറുണ്ട്‌..

അവന്റെ ഓരോ ഉച്ചക്കിറുക്കുകൾ...!

Thursday, February 19, 2009

വിരിയാൻ വിസമ്മതിച്ച പൂവ്‌( ഫെബ്രുവരി പതിനാലിനൊരടിക്കുറിപ്പ്‌)...

ചാനലുകൾ വലന്റൈൻ ദിന ഡെഡിക്കേഷനുകൾ ഛർദ്ദിക്കാൻ തുടങ്ങുന്നതിനു മുൻപൊരു കാലം..

ഇടവഴിയിലെ വേലിത്തലപ്പുകൾക്കു മുകളിലൂടെ എന്നെ നോക്കി പുഞ്ജിരിക്കുന്ന റോസാപ്പൂവിനെ ഞാൻ മനസ്സുകൊണ്ട്‌ പൊട്ടിച്ചെടുത്ത്‌ അവൾക്കു സമ്മാനിച്ചിരുന്നു..

പ്രണയം ഇടക്കു സൂര്യകാന്തിയെപ്പോലെ തുടുത്തും പിന്നെ മുല്ലപ്പൂവിനെപ്പോലെ ചിരിച്ചും, പിന്നെ റോസാപ്പൂപോലെ ചുവന്നും, പിന്നെപിന്നെ പാലപ്പൂവിന്റെ സുഗന്ധമായും ഞങ്ങൾക്കിടയിൽ മൗനമായി ഒഴുകിപ്പരന്നു...

കാലമോകാലക്കേടോ, ആ പ്രണയത്തിനു വിധിച്ചതു വിരഹമായിരുന്നു.. ഒടുവിലൊടുവിൽ ഓർമകളിൽ നിന്നും പടിയിറങ്ങിപ്പൊയ വിരഹം..

ഒരു തരത്തിൽ ഓർമകളെ കൊണ്ടുനടക്കുന്നതൊരു ഭാരമാണു..ഓർമകൾ ആർക്കെങ്കിലും കൈമാറാൻ കഴിഞ്ഞിരുന്നെങ്കിൽ..മനസ്സിന്റെ ഉള്ളറകൾ ശൂന്യമാകുന്നതാണു സുഖം..കനമില്ലാതെ അപ്പൂപ്പൻ താടിപോലെ...

പിന്നീട്‌ വർഷങ്ങൾക്കു ശേഷം ഒരു സുഖമുള്ള പിൻ വിളിപോലെ ഒരാൾ..

വിരിയാൻ വിസമ്മതിച്ച മനസ്സിലെ പ്രണയപുഷ്പങ്ങൾ തനിയെ വിരിഞ്ഞു..

അതെ..ഇപ്പോൾ ആ പ്രണയത്തിന്റെ സുഖത്തിലും നൊമ്പരത്തിലുമാണു...

ഇപ്പോൾ ഭുതവും ഭാവിയുമില്ലാതെ സ്വയം സൃഷ്ടിച്ച കാലത്തിന്റെ തടവറയിലാണു ഞങ്ങൾ....

Wednesday, February 4, 2009

പാലസ്തീനിൽ നിശ്ചയമായും പൊളിയുന്ന ബിസിനസ്സ്‌ എന്തായിരിക്കും?

സംശയമില്ല, ആദ്യം പൂട്ടേണ്ടി വരുന്നതു ഇൻഷൂറൻസ്‌ കമ്പനികളായിരിക്കും.. പ്രീമിയം അടച്ചു തുടങ്ങിമ്പോഴെക്കും ഇസ്രായേലിന്റെ വെടിവെച്ചുകളിയും റോക്കറ്റ്‌ വിക്ഷേപണവും മൂലം തട്ടിപ്പോകുന്ന ആളുകൾക്ക്‌ കോമ്പൻസേഷൻ കൊടുത്താൽ തന്നെ ഒരു വിധം വലുപ്പമുള്ള കമ്പനികളൊക്കെ പൂട്ടേണ്ടിവരും...

ലോക സമാധാനത്തിന്റേയും ജനാധിപത്യത്തിന്റേയും അപ്പോസ്ത ലന്മാരായ അമേരിക്ക കണ്ണുമടച്ചു പൂച്ചയുറക്കം നടിക്കുന്ന ഒരേ ഒരു സംഗതി.. സൗദി രാജകുടുംബത്തിന്റെ സർവ്വാധിപത്യത്തിനു കുട പിടിക്കുന്ന ഇവരാണു ജനാധിപത്യത്തിന്റെ കാവൽ മാലാഖമാർ!

ഒരു കാര്യവുമില്ലാതെ മരിച്ചുവീഴുന്ന കുട്ടികളുടെ ഫോട്ടോ കണ്ടു ഹൃദയം തകർന്നാണു ഈ കുറിപ്പ്‌ എഴുതുന്നത്‌..

എന്നാണാവോ മനുഷ്യൻ മതത്തിന്റെയും രാജ്യത്തിന്റേയും ഭാഷയുറ്റേയും രാഷ്ട്രീയത്തിന്റേയും അതിരുകൾ മായ്ച്ചുകൊണ്ട്‌ ജീവിക്കാൻ (യുദ്ധം ചെയ്തു മരിക്കാനോ കൊല്ലപ്പെടാനോ അല്ല) തുടങ്ങുന്നത്‌..

അതോ ഇതു ഒരു ഉട്ടോപ്യൻ സങ്കൽപ്പമായി എന്നും നിലനിൽക്കുമോ? ആർക്കറിയാം? ദൈവമുണ്ടെങ്കിൽ അദ്ദേഹത്തിനറിയുമായിരിക്കാം??

Monday, February 2, 2009

കൂറ കൊലപാതകം.!..

ബ്ലോഗ്‌ ശരിക്കും ഒരനുഗ്രഹം തന്നെ...അല്ലെങ്കിൽ വല്ല മാഗസിനിലേക്കും അയച്ചുകൊടുത്താൽ ചവറ്റു കൊട്ടയിലേക്കു സിക്സർ അടിക്കുമായിരുന്ന ഈ കുറിപ്പെല്ലാം എനിക്കു പ്രസിദ്ധീകരിക്കാൻ പറ്റുമാ‍ീയിരുന്നോ? എല്ലാ എഡിറ്റർമാർക്കും എന്റെ നല്ല നമസ്കാരം...

ഇനി കാര്യത്തിലേക്കു വരാം.. കുട്ടിക്കാലത്തേ എനിക്കു ചെറു പ്രാണികളെയും മറ്റും കൊല്ലാൻ വല്യ മടിയായിരുന്നു.. പേടിച്ചിട്ടൊന്നുമല്ല കേട്ടൊ! അതൊക്കെ അങ്ങനെ ജീവിച്ചൊട്ടെ എന്നൊരു തോന്നലായിരിക്കാം അതിന്റെ പിന്നിൽ..പിന്നെ പത്താം ക്ലാസ്സിൽ ബഷീർ സാഹിബ്ബിന്റെ ഭൂമിയുടെ അവകാശികൾ വായിച്ചപ്പോൾ ആ കാരുണ്യം കൂടി.. ഉള്ളതു പറയണമല്ലോ, മലയാളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരൻ ആരെന്നുള്ള ചോദ്യത്തിനു ഒറ്റ ഉത്തരമേ ഉള്ളൂ..ബേപ്പുർ സുൽത്താൻ തന്നെ...

പറഞ്ഞു വന്നത്‌ അങ്ങനെയുള്ള ഞാൻ നടത്തിയ കൂട്ട കൊലപാതകങ്ങളെ കുറിച്ചാണു..ഒന്നല്ല,ഒൻപതല്ല കൃത്യം പറഞ്ഞാൽ തൊണ്ണൂറ്റി ഒൻപതു കൊലപാതകങ്ങൾ ആണു ഞാൻ നിർവ്വഹിച്ചത്‌..കഴിഞ്ഞ ഞായറാഴ്ച്ച

സംഭവം ഇങ്ങനെയാണു..കുറച്ചു നാളായി ഭാര്യ വീട്ടിൽ പോയതു കൊണ്ട്‌ (പിണങ്ങിയൊന്നും അല്ല കേട്ടോ..ഒരു നല്ല കാര്യത്തിനാ) അടുക്കളയിൽ ഞാൻ സൃഷ്ടിക്കുന്ന സ്വയം കൃതാനർത്ഥങ്ങളാണു ഇപ്പൊൾ..അതിന്റെ ഫലമായി ചിതറിക്കിടക്കുന്ന പൊട്ടുപൊടികൾ തട്ടിക്കൊണ്ട്‌ പെറ്റു പെരുകി സംഘടിച്ച കൂറാനു (പാറ്റ എന്നു ചിലർ) കളെ ഞാൻ തിരിച്ചറിയാതെ പോയി..

അടുക്കളയിലെ റാക്കുകളിൽ നിന്നും അവറ്റ എന്റെ ഡ്രസ്സുകൾ അടുക്കി വച്ചിരിക്കുന്ന അലമാര വരെ പ്രവാസം നടത്തി പെറ്റു പെരുകിയപ്പൊളും ഞാൻ കണ്ടില്ലെന്നു നടിച്ചു..ഒടുവിൽ...

ചുമ്മാ ലീ എന്നു പിന്നിലെഴുതിയെന്നും പറഞ്ഞ്‌ എന്റെ കയ്യിൽ നിന്നു ആയിരത്തഞ്ഞൂറു രൂപാ ഇറക്കിയ മുഷിഞ്ഞ നിറമുള്ള ജീൻസു തുളഞ്ഞപ്പൊഴാണു എന്റെ കണ്ണിൽ വെളിച്ചം വീണതു.. പിന്നിട്‌ റാപ്പിഡ്‌ ആക്ഷണായിരുന്നു..

ചുവന്ന കളറുള്ള ഒരു ഃഇറ്റ്‌ ബൊട്ടിലും വാങ്ങിച്ച്‌ ഞാൻ വീട്ടിലെത്തി..അപ്പൊഴാൺ വേറൊരു കാര്യം ഓർമ വന്നതു..പ്രി ഡിഗ്രിക്കു ബയോളജി പ്രക്റ്റിക്കലിനു കൂറ ഡിസക്ഷൻ ടേബിളിൽ മുറിച്ചപ്പോൾ അടിച്ച രൂക്ഷഗന്ധം... അതോരു ഓക്കാനത്തിലും തുടർന്നു ആക്രമണത്തിന്റെ നേരിട്ടുള്ള ചാർജ്‌ സെർവന്റിനു കൈമാറുന്നതിലും കലാശിച്ചു..

തുടർന്നു പലയിടത്തായി വീണു മരിച്ച ധീരരായ കൂറ പടയാളികളെ, സഖാക്കളെ വീരോചിതമാ‍ീയി അടിച്ചു കൂട്ടി ക്ലോസറ്റിലൊഴുക്കി ഉദക ക്രിയ നടത്തി...

എങ്കിലും ഓറോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉണർന്നു വന്നാൽ...എന്റമ്മേ..സാമ്രജ്യത്വം വിപ്ലവത്തിനു കീഴടങ്ങെണ്ടി വരുമോ?...

മനുഷ്യൻ കയ്യേറിയ പ്രാണികളുടെ ലോകമാണല്ലോ ഈ ഭൂഗോളം എന്നോർക്കുമ്പോൾ...എന്റെ തമ്പുരാനേ..നീ തന്നെ തുണ..

വിരഹം...(ചെറുകവിത)...

അരികിലില്ലെങ്കിലും നീ അരികിൽ നിൽപൂ..
ഒരു സ്നേഹ കാറ്റായ്‌ ഒഴുകിയെത്തീ...
മൗനമാ‍ീയെന്നെ തഴുകി നിൽപ്പൂ..