കഴിഞ്ഞ ദിവസം ഇവിടത്തെ ഒരു ആധുനിക മൾട്ടിപ്ലക്സിന്റെ ശീതളിമയിൽ " ഹരിഹർ നഗർ 2 " കാണാൻ ഇരുന്നപ്പോൾ, ടിക്കറ്റിന്റെ വില ഓർത്താണോ എന്തോ, മനസ്സു പെട്ടെന്ന് കുറച്ചു വർഷം പിന്നിലേക്കോടിപ്പോയി..
ഇന്നത്തെ പോലെ ചാനലുകൾ തുടരൻ സിനിമകൾ പ്രസവിക്കാത്ത കാലം..
"നാളെ മുതൽ, നിങ്ങളുടെ പ്രിയപ്പെട്ട ഗീതാ തീയ്യെറ്റെഴ്സിൽ പ്രദർശനം ആരൊഭിക്കുന്നു "തിങ്കളാഴ്ച നല്ല ദിവസം"..എന്നിങ്ങനെ ഉറക്കെയുർക്കെ പ്രഖ്യാപിച്ചു കൊണ്ടു പോകുന്ന വണ്ടിയിൽ നിന്ന് പാറിപറക്കുന്ന നോട്ടീസ് വാങ്ങാൻ റോഡിലേക്ക് എത്ര തവണ ഒാടിയിരിക്കുന്നു!... വില കുറഞ്ഞ മഞ്ഞ ക്കടലാസിൽ "വികാര നിർഭരമായ കുടുംബ കഥ എന്നു തുടങ്ങി "ശേഷം വെള്ളിത്തിരയിൽ" എന്ന സ്ഥിരം ഫോർമാറ്റിൽ അവസാനിക്കുന്ന നോട്ടീസ് വായിച്ച് താരങ്ങളെ സ്വപ്നം കണ്ടിരിക്കുന്നു!..
അന്നൊക്കെ ദൂരെ ജോലി ചെയ്തിരുന്ന അഛൻ ആഴ്ചാവസാനം വരുമ്പൊൾ നല്ല സിനിമ തീയെറ്ററിൽ വരണെ എന്ന് പ്രാർത്ഥിക്കുമായിരുന്നു,, കാരണം സിനിമ മാത്രമല്ല, അതു കാണാൻ ഉള്ള യാത്രയും രസമാണു, വീട്ടിൽ നിന്നു 2 കിലോമീറ്ററോളം അകലെയാണു ടാക്കീസ്..വലിയ പാടശേഖരങ്ങളെ മുറിച്ച് പോകുന്ന റോഡിലൂടെ അഛനും അമ്മയും ഞങ്ങളും, വർത്തമാമൊക്കെ പറഞ്ഞ് കാഴ്ചകളോക്കെ കണ്ട് പതുക്കെ നടക്കും..
ഓല മെടഞ്ഞ മേൽക്കൂരയുള്ള പാവം ഒരു ടാക്കീസ്, പലക ബെഞ്ജുകൾ, ഫാസ്റ്റ് ക്ലാസ് ടിക്കറ്റിനു 5 രൂപയോ മറ്റോ ആണു ചാർജ്.. ഇടവേളകളിലെ ഒരു പാക്കറ്റ് കപ്പലണ്ടി മുട്ടായിയോ, നല്ല ചൂടുള്ള വറുത്ത കടലയോ... അതിനോക്കെ എന്തൊരു രുചിയായിരുന്നു, എന്തൊരു കൊതിയായിരുന്നു!..
ഫ സ്റ്റ് ഷോ കഴിഞ്ഞാൽ രാക്കാറ്റേറ്റ്, ആകാശത്തെയും, നക്ഷത്രങ്ങളെയും നോക്കി നോക്കി തിരിച്ചു നടത്തം..പാടത്തിന്റെ നടുക്കുള്ള കാളവണ്ടിക്കാരൻ വറീതേട്ടന്റെ വീട്ടിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ കാളക്കൂറ്റന്മാർ അയ വെട്ടുന്നതു അവ്യക്തമായി കാണാം...
ആവേശം കൊള്ളിച്ച, കരയിച്ച, കുടുകുടെ ചിരിപ്പിച്ച, ചിന്തിപ്പിച്ച എത്രയെത്ര സിനിമകൾ.."രാജാവിന്റെ മകൻ, ചിത്രം, നായർസാബ്, അമരം, ഇൻസ്പെക്ടർ ബൽറാം, ആര്യൻ, മയൂരി, ചിദംബരം, അനന്തരം, അങ്ങനെ അങ്ങനെ..
ഹിസ് ഹൈനസ് അബ്ദുള്ള കാണാൻ പോയപ്പോൾ, നിറഞ്ഞു കവിഞ്ഞ തീയെറ്ററിന്റെ ഓല വാതിലുകൾ കാറ്റ് കയറാൻ തുറന്നിട്ടിരുന്നു!...
ആരവങ്ങൾ ഒടുങ്ങിയിരിക്കുന്നു...അന്നത്തെ ടാക്കിസിന്റെ സ്ഥലത്തു ഇന്നെ ഏതോ കെട്ടിടം..പാടശേഖരങ്ങൾ മുഴുവനും, വീടുകളോ, പ്ലോട്ടുകളോ...
പക്ഷെ ഓർമകളിൽ ഇരമ്പങ്ങൾ ജീവനോടെ.. അതേ മനോഹാരിതയോടെ, ആകാംക്ഷയോടെ ജീവിക്കുന്നു.. ഇനിയാക്കാലമൊന്നും തിരിച്ചു വരില്ലെന്നറിയുന്നതിനാൽ, മനസ്സോടു ചേർത്തു താലോലിക്കുന്നു..
വെള്ളിത്തിരയിൽ ജീവിച്ചു മരിച്ച ഒരു പാട് കഥാ പാത്രങ്ങളോടൊപ്പം...
Subscribe to:
Post Comments (Atom)
6 comments:
നല്ല ഓര്‍മ്മകള്‍... കുട്ടിക്കാലത്ത് വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ചില സിനിമകള്‍ കാണാന്‍ പോയത് ഓര്‍മ്മിപ്പിച്ചു...
dear sree,
sukham thanneyalle?
valare nandi..
...ചിലത് അങ്ങനെയാണ് ...പകരം വെക്കാനാവാത്ത എന്തോ ഒരു നഷ്ട ബോധം തോന്നിക്കും മനസ്സില്‍...
ഒത്തിരി ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഒരു നല്ല പോസ്റ്റ്.. നന്ദി കൂട്ടുകാരാ..
dear pakal,halal,
nandi...ee nalla vakkukalkku
നല്ല ഒഴുക്കുള്ള എഴുത്ത്
മനോഹരമായിരിക്കുന്നു
Post a Comment