Thursday, December 25, 2008

ഇടനാഴികൾ.....

വാചലനായിരുന്നു അഛൻ,എന്നത്തെയും പോലെ...യാത്രയിലുടനീളം..ആശുപത്രിയിലേക്കണെന്നോ ചുമ ഉണ്ടെന്നോ ഓർക്കാതെ ചെയ്തതും ഇനി ബാക്കിയുള്ളതുമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു

വലിയ കെട്ടിട സമുച്ചയമായിരുന്നു അതു..രോഗം കണ്ടുപിടിക്കാൻ നൂറു നൂറു വിഭാഗങ്ങൾ..വലിയ സംവിധാനങ്ങൾ.. ഉള്ളിൽ കയറിയപ്പോൾ ആ കെട്ടിടം മുഴുവനും ഇടനാഴികളുടെ ഒരു സമുച്ചയമാണെന്നു തോന്നിപ്പിചു.. അതിലൊന്നിൽ സി.ടി.സ്കാനിംഗ്‌ അടയാളപ്പെടുത്തിയ ഡോറിന്റെ മുൻപിലെ അനന്തമായ കാത്തിരിപ്പ്‌ അഛനെ തളർത്തിക്കൊണ്ടിരുന്ന്നു.. കയ്യിലേക്കു മുഖം താഴ്ത്തി ഒരു കൊച്ചുകുഞ്ഞിനെ പോലെ അഛനിരുന്നു...ചേട്ടൻ ബില്ലുകളടക്കാനും അപ്പോയ്‌മന്റ്‌ എടുക്കനുമുള്ള തിരക്കിലായി..മുഖത്തു ഇടക്കുവരുന്ന പേടി ഒളിപ്പിച്ചു കൊണ്ട്‌.. ഞാൻ എന്തെക്കൊയോ അഛനോട്‌ പറഞ്ഞുകൊണ്ടിരുന്നു

രോഗികളുടെ തിരക്കിനിടയിലും ആ ഇടനാഴികളിൽ മൂകത കനം വെച്ചു നിന്നിരുന്നു.. ഒരറ്റത്ത്‌ മരണത്തിന്റെ സ്വാതന്ത്ര്യവും മറ്റേ അറ്റത്തു ജീവിത്തിന്റെ കെട്ടുപാടുകളുമായി
രണ്ടു ദിവസത്തിനകം റിപ്പൊർട്ട്‌ കിട്ടുമെന്ന ഉറപ്പും അടുത്ത അപ്പൊയ്‌മന്റുമായി ഞങ്ങൾ ഇറങ്ങി..വിശന്നു തളർന്ന അഛൻ കാന്റീനിലെ കഞ്ഞി ആസ്വദിച്ചു കഴിച്ചു..ചേട്ടൻ ഓഫീസിലേക്കുള്ള ഓട്ടത്തിലായി..കുറച്ചു നാളായി ഓടിക്കൊണ്ടിരിക്കുകയാണു..പുറത്ത്‌ ജോലിയുള്ള ഞങ്ങൾക്കു വേണ്ടിക്കൂടിയും..പരിഭവമില്ലാതെ... രണ്ടു നാൾ കഴിഞ്ഞ്‌ കിട്ടിയ ഫോൺ കോളിന്റെ അറ്റത്ത്‌ ചേട്ടന്റെ കരച്ചിലായിരുന്നു..ഓങ്കോളജി ഡിപ്പർട്ട്‌മന്റിലേക്ക്‌ റഫർ ചെയ്ത അഛന്റെ അടുത്ത്‌ ഒറ്റക്കായതിന്റെ സങ്കടം... ഒന്ന് തോൾ ചേർക്കാൻ പറ്റാതെ ഒരുപാടു ദൂരത്ത്‌ ഞാനും...

അതെ സംശയം ശരിയായിരുന്നു..അവൻ അപ്പോഴെക്കും പിടിമുറുക്കിയിരുന്നു.. ശ്വാസകോശം കാർന്നുകൊണ്ടു ചുമച്ചു തുപ്പുന്നതെല്ലം ചുവപ്പിച്ചു കൊണ്ട്‌...

കർമ്മം കൊണ്ട്‌ ജീവിതം നിറച്ച അഛനു ട്രീറ്റ്‌മന്റ്‌ സമയത്തെ വിശ്രമം പോലും അസഹനീയമായിരുന്നു.. അഛന്റെ ആഗ്രഹം പോലെ അത്‌ നീണ്ടില്ല..മൂന്നു മാസത്തിനകം നാലു കീമോതെറാപ്പിയുടെ ഭാരവുമേറി അഛൻ യാത്രയായി..ഇടനാഴിയുടെ സ്വതന്ത്ര്യത്തിന്റെ അറ്റത്തെക്കു..

ചിതയടങ്ങി..നൊമ്പരങ്ങൾ അടങ്ങുന്നില്ല...ഇനിയുമേറെയുണ്ട്‌ എഴുതാനാകുന്നില്ല..

1 comment:

siva // ശിവ said...

പ്രിയപ്പെട്ടവരുടെ വേര്‍പാട് എന്നും വിഷമകരം ആയിരിക്കും...